തിരികെ വരുന്നു മൺവീടുകളും വൈക്കോൽ മേഞ്ഞ വീടുകളും, ഹംഗറിയിൽ ആവശ്യക്കാരേറെ?
ഈ ചുമരുകൾ പണിതത് 100 വർഷം മുമ്പാണ്, ഇനിയും ഒരു നൂറ് വർഷം അവ അത് പോലെ നിലനിൽക്കും എന്നും ഒരു മൺചുമര് ചൂണ്ടിക്കാട്ടി ആഡം പറയുന്നു.
മൺവീടുകളും വൈക്കോൽ മേഞ്ഞ വീടുകളുമൊന്നും പഴയ കാലത്ത് നമുക്ക് ഒട്ടും അപരിചിതമായിരുന്നില്ല. ഭൂരിഭാഗം വീടുകളും അങ്ങനെ തന്നെയാണ് ഉണ്ടാക്കിയിരുന്നത്. ലോകത്തിന്റെ പല ഭാഗത്തും അത് അങ്ങനെ തന്നെ ആയിരുന്നു. എന്നാൽ, കാലം മാറുന്നതിന് അനുസരിച്ച് വീടുകളുടെ നിർമ്മാണ രീതിയിലും നിർമ്മാണത്തിന് ഉപയോഗിക്കുന്ന സാമഗ്രികളിലും മാറ്റം വന്നു. പക്ഷേ, ഹംഗറിയിൽ ഇപ്പോൾ അതുപോലെ ഉള്ള വീടുകൾ ചെലവ് കുറച്ച് വീണ്ടും നിർമ്മിച്ച് തുടങ്ങിയിരിക്കുകയാണ്.
ബിൽഡറായ ജാനോസ് ഗാസ്പർ ഇത്തരത്തിൽ വീട് നവീകരിക്കുന്ന ആളാണ്. ജോലിത്തിരക്ക് കാരണം നിന്നുതിരിയാൻ നേരമില്ല എന്നാണ് ജാനോസ് പറയുന്നത്. അടുത്ത മൂന്ന് വർഷത്തേക്ക് ജാനോസിനുള്ള ജോലി ഉറപ്പിച്ച് കഴിഞ്ഞു. ഇതുവരെ 200 മൺവീടുകളാണ് ജാനോസ് പണിതത്.
ഇങ്ങനെ വീടുകൾ നിർമ്മിക്കുന്ന ഈ രീതി നിയോലിത്തിക്ക് കാലഘട്ടം മുതലുള്ളതാണ്. ജാനോസിന്റെ കൂടെയുള്ള ആഡം ബിഹാരി പറയുന്നത് തികച്ചും പ്രകൃതിയിൽ നിന്നും കിട്ടുന്ന വസ്തുക്കൾ ഉപയോഗിച്ചു കൊണ്ടാണ് ഈ വീടിന്റെ നിർമ്മാണം എന്നാണ്. ഹംഗറിക്കാർക്ക് തങ്ങളുടെ കയ്യിലും ചുറ്റുവട്ടത്തും ഉള്ളത് വച്ച് എങ്ങനെ വീട് പണിയണം എന്നതിനെ കുറിച്ച് നല്ല ധാരണയുണ്ട് എന്നും ആഡം പറയുന്നു.
ഈ ചുമരുകൾ പണിതത് 100 വർഷം മുമ്പാണ്, ഇനിയും ഒരു നൂറ് വർഷം അവ അത് പോലെ നിലനിൽക്കും എന്നും ഒരു മൺചുമര് ചൂണ്ടിക്കാട്ടി ആഡം പറയുന്നു. ജാനോസാണ് ആഡത്തിനെ മൺവീട് നിർമ്മാണത്തിന് പരിശീലിപ്പിച്ചത്. ഹംഗറിയിൽ എവിടെയും ഇതുപോലെയുള്ള വീടുണ്ടാക്കാനുള്ള മണ്ണ് കാണാം. ഈ തരത്തിലുള്ള വീട് പണിയുന്നത് കൊണ്ട് പ്രകൃതിക്ക് ദോഷങ്ങളൊന്നുമില്ല എന്നും ജാനോസ് പറയുന്നു.
ഇപ്പോഴും ഹംഗറിയിലെ ഏഴിൽ ഒന്ന് ആൾക്കാരും ഇത്തരം വീടുകളിൽ തന്നെയാണ് താമസിക്കുന്നത്. ഗ്രാമ പ്രദേശങ്ങളിലുള്ളവരും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരും എപ്പോഴും ഇത്തരം വീടുകളിൽ തന്നെ ആയിരുന്നു താമസിച്ചിരുന്നത് എന്നും ഇവർ പറയുന്നു.
എന്നാൽ, ഇന്ന് അനേകം പേർ ഇത്തരത്തിലുള്ള വീടുകൾ തെരഞ്ഞെടുക്കുന്നുണ്ട്. ചെലവ് കുറവാണ്. അധികം വസ്തുക്കൾ ആവശ്യമില്ല. ചൂടിനും തണുപ്പിനും ചേർന്നതാണ് മൺവീടുകൾ എന്നിവയെല്ലാമാണ് ഇങ്ങനെയുള്ള വീടുകളുടെ പ്രത്യേകത. അത് തന്നെയാണ് ഇവയ്ക്ക് പ്രിയം വർധിക്കാൻ കാരണം എന്നും ജാനോസ് പറയുന്നു.