വിമാനയാത്രയ്ക്കിടെ 14വയസുകാരിക്ക് മുന്നിൽ സ്വയംഭോഗമെന്ന് പരാതി, ഒടുവിൽ ഇന്ത്യൻ വംശജനായ ഡോക്ടറെ വെറുതെ വിട്ടു
മൂന്ന് ദിവസം നീണ്ട വിചാരണയ്ക്ക് ശേഷമാണ് യുവ ഡോക്ടർ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് കോടതി കണ്ടെത്തിയത്.
ബോസ്റ്റൺ: വിമാനയാത്രയ്ക്കിടെ 14 വയസുകാരിയായ സഹയാത്രികയ്ക്ക് മുന്നിൽ വച്ച് സ്വയം ഭോഗം ചെയ്തെന്ന കുറ്റത്തിന് അറസ്റ്റിലായ ഇന്ത്യൻ വംശജനായ ഡോക്ടറെ വെറുതെ വിട്ടു. 33 കാരനായ ഡോ സുദീപ്ത മൊഹന്തിയേയാണ് ബോസ്റ്റണിലെ വിചാരണക്കോടതി വെറുതെ വിട്ടത്. മൂന്ന് ദിവസം നീണ്ട വിചാരണയ്ക്ക് ശേഷമാണ് യുവ ഡോക്ടർ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് കോടതി കണ്ടെത്തിയത്.
ബോസ്റ്റണിലെ ബെത്ത് ഇസ്രയേൽ ഡീക്കൺസ് മെഡിക്കൽ സെന്ററിലെ ഡോക്ടറാണ് സുദീപ്ത. 2022 മെയ് മാസത്തിൽ ഹോണോലുലുവിൽ നിന്ന് ബോസ്റ്റണിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം നടന്നതെന്നായിരുന്നു കൌമാരക്കാരിയുടെ പരാതി. ഹവായിയൻ എയർലൈൻസിലെ സഹയാത്രിക ആയിരുന്നു യുവ ഡോക്ടർക്കെതിരെ പരാതിയുമായി എത്തിയത്. പ്രതിശ്രുത വധുവുമൊന്നിച്ചുള്ള യാത്രയ്ക്കിടെയായിരുന്നു 14കാരി യുവ ഡോക്ടർക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്.
കഴുത്ത് വരെ മൂടിപ്പുതച്ചിരുന്ന സഹയാത്രികൻ സ്വയം ഭോഗം ചെയ്തതായി ആരോപിച്ച് തൊട്ടടുത്തെ ഒഴിഞ്ഞ സീറ്റിലേക്ക് മാറിയിരുന്ന 14കാരി വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ വിവരം ഒപ്പമുണ്ടായിരുന്നവരെ അറിയിക്കുകയായിരുന്നു. പിന്നാലെയാണ് ഡോക്ടറെ പൊലീസ് പിടികൂടിയത്. എന്നാൽ തെറ്റായ ആരോപണം നേരിടേണ്ടി വരുന്നത് ഹൃദയഭദകമാണെന്നും മുഴുവൻ ജീവിതവും ഒരു ഡോക്ടറെന്ന നിലയിലാണ് മറ്റുള്ളവരെ സമീപിച്ചിട്ടുള്ളതെന്നുമാണ് യുവ ഡോക്ടർ കോടതിയിൽ നൽകിയിരിക്കുന്ന മൊഴി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം