താന്‍ ക്യാപ്റ്റന്‍ ആയാല്‍ എല്ലാവരെക്കൊണ്ടും പണിയെടുപ്പിക്കുമെന്ന് ഫിറോസ് ഖാന്‍; കിടിലം ഫിറോസിന്‍റെ മറുപടി
താന്‍ ക്യാപ്റ്റനായാല്‍ ആരെയും വെറുതെയിരുന്ന് 'പരദൂഷണം' പറയാന്‍ അനുവദിക്കില്ലെന്നും എല്ലാവരെക്കൊണ്ടും പണിയെടുപ്പിക്കുമെന്നും ഫിറോസ് ഖാന്‍
ബിഗ് ബോസ് മലയാളം സീസണ്‍ മൂന്നില്‍ മറ്റു മത്സരാര്‍ഥികളുമായി പലപ്പോഴും തര്‍ക്കങ്ങളില്‍ ഏര്‍പ്പെടാറുള്ള മത്സരാര്‍ഥിയാണ് പൊളി ഫിറോസ് എന്ന ഫിറോസ് ഖാന്‍. ഭാഗ്യലക്ഷ്‍മി, ഡിംപല്‍, സന്ധ്യ, കിടിലം ഫിറോസ്, സായ് തുടങ്ങി ഫിറോസ് ഖാനുമായി വാക്കാലുള്ള സംഘര്‍ഷത്തില്‍ ഏര്‍പ്പെടേണ്ടിവരാത്ത മത്സരാര്‍ഥികള്‍ ഇല്ലെന്നുതന്നെ പറയാം. ഇന്നത്തെ എപ്പിസോഡും ഫിറോസ് ഖാന്‍റെ വാക് തര്‍ക്കങ്ങളിലാണ് സജീവമായത്.
കിച്ചണ്‍ ടീമിലുള്ള സന്ധ്യയുമായി നടന്ന ഒരു തര്‍ക്കത്തിനിടെയാണ് കിടിലം ഫിറോസിനരികിലേക്ക് ഫിറോസ് ഖാന്‍ എത്തുന്നത്. താന്‍ ക്യാപ്റ്റനായാല്‍ ആരെയും വെറുതെയിരുന്ന് 'പരദൂഷണം' പറയാന്‍ അനുവദിക്കില്ലെന്നും എല്ലാവരെക്കൊണ്ടും പണിയെടുപ്പിക്കുമെന്നും ഫിറോസ് ഖാന്‍ പറഞ്ഞു. ഈ സമയത്ത് സന്ധ്യയും ഭാഗ്യലക്ഷ്‍മിയും അവിടെ ഇരിപ്പുണ്ടായിരുന്നു. തന്നെക്കൂടി ലക്ഷ്യമാക്കിയാണ് ഫിറോസ് ഖാന്‍റെ വാക്കുകള്‍ എന്നു മനസിലാക്കിയ ഭാഗ്യലക്ഷ്‍മി കൂടുതല്‍ പ്രശ്‍നങ്ങള്‍ക്കു നില്‍ക്കാതെ അവിടെനിന്ന് എണീറ്റുമാറി. എന്നാല്‍ കൃത്യമായ ചോദ്യങ്ങളോടെ ഫിറോസ് ഖാനെ ഇക്കുറി നേരിടാന്‍ തന്നെയായിരുന്നു കിടിലം ഫിറോസിന്‍റെ തീരുമാനം. തന്നെ ക്യാപ്റ്റനാക്കിയാല്‍ ഉണ്ടാകാവുന്ന കാര്യങ്ങളെക്കുറിച്ചുള്ള ഫിറോസ് ഖാന്‍റെ പ്രസ്താവനയെ രസകരമായാണ് കിടിലം ഫിറോസ് നേരിട്ടത്.
"പല തവണ ക്യാപ്റ്റന്‍സി ടാസ്‍കിലേക്ക് വിട്ടിട്ടും എന്തേ ഇതുവരെ ക്യാപ്റ്റന്‍ ആവാത്തെ? ഒറ്റത്തവണ കൂടി വിടാം. പക്ഷേ ക്യാപ്റ്റന്‍ ആവുമെന്ന് ഉറപ്പുണ്ടോ?" കിടിലം ഫിറോസ് ഫിറോസ് ഖാനോട് ചോദിച്ചു. ഇതില്‍ പ്രകോപിതനായ ഫിറോസ് ഖാന്‍ ബഹളംവെക്കുന്നതിനിടയില്‍ എന്തുകൊണ്ടാണ് താന്‍ എന്തെങ്കിലും ചോദിച്ചാല്‍ മറുപടി പറയാതെ ഓടിപ്പോകുന്നതെന്നും കിടിലം ഫിറോസ് ചോദിച്ചു. എന്നാല്‍ അടുത്തിരുന്ന് സംസാരിക്കാമെന്നു പറഞ്ഞ് സോഫ നീക്കിയിട്ടിരുന്ന ഫിറോസ് ഖാന്‍ കൈ ചൂണ്ടിയാണ് സംസാരം ആരംഭിച്ചത്. "ഞാന്‍ വെല്ലുവിളിക്കുന്നു, ധൈര്യമുണ്ടെങ്കില്‍ എന്നെ ക്യാപ്റ്റന്‍ ആക്കൂ", ഫിറോസ് ഖാന്‍ പറഞ്ഞു. എന്നാല്‍ സംസാരിക്കുമ്പോള്‍ കൈ തന്‍റെ ദേഹത്ത് തൊടരുതെന്ന് രോഷത്തോടെ പറഞ്ഞ കിടിലം ഫിറോസിനും ഫിറോസ് ഖാനുമിടയില്‍ ഗോഗ്വാ വിളികള്‍ ആരംഭിക്കുകയായിരുന്നു. എന്നാല്‍ ഫിറോസ് ഖാനെ പിടിച്ചുമാറ്റാന്‍ പെട്ടെന്നുതന്നെ സജിനയും ക്യാപ്റ്റന്‍ സായിയും എത്തി. അങ്ങനെയാണ് ആ രംഗത്തിന് അവസാനമായത്.