ഓണ്‍ലൈന്‍ പഠനം; സ്മാർട്ട് ഫോൺ-ടെലിവിഷൻ വില്പനയുടെ പേരിൽ പണം തട്ടുന്ന സംഘങ്ങൾ സജീവം
പ്രമുഖ ഓൺലൈൻ വ്യാപാര കമ്പനികളുടെ പേരിനോട് സാദൃശ്യമുള്ള പേരിട്ടാണ് പല കമ്പനികളുടേയും തട്ടിപ്പ്.
തിരുവനന്തപുരം: പഠനം ഡിജിറ്റിലായതോടെ ഓൺലൈൻ വഴിയുള്ള സ്മാർട്ട് ഫോൺ-ടെലിവിഷൻ വില്പനയുടെ പേരിൽ പണം തട്ടുന്ന സംഘങ്ങൾ സജീവമായി. പ്രമുഖ ഓൺലൈൻ വ്യാപാര കമ്പനികളുടെ പേരിനോട് സാദൃശ്യമുള്ള പേരിട്ടാണ് പല കമ്പനികളുടേയും തട്ടിപ്പ്. അധ്യാപികയായ ഭാര്യക്ക് ഓൺലൈൻ ക്ലാസ് എടുക്കാൻ നല്ലൊരു സ്മാർട് ഫോൺ വാങ്ങാൻ ശ്രമിച്ചാണ് ഭരതന്നൂർ സ്വദേശി ആദർശ് കുടുങ്ങിയത്.
അൻപത് ശതമാനം ഇളവിൽ ഫോൺ നൽകുമെന്നുള്ള ഫോൺ ഡീൽ എന്ന വ്യാപര കമ്പനിയുടെ പരസ്യം കണ്ടാണ് പണം മുൻകൂറായി നൽകിയത്. പണം കൈമാറി ആഴ്ചകൾ പിന്നിട്ടും ഫോൺ കിട്ടിയില്ല. സൈറ്റിലെ നമ്പറിൽ വിളിച്ചപ്പോഴാണ് തട്ടിപ്പ് മനസിലായത്. സൈബർ ഡോമിന് പരാതി നൽകിയ വെള്ളായണി സ്വദേശിയായ മറ്റൊരാൾക്ക് പണംപോയതും സമാന രീതിയിലാണ്.
പ്രശസ്തമായ ഓൺലൈൻ വ്യാപാര സ്ഥാപനമായ ഫ്ലിപ്പ് കാർട്ടാണെന്ന് തെറ്റിദ്ധരിച്ചാണ് പണം നൽകിയത്. പക്ഷെ കമ്പനിയുടെ പേര് ഫ്ലിപ്പികാർട്ട്. ഒറ്റ നോട്ടത്തിൽ വ്യത്യാസം പെട്ടെന്ന് മനസ്സാലിയില്ല. ഇൻസ്റ്റഗ്രാമിൽ കണ്ട സ്മാർട്ട് വാച്ചിനായി ബുക്ക് ചെയ്ത നെടുമങ്ങാട് സ്വദേശിക്ക് കിട്ടിയത് ഒരു ചൈനീസ് ഇയർഫോൺ.
അയ്യായിരം രൂപ മുതൽ പതിനായിരം രൂപവരെയാണ് പലർക്കും പോയത്. ആകർഷകമായ വിലക്കുറവുള്ള പരസ്യങ്ങളാണ് ചതിക്കുഴിയിലേക്കെത്തിക്കുന്നത്. ജൂണിൽ ഓൺലൈൻ ക്ലാസ് തുടങ്ങിയതോടെ സൈബർഡോമിന് കിട്ടുന്നത് ഇത്തരത്തിലുള്ള നിരവധി പരാതികളാണ്. ഉത്തരേന്ത്യ കേന്ദ്രീകരിച്ചുളള സംഘമാണ് തട്ടിപ്പിന് പിന്നിലെന്നാണ് പൊലീസിന് കിട്ടിയ സൂചന.