'ഇരട്ടത്താപ്പുകളുടെ രാജകുമാരി' എന്നു വിളിച്ച് അഡോണി; വൈകാരിക പ്രതികരണവുമായി റിതു മന്ത്ര
കഴിഞ്ഞ വാരത്തിലെ സായിയുടെ ക്യാപ്റ്റന്‍സി മോശമാണെന്ന് തന്നോട് സംസാരിച്ച ആള്‍ വീക്കെന്‍ഡ് എപ്പിസോഡില്‍ അതേക്കുറിച്ച് ചോദിച്ചപ്പോള്‍ നിശബ്‍ദത പാലിച്ച കാര്യമാണ് അഡോണി ചൂണ്ടിക്കാട്ടിയത്
ബിഗ് ബോസ് മോണിംഗ് ടാസ്‍കുകളില്‍ പലരും നടത്താറുള്ള വ്യക്തിപരമായ പരാമര്‍ശങ്ങള്‍ വലിയ അഭിപ്രായവ്യത്യാസങ്ങളിലേക്കും വഴക്കുകളിലേക്കും നീളുന്നതിന് പ്രേക്ഷകര്‍ മുന്‍പും സാക്ഷികളായിട്ടുണ്ട്. അത്തരത്തിലുള്ള ചില സംഭവങ്ങള്‍ ഇന്നുമുണ്ടായി. ഈ സീസണില്‍ ടൈറ്റില്‍ വിന്നര്‍ ആയില്ലെങ്കിലും പ്രേക്ഷക മനസ്സുകളില്‍ സ്ഥാനം നേടി പുറത്തേക്ക് പോകുന്നവര്‍ ആരായിരിക്കുമെന്നും തലകുനിച്ച് മടങ്ങേണ്ടവര്‍ ആരായിരിക്കുമെന്നും ഓരോരുത്തരും പറയാനായിരുന്നു ബിഗ് ബോസിന്‍റെ നിര്‍ദ്ദേശം. ബിഗ് ബോസില്‍ നേട്ടമുണ്ടാക്കുന്നയാളായി ഡിംപലിന്‍റെ പേരു പറഞ്ഞ അഡോണി, നെഗറ്റീവ് ആയി അഭിപ്രായം പറഞ്ഞത് റിതു മന്ത്രയെക്കുറിച്ചാണ്.
കഴിഞ്ഞ വാരത്തിലെ സായിയുടെ ക്യാപ്റ്റന്‍സി മോശമാണെന്ന് തന്നോട് സംസാരിച്ച ആള്‍ വീക്കെന്‍ഡ് എപ്പിസോഡില്‍ അതേക്കുറിച്ച് ചോദിച്ചപ്പോള്‍ നിശബ്‍ദത പാലിച്ച കാര്യമാണ് അഡോണി ചൂണ്ടിക്കാട്ടിയത്. ടാസ്‍കിനു ശേഷവും ഇക്കാര്യം പറഞ്ഞ് തര്‍ക്കത്തിലേക്ക് നീങ്ങുന്ന അഡോണിയെയും റിതുവിനെയുമാണ് പ്രേക്ഷകര്‍ കണ്ടത്. കിടിലം ഫിറോസ്, റംസാന്‍, സായ് എന്നിവരും അവര്‍ക്കരികില്‍ ഉണ്ടായിരുന്നു. മോണിംഗ് ടാസ്‍കില്‍ റിതുവിനെക്കുറിച്ച് പറഞ്ഞത് ആവര്‍ത്തിച്ച അഡോണി റിതുവിനെ 'ഇരട്ടത്താപ്പുകളുടെ രാജകുമാരി' എന്നും വിശേഷിപ്പിച്ചു. സ്വന്തം അഭിപ്രായത്തില്‍ ഉറപ്പില്ലാതെ നില്‍ക്കുന്ന ആളാണ് റിതുവെന്നും പറഞ്ഞു. എന്നാല്‍ തന്‍റെ ക്യാപ്റ്റന്‍സിയിലെ നെഗറ്റീവ് ആയ കാര്യങ്ങളെക്കുറിച്ച് റിതു തന്നോട് നേരിട്ട് സംസാരിച്ചിരുന്നെന്ന് സായ് പറഞ്ഞെങ്കിലും അഡോണി അത് മുഖവിലയ്ക്ക് എടുത്തില്ല.
അഡോണിയുമായുള്ള തര്‍ക്കത്തിനു ശേഷം വാഷ് റൂം ഏരിയയില്‍ വിഷമത്തോടെ പോയി ഇരിക്കുന്ന റിതുവിനെയാണ് കണ്ടത്. ക്യാപ്റ്റന്‍ മണിക്കുട്ടന്‍ റിതുവിനെ ആശ്വസിപ്പിക്കാന്‍ അവിടെ എത്തിയിരുന്നു. നേരമ്പോക്കുകളൊക്കെ പറഞ്ഞ് ഫിറോസ് ഖാനും അവിടെ ഉണ്ടായിരുന്നു. എന്നാല്‍ ഒരുവേള സങ്കടം താങ്ങാനാവാതെ റിതു കരഞ്ഞുപോയി. വീക്കിലി ടാസ്‍കില്‍ ഇനിയും പെര്‍ഫോം ചെയ്യാനുള്ളതാണെന്നും കരയരുതെന്നും മണിക്കുട്ടന്‍ പറയുന്നുണ്ടായിരുന്നു. ഫിറോസ് ഖാനും അതുതന്നെ പറഞ്ഞു. പെട്ടെന്ന് കണ്ണീര്‍ തുടച്ച് സാധാരണ നിലയിലേക്ക് മടങ്ങിവന്ന റിതു അഡോണിയുടെ പെരുമാറ്റം തനിക്കുണ്ടാക്കിയ ബുദ്ധിമുട്ടിനെക്കുറിച്ച് വീണ്ടും പറഞ്ഞു.