യുവാവിനെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണ്ണം കവര്‍ന്ന സംഭവം; അഞ്ച് പേര്‍ പിടിയിൽ
കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്വര്‍ണ്ണാഭരണ നിര്‍മ്മാണ ശാലയില്‍ നിന്നും ജ്വല്ലറികളിലേക്ക് കൊണ്ട് വന്ന സ്വര്‍ണ്ണമാണ് പ്രതികള്‍ കവര്‍ന്നത്.
മലപ്പുറം: മലപ്പുറം താനൂരില്‍ മഹാരാഷ്ട്ര സ്വദേശിയായ യുവാവിനെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണ്ണം കവര്‍ന്ന സംഭവത്തില്‍ പ്രതികൾ പിടിയിൽ. അഞ്ച് പേരാണ് പൊലീസിന്റെ പിടിയിലായത്. കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്വര്‍ണ്ണാഭരണ നിര്‍മ്മാണ ശാലയില്‍ നിന്നും ജ്വല്ലറികളിലേക്ക് കൊണ്ട് വന്ന സ്വര്‍ണ്ണമാണ് പ്രതികള്‍ കവര്‍ന്നത്.
വ്യാഴാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം നടന്നത്. മലപ്പുറം ജില്ലയിലെ ജ്വല്ലറികളില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ നല്‍കാനായി ബൈക്കില്‍ എത്തിയ മഹാരാഷ്ട്രാ സ്വദേശി മഹേന്ദ്ര സിംഗ് റാവുവിനെ അക്രമിച്ചാണ് കാറിലെത്തിയ സംഘം സ്വര്‍ണ്ണം കവര്‍ന്നത്. മഞ്ചേരിയില്‍ സ്വര്‍ണ്ണം നല്‍കിയ ശേഷം ബൈക്കില്‍ കോട്ടക്കല്‍ ഭാഗത്തേക്ക് വരികയായിരുന്നു ഇയാള്‍. താനൂരില്‍ പുതിയതായി തുടങ്ങുന്ന ജ്വല്ലറിയിലേക്ക് സ്വര്‍ണ്ണം ആവശ്യമുണ്ടെന്നും ഇക്കാര്യം സംസാരിക്കാനുണ്ടെന്നും പറഞ്ഞ് അജ്ഞാതന്‍റെ ഫോണ്‍ സന്ദേശമെത്തി. ഇയാള്‍ പറഞ്ഞതനുസരിച്ച് ഒഴൂരിലെ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോള്‍ കാറിലെത്തിയ സംഘം മഹേന്ദ്ര സിംഗ് റാവുവിനെ മര്‍ദിച്ച ശേഷം സ്വര്‍ണ്ണം കവരുകയായിരുന്നുവെന്നാണ് പരാതി. സ്വര്‍ണ്ണാഭരണ നിര്‍മ്മാണ ശാലയുടെ പാര്‍ട്ണറായ പ്രവീണ്‍ സിംഗ് വെള്ളിയാഴ്ച രാത്രിയിലാണ് താനൂര്‍ പൊലീസില്‍ ഇത് സംബന്ധിച്ച പരാതി നല്‍കിയത്. രണ്ട് കിലോഗ്രാം സ്വര്‍ണ്ണവും 43 ഗ്രാം തങ്കവുമാണ് നഷ്ടമായതെന്ന് പരാതിയില്‍ പറയുന്നു.