കാക്കനാട് വാഴക്കാലയിലെ കച്ചവടക്കാരന്റെ മരണത്തിൽ വഴിത്തിരിവ്; മോഷണശ്രമത്തിനിടെയുള്ള കൊലപാതകമെന്ന് പൊലീസ്
കൊച്ചി കാക്കനാട് വാഴക്കാലയിൽ കഴിഞ്ഞ നവംബർ 30 ന് മരിച്ച നിലയിൽ കണ്ടെത്തിയ കച്ചവടക്കാരന്റെ മരണം കൊലപാതകം എന്ന് കണ്ടെത്തിയതായി പൊലീസ്.
കൊച്ചി: കൊച്ചി കാക്കനാട് വാഴക്കാലയിൽ കഴിഞ്ഞ നവംബർ 30 ന് മരിച്ച നിലയിൽ കണ്ടെത്തിയ കച്ചവടക്കാരന്റെ മരണം കൊലപാതകം എന്ന് കണ്ടെത്തിയതായി പൊലീസ്. വാഴക്കാല ഓത്തുപള്ളി റോഡിലെ താമസക്കാരൻ എം എ സലീമിന്റെ മരണത്തിലാണ് വഴിത്തിരിവുണ്ടായിരിക്കുന്നത്. മോഷണ ശ്രമത്തിനിടെ സലീമിനെ കൊലപ്പെടുത്തിയതാണെന്ന് പൊലീസ് സ്ഥിരീകരിക്കുന്നു.
സലീമിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത് നവംബർ 30നാണ്. മരണത്തിൽ സംശയം തോന്നിയതിനെ തുടർന്ന് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷണശ്രമത്തിനിടയിലെ കൊലപാതകം എന്ന് തെളിഞ്ഞത്. കേസിൽ 2 ഇതര സംസ്ഥാന തൊഴിലാളികളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സലീമിന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളാണ് സംഭവത്തിൽ നിർണായക തെളിവായത്.