'ബൈക്ക് റൈഡർ, ഇടപാടിന് വാട്ട്സാപ്പ് ചാറ്റും ഗൂഗിൾ ലൊക്കേഷനും', എന്നിട്ടും എംഡിഎംഎ കാരിയറെ പൊക്കി പൊലീസ്
ഇപ്പോൾ പിടിയിലായ ശിഹാബുദീനാണ് ഇവരുടെ കാരിയറായി പ്രവർത്തിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ബെംഗളൂരുവിൽ നിന്നും ബൈക്കിലാണ് ഇയാൾ മയക്കുമരുന്ന് കോഴിക്കോട്ടേക്ക് കൊണ്ട് വന്നിരുന്നത്.
കോഴിക്കോട്: കോഴിക്കോട് 300 ഗ്രാം എംഡിഎംഎ പിടികൂടിയ സംഭവത്തിൽ ഒരു പ്രതി കൂടി പിടിയിൽ. ബെംഗളൂരുവിൽ നിന്ന് ലഹരി മരുന്നുകൾ കൊണ്ട് വന്ന് ചേവായൂരിലും , പരിസരപ്രദേശങ്ങളിലും വിൽപന നടത്തുന്ന സംഘവുമായി ബന്ധമുള്ള യുവാവിനെയാണ് പൊലീസ് പൊക്കിയത്. മലയമ്മ സ്വദേശി കോരൻ ചാലിൽ ഹൗസിൽ ശിഹാബുദീൻ. കെ.സി (24) ആണ് അറസ്റ്റിലായത്.
ജൂലൈ 15 നാണ് ഇയാളുമായി ബന്ധമുള്ള കോട്ടപ്പുറം സ്വദേശി ഷിഹാബുദീൻ 300 ഗ്രാം എം.ഡി എം.എ യുമായി കോഴിക്കോട് പിടിയിലായത്. തുടർന്ന് ബെംഗളൂരുവിലെ മയക്കുമരുന്ന് വിൽപനക്കാരനായ അങ്ങാടിപുറം സ്വദേശി മുഹമദ് ഹുസൈനെയും , ഇടനിലക്കാരനായി പ്രവർത്തിച്ച മായനാട് സ്വദേശി രഞ്ജിത്ത് എന്നിവരെയും പിടികൂടിയിരുന്നു. ഇപ്പോൾ പിടിയിലായ ശിഹാബുദീനാണ് ഇവരുടെ കാരിയറായി പ്രവർത്തിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ബെംഗളൂരുവിൽ നിന്നും ബൈക്കിലാണ് ഇയാൾ മയക്കുമരുന്ന് കോഴിക്കോട്ടേക്ക് കൊണ്ട് വന്നിരുന്നത്.
പിടിക്കപെടാതിരിക്കാൻ വാട്ട്സ്ആപ്പിലൂടെ മാത്രം ആയിരുന്നു ഇയാൾ ഇടപാടുകാരുമായി ബന്ധപ്പെട്ടിരുന്നത്. ഗൂഗിൾ ലൊക്കേഷനിലൂടെയും വാട്ട്സ്ആപ്പ് ചാറ്റിലൂടെയും മാത്രം ബന്ധപ്പെട്ടിരിക്കുന്ന ഇയാളെ കുറിച്ച് പിടിയിലായ ആർക്കും വ്യക്തമായ അറിവുണ്ടാകാതിരുന്നതും പൊലീസിനെ ഏറെ കുടുക്കി. ഡാൻസാഫ് സ്ക്വാഡിന്റെ രണ്ടര മാസത്തെ നീരീക്ഷണത്തിനൊടുവിലാണ് ശിഹാബുദീൻ വലയിലായത്. പൊലീസ് പിടികൂടാതിരിക്കാൻ വീട്ടിൽ വരാതെ പലസ്ഥലങ്ങളായി മാറി മാറി താമസിക്കുകയായിരുന്നു.
സ്വർണ്ണ കടത്തുമായി ബന്ധപ്പെട്ട് നെടുമ്പാശേരി എയർപോർട്ടിൽ നിന്ന് കസ്റ്റംസ് പിടികൂടിയതിനും ശിഹാബിനെതിരെ കേസുണ്ട്. അതേസമയം ചേവായൂർ ലഹരി കടത്ത് കേസിൽ ഇത് വരെ നാല് പ്രതികൾ പിടിയിലായി. ഡാൻസാഫ് സബ് ഇൻസ്പെക്ടർ മനോജ് എടയേടത്ത്, എ.എസ്.ഐ അബ്ദുറഹ്മാൻ.കെ. അഖിലേഷ്.കെ, അനീഷ് മൂസേൻവീട്, ജിനേഷ് ചൂലൂർ , സുനോജ് കാരയിൽ, അർജുൻ അജിത്ത് നാർക്കോട്ടിക്ക് സെൽ എസ്.ഐ മാരായ ഗണേശൻ, രതീഷ് കുമാർ, സി.പി. ഒ മാരായ അഖിൽ ഒ, അഖിൽ എ.പി. എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പൊക്കിയത്.
Read More : കൈയ്യിൽ മുക്കുപണ്ടം, ഒരുമാസത്തിനിടെ പണയം വെച്ച് തട്ടിയത് ലക്ഷങ്ങൾ, ഒടുവിൽ 'ചെമ്പ്' തെളിഞ്ഞു, പൊക്കി പൊലീസ്