'അവരുണ്ടാക്കുന്ന ഭക്ഷണം ഞാന്‍ കഴിക്കില്ല'; ഫിറോസിനെതിരെ ബിഗ് ബോസിന് പരാതിയുമായി ഭാഗ്യലക്ഷ്‍മി
ഭാഗ്യലക്ഷ്‍മി ഭക്ഷണം ഉപേക്ഷിച്ചെന്നറിഞ്ഞ് അനൂപ്, നോബി, സായ് എന്നിവരും അടുത്തെത്തി സംസാരിക്കുന്നുണ്ടായിരുന്നു
ബിഗ് ബോസ് മലയാളം സീസണ്‍ 3 ആവേശകരമായി പുരോഗമിക്കുന്നതിനിടെ ഫിറോസ് ഖാന്‍ താനുള്‍പ്പെടെയുള്ളവരെ അപമാനിക്കുന്നുവെന്ന പരാതിയുമായി ഭാഗ്യലക്ഷ്‍മി. ഇത്തവണ കിച്ചണ്‍ ടീമിലാണ് ഫിറോസ് ഖാനും സജിനയും. താന്‍ ക്യാപ്റ്റന്‍ ആയാല്‍ വെറുതെയിരുന്ന് ഭക്ഷണം കഴിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് ഫിറോസ് ഖാന്‍ പറഞ്ഞിരുന്നു. ഭാഗ്യലക്ഷ്‍മി, കിടിലം ഫിറോസ്, സന്ധ്യ എന്നിവര്‍ക്കടുത്ത് വന്നായിരുന്നു ഫിറോസ് ഖാന്‍ ഇത് പറഞ്ഞത്. ഇതിനോട് നേരിട്ട് പ്രതികരിച്ചില്ലെങ്കിലും ഉടന്‍ പുറത്തേക്കുപോയ ഭാഗ്യലക്ഷ്‍മി ബിഗ് ബോസിനോട് പരാതി പറഞ്ഞു.
"ഇപ്പോള്‍ പൊളി ഫിറോസ് പറഞ്ഞത് വെറുതെ സുഖിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നവര്‍ ആണെന്ന്. അവരാണ് ഭക്ഷണത്തിന്‍റെ സെക്ഷന്‍ നോക്കുന്നത്. ആ ഭക്ഷണം ഞാന്‍ കഴിക്കണോ? ആ ഭക്ഷണം ഞാന്‍ കഴിക്കില്ല ബിഗ് ബോസ്", ഭാഗ്യലക്ഷ്‍മി വ്യക്തമാക്കി. ഫിറോസിന്‍റെ വാക്കുകള്‍ തനിക്കുണ്ടാക്കിയ മാനസികപ്രയാസത്തെക്കുറിച്ച് പുറത്തിരുന്ന് സൂര്യയോടും ഭാഗ്യലക്ഷ്‍മി പറയുന്നുണ്ടായിരുന്നു. "അയാള്‍ ഞങ്ങള്‍ മൂന്നുപേരോടും പറഞ്ഞ വാക്ക് തിരിച്ചെടുത്തേ പറ്റൂ. മറ്റുള്ളവര്‍ക്ക് പ്രതിഷേധം ഉണ്ടോയെന്ന് എനിക്കറിയില്ല. സന്ധ്യ ഇത്രയും നേരം അടുക്കളയില്‍ നിന്നിട്ടാണ് അവിടെവന്ന് ഇരുന്നത്. എന്നിട്ടാണ് സന്ധ്യയെയും ചേര്‍ത്ത് അയാള്‍ പറയുന്നത്. ഫിറോസ് ഇത്രയും നേരം ബെഡ്‍റൂമില്‍ നിന്ന് അടിച്ചുവാരിയിട്ടാണ് അവിടെവന്ന് ഒന്നിരുന്നത്. രാവിലെ കിടിലം ഫിറോസ് പറഞ്ഞു ചൊറിച്ചില്‍ ആണ് അയാളുടെ പ്രധാന പണിയെന്ന്. പക്ഷേ ചൊറിച്ചിലിനൊക്കെ ഒരു പരിധിയില്ലേ. ഇത് ചൊറിച്ചിലും കടന്ന് അതിനും അപ്പുറത്തേക്കാണ്", ഭാഗ്യലക്ഷ്‍മി പറഞ്ഞു.
ഭാഗ്യലക്ഷ്‍മി ഭക്ഷണം ഉപേക്ഷിച്ചെന്നറിഞ്ഞ് അനൂപ്, നോബി, സായ് എന്നിവരും അടുത്തെത്തി സംസാരിക്കുന്നുണ്ടായിരുന്നു. പിന്നീട് കിടിലം ഫിറോസും അവിടേക്ക് എത്തി. ഫിറോസ് ഖാനുമായുണ്ടായ തര്‍ക്കം താന്‍ തമാശയായേ എടുത്തുള്ളുവെന്നും ഒരുപാട് ചിരിച്ചെന്നും കിടിലം ഫിറോസ് പറയുന്നുണ്ടായിരുന്നു. എന്നാല്‍ നിലപാടില്‍ ഉഫച്ചുനില്‍ക്കുകയായിരുന്നു ഭാഗ്യലക്ഷ്‍മി. "ടാസ്‍കുകളില്‍ കൂടി കുത്തുമ്പോള്‍ നമ്മള്‍ റിയാക്റ്റ് ചെയ്യാതിരിക്കുമ്പോള്‍ പിന്നെ നേരിട്ടാണ്. ഇത് കേട്ടിട്ടും നാണം കെട്ട് അവിടെ വന്നിരുന്ന് ഭക്ഷണം കഴിക്കാന്‍ എനിക്ക് മനസില്ല. ഞാന്‍ ബിഗ് ബോസിനോട് പരാതി പറഞ്ഞിട്ടുണ്ട്. വെറുതെയിരുന്ന് ഭക്ഷണം കഴിക്കാന്‍ ഇത് അയാളുടെ ഭക്ഷണമല്ല ഇത് എന്നെങ്കിലും അയാള്‍ ഓര്‍ക്കണം. അന്തു പറഞ്ഞാലും ഇവരിരുന്ന് ഉണ്ടിട്ട് പോകുമെന്ന് അവര്‍ വിചാരിക്കരുത്. എന്ത് പറഞ്ഞാലും ഇവര്‍ തമാശയായിട്ടെടുക്കുമെന്നും അയാള്‍ കരുതേണ്ട", ഭാഗ്യലക്ഷ്‍മി പറഞ്ഞു.