പാർലമെൻറ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ഇന്നു മുതൽ; സ്ത്രീകളെ അണിനിരത്തി ശക്തിപ്രകടനത്തിന് കർഷകർ
കാർഷിക വിഷയത്തിൽ ലോക്സഭയിൽ പ്രത്യേക ചർച്ച ആവശ്യപ്പെടാനാണ് കോൺഗ്രസിന്റെ തീരുമാനം. വനിതാദിനത്തിൽ സ്ത്രീ ശാക്തീകരണത്തെക്കുറിച്ചും ലോക്സഭയിൽ ചർച്ച നടക്കും.
ദില്ലി: പാർലമെൻറ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ഇന്ന് തുടങ്ങും. അടുത്ത മാസം എട്ടു വരെയാണ് സമ്മേളനം. കേരളം ഉൾപ്പടെയുളള സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ പാർലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കിയേക്കും. കർഷക സമരം ഒത്തുതീർപ്പാക്കാത്തതിൽ പ്രതിപക്ഷം ഇരുസഭകളിലും പ്രതിഷേധിക്കും.
കാർഷിക വിഷയത്തിൽ ലോക്സഭയിൽ പ്രത്യേക ചർച്ച ആവശ്യപ്പെടാനാണ് കോൺഗ്രസിന്റെ തീരുമാനം. വനിതാദിനത്തിൽ സ്ത്രീ ശാക്തീകരണത്തെക്കുറിച്ചും ലോക്സഭയിൽ ചർച്ച നടക്കും.
കർഷക പ്രക്ഷോഭം നടക്കുന്ന ദില്ലി അതിർത്തികളിൽ മഹിള മഹാപഞ്ചായത്തുകൾ ചേരും. സിംഘു, തിക്രി, ഗാസിപ്പൂർ എന്നിവിടങ്ങളിൽ ആയിരക്കണക്കിന് സ്ത്രീകൾ സംഘടിക്കുമെന്ന് സംയുക്ത കിസാൻ മോർച്ച അറിയിച്ചു. സിംഘുവിൽ രാവിലെ പത്ത് മണിക്കാണ് മഹിള മഹാപഞ്ചായത്ത് തുടങ്ങുക. കെഎഫ്സി ചൗകിൽ നിന്ന് സിംഘു അതിർത്തിയിലേക്ക് വനിതാ മാർച്ചും നടക്കും.