'ഇന്‍സല്‍ട്ട് ചെയ്യല്‍ അല്ല ഗെയിം'; ഫിറോസ് ഖാനോട് ഏറ്റുമുട്ടി കിടിലം ഫിറോസ്
കഴിഞ്ഞ വീക്കിലി ടാസ്‍കില്‍ തോറ്റ ടീമില്‍ നിന്ന് മോശം പ്രകടനത്തിന് രണ്ടു പേരെ ജയിലിലേക്ക് അയക്കാന്‍ തിരഞ്ഞെടുക്കേണ്ട ദിവസമായിരുന്നു ഇന്ന്. ബിഗ് ബോസ് ഹൗസ് അഭിപ്രായവ്യത്യാസങ്ങളുടെ ഒരു യുദ്ധക്കളം തന്നെയായ ദിവസവുമായി ഇന്ന്.
ബിഗ് ബോസ് മലയാളം സീസണ്‍ 3 അന്‍പത് ദിവസങ്ങളിലേക്ക് അടുക്കുമ്പോള്‍ ഇതുവരെ ഉണ്ടായിരുന്നതിന്‍റെ ഇരട്ടിയാണ് ആവേശം. ആദ്യ രണ്ടു സീസണുകളില്‍ നിന്ന് വ്യത്യസ്തമായി ഏതാണ്ടെല്ലാ മത്സരാര്‍ഥികളും തങ്ങളുടെ സാന്നിധ്യം അറിയിക്കുകയും വാശിയോടെ മത്സരിക്കുന്നുമുണ്ട് ഈ സീസണില്‍. കഴിഞ്ഞ വീക്കിലി ടാസ്‍കില്‍ തോറ്റ ടീമില്‍ നിന്ന് മോശം പ്രകടനത്തിന് രണ്ടു പേരെ ജയിലിലേക്ക് അയക്കാന്‍ തിരഞ്ഞെടുക്കേണ്ട ദിവസമായിരുന്നു ഇന്ന്. ബിഗ് ബോസ് ഹൗസ് അഭിപ്രായവ്യത്യാസങ്ങളുടെ ഒരു യുദ്ധക്കളം തന്നെയായ ദിവസവുമായി ഇന്ന്.
ജയില്‍ നോമിനേഷന്‍ നടത്താന്‍ ആദ്യമായി എത്തിയത് ഫിറോസും സജിനയുമാണ്. സന്ധ്യയുടെയും അനൂപിന്‍റെയും പേരുകള്‍ ഫിറോസ് പറയുകയും ചെയ്തു. എന്നാല്‍ രണ്ടാമത് വേദിയിലേക്കെത്തിയ മണിക്കുട്ടന്‍ തോറ്റ ടീമിലെ എല്ലാവരും നല്ല പ്രകടനമാണ് നടത്തിയതെന്നും അതിനാല്‍ ആരുടെയും പേര് നിര്‍ദേശിക്കുന്നില്ലെന്നും പറഞ്ഞു. പിന്നീടെത്തിയ ഡിംപലും ആരുടെയും പേരുകള്‍ പറയുന്നില്ലെന്ന് പറഞ്ഞു. ഇത് ശരിയല്ലെന്ന് പറഞ്ഞ് സംസാരിക്കാനാരംഭിച്ച ഫിറോസ് ഖാനോട് മറ്റുള്ളവര്‍ സംസാരിക്കുമ്പോള്‍ ശല്യപ്പെടുത്തരുതെന്ന് ക്യാപ്റ്റന്‍ സായ് അടക്കം പറയുന്നുണ്ടായിരുന്നു. അനൂപിന്‍റെ പേര് നിര്‍ദേശിക്കാന്‍ നോമിനേഷന്‍ സമയത്ത് ഫിറോസ് ഖാന്‍ പറഞ്ഞ കാരണം മത്സരത്തിനിടെ അനൂപ് തന്നെ ദേഹത്ത് പിടിച്ചു തള്ളി എന്നതായിരുന്നു. എന്നാല്‍ ഫിറോസ് ഖാന്‍ സംസാരിക്കുന്നതിനിടെ തന്‍റെ മുഖത്തേക്ക് തുപ്പല്‍ വന്നതുകൊണ്ടാണ് പിടിച്ചുതള്ളിയതെന്നായിരുന്നു അനൂപിന്‍റെ പ്രതികരണം. ഇതില്‍ രോഷാകുലനായ ഫിറോസ് ഖാന്‍ ബഹളം വെക്കാന്‍ തുടങ്ങിയതോടെ കിടിലം ഫിറോസും ഇതിനെ ചോദ്യം ചെയ്യാന്‍ മുന്നോട്ടുവന്നു.
ഇന്‍സള്‍ട്ട് ചെയ്യല്‍ അല്ല ഗെയിം എന്നും ആരും പ്രതികരിക്കാത്തതുകൊണ്ടാണ് ഫിറോസ് ഖാന്‍ ഇത് പതിവാക്കുന്നതെന്നും കിടിലം ഫിറോസും സമാന ശബ്ദത്തില്‍ തിരിച്ചുപറഞ്ഞു. ഇരുവരും തമ്മിലുള്ള ഗോഗ്വാ വിളിയിലേക്ക് കാര്യങ്ങള്‍ പോയതോടെ നിയന്ത്രിച്ചു നിര്‍ത്താന്‍ ക്യാപ്റ്റന്‍ സായ് ഉള്‍പ്പെടെ കഷ്‍ടപ്പെടുന്നുണ്ടായിരുന്നു. നോമിനേഷന്‍ ചെയ്യാതിരിക്കുന്നത് ബിഗ് ബോസിന്‍റെ നിയമത്തിന് വിരുദ്ധമല്ലേ എന്ന സംശയം അതിനിടെ ഫിറോസ് ഖാന്‍ ചോദിച്ചിരുന്നു. ഈ സംശയം ബിഗ് ബോസ് പിന്നാലെ പരിഹരിക്കുകയും ചെയ്‍തു. എല്ലാവരും ഈരണ്ടു പേരെ ജയിലിലേക്ക് നോമിനേറ്റ് ചെയ്യണമെന്ന് ബിഗ് ബോസ് പറഞ്ഞതോടെ ആരുടെയും പേര് പറയാതിരുന്നവരും ഒരു നോമിനേഷന്‍ അസാധുവാക്കിയവരുമൊക്കെ തിരിച്ചുവന്ന് നോമിനേഷന്‍ പൂര്‍ത്തീകരിച്ചു.