Bank Robbery : രാത്രി മുഴുവൻ ബാങ്കിൽ ഒളിച്ചിരുന്ന് കവർച്ച, മുൻ ജീവനക്കാരൻ കവർന്നത് 1.6 കിലോ സ്വർണ്ണം
ബാങ്ക് ലോക്കറിൽ നിന്ന് സ്വർണാഭരണങ്ങൾ മോഷണം പോയത് 2021 നവംബറിലായിരുന്നുവെങ്കിലും, തന്റെ ലോക്കറിൽ നിന്ന് ആഭരണങ്ങൾ നഷ്ടപ്പെട്ടതായി ഒരു ഉപഭോക്താവ് അറിയിച്ചതിനെത്തുടർന്ന് ജനുവരി 14 നാണ് ബ്രാഞ്ച് മാനേജർ സംഭവവുമായി ബന്ധപ്പെട്ട് ഔപചാരിക പരാതി രജിസ്റ്റർ ചെയ്തത്.
ഭുവനേശ്വർ: ഒരു രാത്രി മുഴുവൻ ബാങ്കിൽ ഒളിച്ച് കഴിഞ്ഞ് രാവിലെ ബാങ്കിൽ ലക്ഷങ്ങളുടെ സ്വർണ്ണവുമായി (Gold) മുങ്ങി മുൻ ബാങ്ക് ഉദ്യോഗസ്ഥൻ. 1.6 കിലോഗ്രാം സ്വർണ്ണമാണ് ഇയാൾ കവർച്ച ചെയ്തത്. ആരുമറിയാതെയാണ് ഇയാൾ ബാങ്കിൽ കടന്നുകൂടിയത്. ഒഡീഷയിലെ (Odisha) കോരാപുട്ട് ജില്ലയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (State Bank Of India) ലക്ഷ്മിപൂർ ശാഖയിലാണ് സംഭവം.
ബാങ്കിലെ കരാർ ജീവനക്കാരനായ ശേഖർ കുൽദീപ് 2014-നും 2020 ഓഗസ്റ്റിനും ഇടയിൽ എസ്ബിഐ ലക്ഷ്മിപൂർ ശാഖയിൽ ജോലി ചെയ്തിരുന്നു. മോശം പെരുമാറ്റത്തിന്റെ പേരിൽ ഇയാളെ നേരത്തെ സേവനത്തിൽ നിന്ന് നീക്കം ചെയ്തു. ബാങ്ക് ലോക്കറിൽ നിന്ന് സ്വർണാഭരണങ്ങൾ മോഷണം പോയത് 2021 നവംബറിലായിരുന്നുവെങ്കിലും, തന്റെ ലോക്കറിൽ നിന്ന് ആഭരണങ്ങൾ നഷ്ടപ്പെട്ടതായി ഒരു ഉപഭോക്താവ് അറിയിച്ചതിനെത്തുടർന്ന് ജനുവരി 14 നാണ് ബ്രാഞ്ച് മാനേജർ സംഭവവുമായി ബന്ധപ്പെട്ട് ഔപചാരിക പരാതി രജിസ്റ്റർ ചെയ്തത്.
ഇതേത്തുടർന്ന് വെള്ളിയാഴ്ച ബാങ്കിന്റെ ലോക്കറിൽ നിന്ന് 1.6 കിലോയോളം വരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയതായി മാനേജർ പൊലീസിൽ പരാതി നൽകി. ബാങ്കിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കോരാപുട്ട് പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. നവംബർ 30 ന് ഉച്ചയ്ക്ക് ഒരു ജോലിയുടെ പേരിൽ കുൽദീപ് ബാങ്കിൽ പ്രവേശിച്ചുവെന്നും ആരും അറിയാതെ രാത്രിയിൽ ബാങ്കിൽ ഒളിച്ചിരിക്കുകയായിരുന്നുവെന്നും കോരാപുട്ട് എസ്പി വരുൺ ഗുണ്ടുപള്ളി പറഞ്ഞു.
തുടർന്ന് അയാൾ ബാങ്കിലെ കമ്പ്യൂട്ടർ സെർവർ റൂമിൽ ഒളിച്ചു. കുൽദീപ് ഉള്ളതറിയാതെ ബാങ്കിംഗ് സമയം കഴിഞ്ഞ് രാത്രി എട്ട് മണിയോടെ ബാങ്ക് ജീവനക്കാർ ഗേറ്റ് പൂട്ടി. രാത്രിയിൽ, ഒളിച്ചിരുന്ന സ്ഥലത്തുനിന്ന് കുൽദീപ് പുറത്തിറങ്ങി, താക്കോൽ എവിടെയാണെന്ന് മനസ്സിലാക്കി, സ്ട്രോംഗ് റൂമിന്റെയും ലോക്കറിന്റെയും താക്കോൽ എടുക്കാൻ നേരെ ബ്രാഞ്ച് മാനേജരുടെ മുറിയിലേക്ക് പോയി. ഇവിടെ 21 പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ എടുത്ത് ബാങ്കിന്റെ ടോയ്‌ലറ്റിനുള്ളിൽ ഒളിപ്പിച്ചു. അടുത്ത ദിവസം രാവിലെ 10 മണിക്ക് ബാങ്ക് തുറന്നതിന് ശേഷമാണ് അയാൾക്ക് പുറത്തേക്ക് കടക്കാൻ കഴിഞ്ഞതെന്നും എസ്പി പറഞ്ഞു.
ബാങ്കിനുള്ളിലെ എല്ലാ സ്ഥലങ്ങളും ശേഖറിന് അറിയാമായിരുന്നതിനാൽ സ്‌ട്രോങ് റൂമിന്റെയും ലോക്കറിന്റെയും താക്കോൽ കണ്ടുപിടിക്കുകയും ആർക്കും സംശയം തോന്നാത്ത രീതിയിൽ ലോക്കർ കൊള്ളയടിക്കുകയും ചെയ്യുകയായിരുന്നു. പൊലീസ് ബിക്രംപൂർ ഗ്രാമത്തിൽ നിന്ന് ശേഖറിനെ അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയും ചെയ്തു.
മോഷ്ടിച്ച സ്വർണാഭരണങ്ങൾ പൊലീസ് പിടിച്ചെടുത്തു. ഇതുകൂടാതെ 2.95 ലക്ഷം രൂപയും 1.1 ലക്ഷം രൂപ വിലമതിക്കുന്ന വീട്ടുപകരണങ്ങളും
ഇയാളിൽ നിന്ന് പൊലീസ് പിടിച്ചെടുത്തു. മാത്രമല്ല, ഡിസംബറിൽ ലക്ഷ്മിപൂർ പ്രദേശത്ത് ഒരു കെട്ടിടം പണിയുന്നതിനായി അദ്ദേഹം നാല് ലക്ഷത്തോളം രൂപ നിക്ഷേപിച്ചിരുന്നു. ഈ കെട്ടിടവും പിടിച്ചെടുക്കാനുള്ള നീക്കത്തിലാണ് പൊലീസ്.