കളമശ്ശേരിയിൽ ഇബ്രാഹിംകുഞ്ഞും, കാസർകോട് കെ എം ഷാജിയും വേണ്ട; നിലപാടറിയിച്ച് ലീഗ് പ്രാദേശിക നേതൃത്വം

മുസ്ലീം ലീഗ് മൽസരിക്കുന്ന എട്ട് ജില്ലകളിലെ ഭാരവാഹികളുമായാണ് നേതൃത്വം വെവ്വേറെ കൂടിക്കാഴ്ച നടത്തിയത്. ഇന്നത്തെ കൂടിക്കാഴ്ച്ചയിലെ നി‍ർദ്ദേശങ്ങൾ അടുത്ത ദിവസം ചേരുന്ന ലീഗ് ഉന്നതാധികാരസമിതി യോഗം ചർച്ച ചെയ്യും.

league local leadership expresses displeasure in fielding ebrahimkunju and k m shaji

കൊച്ചി: കളമശേരിയിൽ ഇബ്രാഹീംകുഞ്ഞിനെയും കാസർകോട് കെ എം ഷാജിയെയും മൽസരിപ്പിക്കാനുള്ള നീക്കത്തിനെതിരെ എതിര്‍പ്പു ശക്തമാക്കി പ്രാദേശിക ലീഗ് നേതൃത്വം. സംസ്ഥാന ലീഗ് നേതൃത്വവുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ജില്ലാ, മണ്ഡലം ഭാരവാഹികൾ എതിര്‍പ്പ് അറിയിച്ചത്. 

എറണാകുളം ജില്ലാ കമ്മിറ്റിയിലെയും കളമശ്ശേരി മണ്ഡലം കമ്മിറ്റിയിലെ ഒരു വിഭാഗം നേതാക്കൾ ആണ് ഇബ്രാഹിംകുഞ്ഞിനേയും മകൻ അബ്‍ദുൽ ഗഫൂറിനെയും കളമശ്ശേരിയിൽ സ്ഥാനാർഥികളാക്കരുതെന്ന ആവശ്യപ്പെട്ടത്. ഇരുവർക്കും ജയസാധ്യത കുറവെന്നും ഇവരുടെ സ്ഥാനാർഥിത്വം മറ്റ് മണ്ഡലങ്ങളിലും ദോഷകരമായി ബാധിക്കുമെന്നും ഇവര്‍  നേതൃത്വത്തെ അറിയിച്ചു. ജില്ലാ പ്രസിഡൻ്റ് അബ്ദുള്‍ മജീദിൻ്റെ പേരും ഇവര്‍ പകരം മുന്നോട്ട് വച്ചു. എന്നാൽ മറു വിഭാഗം ഇബ്രാഹിം കുഞ്ഞിനെ പിന്തുണച്ചു.

മഞ്ഞളാംകുഴി അലി മാറുകയാണെങ്കിൽ യുവ നേതാക്കളെ വേണമെന്ന് പെരിന്തൽമണ്ണ മണ്ഡലം ഭാരവാഹികളും യൂത്ത് ലീഗ് മണ്ഡലം ഭാരവാഹികളും നേതൃത്വത്തോട് ആവശ്യപ്പെട്ടു. കെ എം ഷാജിക്ക് പകരം സിറ്റിംഗ് എംഎൽഎ എൻ എ നെല്ലിക്കുന്നിന് പ്രഥമ പരിഗണന നൽകണമെന്ന് കാസർകോട് ജില്ലാ കമ്മറ്റിയും ആവശ്യപ്പെട്ടു. 

മുസ്ലീം ലീഗ് മൽസരിക്കുന്ന എട്ട് ജില്ലകളിലെ ഭാരവാഹികളുമായാണ് നേതൃത്വം വെവ്വേറെ കൂടിക്കാഴ്ച നടത്തിയത്. ഇന്നത്തെ കൂടിക്കാഴ്ച്ചയിലെ നി‍ർദ്ദേശങ്ങൾ അടുത്ത ദിവസം ചേരുന്ന ലീഗ് ഉന്നതാധികാരസമിതി യോഗം ചർച്ച ചെയ്യും. അതിനുശേഷം പത്താം തീയതിയോടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനാണ് മുസ്ലീം ലീഗ് നേതൃത്വം ആലോചിക്കുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios