ആഡംബര ബൈക്കുകളിൽ എംഡിഎംഎ കടത്ത്, യുവാക്കൾ പിടിയിലായത് ലക്ഷങ്ങൾ വിലയുള്ള രാസലഹരിയുമായി
അമർ ജിഹാദാണ് ആദ്യം പിടിയിലായത്. അമർ ജിഹാദിനെ ചോദ്യം ചെയ്തപ്പോഴാണ് ഇയാളുടെ പങ്കാളി ആഷിഫിനെക്കുറിച്ച് എക്സൈസിന് വിവരം കിട്ടുന്നത്.
ചാവക്കാട്: തൃശ്ശൂർ ചാവക്കാട് ആഡംബര ബൈക്കുകളിൽ എംഡിഎംഎ കടത്താൻ ശ്രമിച്ച രണ്ട് യുവാക്കൾ പിടിയിൽ. 105 ഗ്രാം എംഡിഎംഎയാണ് ഇവരിൽനിന്ന് എക്സൈസ് പിടികൂടിയത്. കോഴിക്കോട് ബാലുശ്ശേരി സ്വദേശി 27കാരൻ അമർ ജിഹാദ്, തൃശ്ശൂർ തളിക്കുളം സ്വദേശി 42കാരൻ ആഷിഫ് എന്നിവരാണ് എക്സൈസിന്‍റെ പിടിയിലായത്.
ചാവക്കാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സി. യു. ഹരീഷും സംഘവും ചാവക്കാട് ടൗണിൽ നടത്തിയ തെരച്ചിലിൽ അമർ ജിഹാദാണ് ആദ്യം പിടിയിലായത്. 5 ഗ്രാം എംഡിഎംഎ ഇയാളിൽനിന്ന് കണ്ടെടുത്തു. ബൈക്കിൽ കറങ്ങിനടന്ന് ലഹരി വിൽപ്പന ആയിരുന്നു ലക്ഷ്യം. അമർ ജിഹാദിനെ ചോദ്യം ചെയ്തപ്പോഴാണ് ഇയാളുടെ പങ്കാളി ആഷിഫിനെക്കുറിച്ച് എക്സൈസിന് വിവരം കിട്ടുന്നത്. പിന്നാലെ ഗുരുവായൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തുനിന്ന് 100 ഗ്രാം എംഡിഎംഎയുമായി ആഷിഫിനെയും പിടികൂടി. രണ്ട് പേരിൽനിന്നുമായി പിടിച്ചെടുത്ത ലഹരി മരുന്നിന് 4 ലക്ഷം രൂപ വില വരും. ലഹരി വിറ്റ് ആഡംബര ജീവിതം നയിക്കുകയായിരുന്നു പ്രതികളുടെ രീതി. കോടതിയിൽ ഹാജരാക്കിയ അമർ ജിഹാദിനെയും ആഷിഫിനെയും റിമാൻഡ് ചെയ്തു.
സമാനമായ മറ്റൊരു സംഭവത്തിൽ കൊല്ലം കൊട്ടിയത്ത് 21 കിലോ കഞ്ചാവുമായി ആറു പേർ പിടിയിലായി. തഴുത്തല സ്വദേശികളാണ് അറസ്റ്റിലായത്. തഴുത്തല സ്വദേശികളായ അനൂപ് , രാജേഷ് , രതീഷ് , അജ്മൽ ഖാൻ , അനുരാജ് , ജോൺസൻ എന്നിവരാണ് പിടിയിലായത്. ഡാൻസാഫ് ടീമും കൊട്ടിയം പൊലീസും സംയുക്തമായാണ് പരിശോധന നടത്തിയത്. കൊല്ലം സിറ്റി പോലീസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന് തുടർന്ന് നടത്തിയ പരിശോധനയിൽ പുലർച്ചെ മൂന്നിനാണ് പ്രതികൾ കുടുങ്ങിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം