സ്റ്റാൻഡ് കൈയേറി നിർമിച്ച രക്തസാക്ഷി മണ്ഡപത്തിൽ ബസ് തട്ടിയെന്നാരോപിച്ച് കണ്ടക്ടർക്ക് മർദനം; ട്രിപ്പ് മുടങ്ങി

വിവാദമാവുമെന്ന് കണ്ടതോടെ കണ്ടക്ടറെ സ്ഥലത്തു നിന്ന് മാറ്റി. അനധികൃത നിർമാണത്തിന് നടപടിയെടുക്കാൻ പഞ്ചായത്തോ ട്രിപ്പ് മുടങ്ങിയതിന് പരാതി കൊടുക്കാൻ കെഎസ്ആർടിസിയോ തയ്യാറല്ല.

Built a martyr memorial by encroaching bus stand in idukki and driver beaten for a passenger touching it

ഇടുക്കി: കുമളിയിൽ ബസ് സ്റ്റാൻഡ് കയ്യേറി സിപിഎം നിർമ്മിച്ച രക്തസാക്ഷി സ്തൂപത്തിൽ ബസ് തട്ടിയെന്നാരോപിച്ച് കെ.എസ്.ആർ.ടി.സി കണ്ടക്ടർക്ക് മ‍ർദ്ദനമേറ്റുു. ഇതോടെ പുലർച്ചെ കുമളിയിൽ നിന്നും കോട്ടയത്തേക്ക് പുറപ്പെടേണ്ട കെഎസ്ആർടിസി ബസിന്റെ ട്രിപ്പ് മുടങ്ങി. പാർട്ടി ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായാണ് പഞ്ചായത്തിന്റെ അനുമതിയില്ലാതെ ബസ് സ്റ്റാൻഡിൽ സ്തൂപം സ്ഥാപിച്ചത്.

സി.പി.എം തേക്കടി ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായാണ് കുമളി ബസ് സ്റ്റാന്റ് കൈയ്യേറി രക്തസാക്ഷി സ്തൂപം നിർമിച്ചത്. പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ കെ.എസ്.ആർ.ടി.സി ബസുകൾ പാർക്ക് ചെയ്യുന്നതിനായി നീക്കിയിട്ടിരിക്കുന്ന സ്ഥലത്താണിത് നിർമ്മിച്ചിരിക്കുന്നത്. പുലർച്ചെ സർവ്വീസ് നടത്താൻ എത്തിയ കെ.എസ്.ആർ.ടി.സി ബസ് സ്തുപം തട്ടിമറിച്ചു എന്നാരോപിച്ച് സിപിഎം പ്രവർത്തകർ ബസ് സ്റ്റാന്റിൽ സംഘടിച്ചെത്തി കെഎസ്ആർടിസി കണ്ടക്ടറെ മർദ്ദിച്ചു. ഇതോടെ മികച്ച കളക്ഷൻ നേടുന്ന കെഎസ്ആർടിസി ബസിന്റെ സർവീസ് മുടങ്ങി. 

അതേസമയം പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ജീവനക്കാരനെ സംഭവം വിവാദമാകുമെന്നറിഞ്ഞതോടെ സിപിഎം പ്രാദേശിക നേതാക്കൾ ഇടപെട്ട് സ്ഥലത്തു നിന്ന് മാറ്റി. ബസിലേക്ക് കയറിയ യാത്രക്കാരന്റെ കൈ തട്ടിയാണ് സ്തൂപത്തിന്റെ ഭാഗം മറിഞ്ഞത്. അനുമതിയില്ലാതെയാണ് നിർമ്മാണം നടത്തിയതെന്നാണ് പഞ്ചായത്ത് സെക്രട്ടറിയുടെ വിശദീകരണം. എന്നാൽ നടപടിയൊന്നുമെടുക്കാൻ തയ്യാറല്ല.

സംഭവത്തിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നാണ് കുമളി ഡിപ്പോ അധികൃതരുടെ വിശദീകരണം. അതേസമയം ട്രിപ്പ് മുടങ്ങിയതുമായി ബന്ധപ്പെട്ട പരാതി നൽകാൻ കെ.എസ്.ആർ.ടി.സി അധികൃതരും തയ്യാറായിട്ടില്ല. സ്തൂപങ്ങൾ സ്ഥാപിച്ചതോടെ കെ.എസ്.ആർ.ടി.സി ബസുകൾക്ക് പാർക്ക് ചെയ്യാൻ ഇടമില്ലാതാകുകയും ചെയ്തു. മണ്ഡലകാലം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ കുമളിയിൽ തിരക്കും വർദ്ധിച്ചിട്ടുണ്ട്. കെഎസ്ആർടിസി ദീർഘദൂര സർവ്വീസ് ബസുകൾ ഉൾപ്പെടെ പാർക്ക് ചെയ്യാൻ സ്ഥലമില്ലാത്തതിനാൽ ജീവനക്കാരും യാത്രക്കാരും ബുദ്ധിമുട്ടുമ്പോഴാണ് സിപിഎമ്മിന്റെ നടപടി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios