തർക്കം പരിഹരിക്കാനെത്തി പൊലീസ് സ്റ്റേഷനിൽ വച്ച് ശിവസേനാ നേതാവിനെ വെടിവച്ച് ബിജെപി എംഎൽഎ
ഹിൽ ലൈൻ പൊലീസ് സ്റ്റേഷനിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ക്യാബിനിൽ വച്ചായിരുന്നു വെടിവയ്പ് നടന്നത്. ദീർഘകാലമായി നിലനിന്നിരുന്ന വസ്തു തർക്കത്തിന്റെ തുടർച്ചയാണ് വെടിവയ്പിൽ കലാശിച്ചത്
മുംബൈ: ശിവസേനാ നേതാവിനെ പൊലീസ് സ്റ്റേഷനിൽ വച്ച് വെടിവച്ച് ബിജെപി എംഎൽഎ. ശിവസേനാ നേതാവായ മഹേഷ് ഗെയ്ക്ക്വാദിനാണ് പൊലീസ് സ്റ്റേഷനിൽ വച്ച് വെടിയേറ്റത്. ബിജെപി എംഎൽഎയായ ഗണ്പത് ഗെയ്ക്ക്വാദാണ് വെടിയുതിർത്തത്. ഹിൽ ലൈൻ പൊലീസ് സ്റ്റേഷനിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ക്യാബിനിൽ വച്ചായിരുന്നു വെടിവയ്പ് നടന്നത്. ദീർഘകാലമായി നിലനിന്നിരുന്ന വസ്തു തർക്കത്തിന്റെ തുടർച്ചയാണ് വെടിവയ്പിൽ കലാശിച്ചത്.
പൊലീസ് സ്റ്റേഷനിൽ എത്തിയ ഇരു വിഭാഗങ്ങളും തമ്മിൽ വാക്ക് തർക്കമുണ്ടായി. ഇതിനിനെ ഗണ്പത് ഗെയ്ക്ക്വാദ് നാല് റൌണ്ട് വെടി മഹേഷ് ഗെയ്ക്ക്വാദിന് നേരെ വയ്ക്കുകയായിരുന്നു. ശിവ സേനാ എംഎൽഎയായ രാഹുൽ പാട്ടീലിനും വെടിവയ്പിൽ പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ ശിവസേനാ നേതാക്കൾക്ക് താനെയിലെ ജൂപ്പിറ്റർ ആശുപത്രിയിൽ ചികിത്സ പുരോഗമിക്കുകയാണ്. വെടിവയ്ക്കാനുപയോഗിച്ച തോക്ക് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ഗണ്പത് ഗെയ്ക്ക്വാദിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട് . പരിക്കേറ്റ മഹേഷ് ഗെയ്ക്ക്വാദിനെ ആദ്യം മിരാ ആശുപത്രിയിലും പിന്നീട് ആരോഗ്യനില മോശമായതിന് പിന്നാലെയാണ് ജൂപ്പിറ്റർ ആശുപത്രിയിലേക്കും മാറ്റിയത്. അഞ്ച് വെടിയുണ്ടകളാണ് ശിവസേനാ നേതാവിന്റെ ശരീരത്തിൽ നിന്ന് ലഭിച്ചത്. മഹാരാഷ്ട്രയിൽ കാട്ട് നീതിയാണ് നടക്കുന്നതെന്നാണ് ശിവസേനാ വക്താവ് ആനന്ദ് ദുബൈ ആരോപിച്ചു. കല്യാണ്‍ ഈസ്റ്റ് നിയോജക മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് ഗണ്പത് ഗെയ്ക്ക്വാദ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം