ബോംബ് എറിഞ്ഞ് പിന്നാലെ ഇരുമ്പ് വടിക്ക് ആക്രമണം, വാടകക്കാരനേയും ഉടമയേയും അക്രമിച്ച 25കാരന്‍ പിടിയിൽ
നാടൻ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ഇരുമ്പുപൈപ്പ് കൊണ്ട് വീട്ടുടമയുടെ ബൈക്ക് അടിച്ചു തകർക്കുകയായിരുന്നു.
തിരുവനന്തപുരം: വാടകക്കാരനെതിരെയും വീട്ടുടമയ്ക്കെതിരെയും ബോംബെറിഞ്ഞ് അക്രമം നടത്തിയ കേസിൽ പ്രതി പിടിയിൽ. ആറ്റിങ്ങൽ ചിറ്റാറ്റിൻകര വേലാൻകോണം ശിവശക്തി വീട്ടിൽ റപ്പായി എന്ന ശ്രീനാഥ് (25) ആണ് പിടിയിലായത്. കഴിഞ്ഞ 29ന് രാത്രി ഏഴിന് വക്കം പാട്ടുവിളാകം ശ്രീനാരായണ ലൈബ്രറിക്കു മുന്നിലാണ് അക്രമണം നടന്നത്.
വടക്കേവീട്ടിൽ വാടകക്ക് താമസിക്കുന്ന കൊട്ടാരക്കര നെടുവത്തൂർ ഇടയലഴികത്തു വീട്ടിൽ വിപിൻകുമാറിനെയും വീട്ടുടമസ്ഥൻ വടക്കേവീട്ടിൽ വിജയനെയുമാണ് ശ്രീനാഥ് ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ചത്. നാടൻ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ഇരുമ്പുപൈപ്പ് കൊണ്ട് വീട്ടുടമയുടെ ബൈക്ക് അടിച്ചു തകർക്കുകയായിരുന്നു.
കടയ്ക്കാവൂർ എസ്.എച്ച്.ഒ സജിൻ, സബ് ഇൻസ്പെക്ടർ സജിത്ത്.എസ്, എ.എസ്.ഐമാരായ ശ്രീകുമാർ, രാജീവ്, ജയപ്രസാദ്, എസ്.സി.പി.ഒ സിയാദ് എന്നിവർ ഉൾപ്പെട്ട സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ വർക്കല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
സമാനമായ മറ്റൊരു സംഭവത്തില്‍ കണ്ണൂർ മുഴപ്പാലയിൽ ബി ജെ പി പ്രവർത്തകന്റെ ബൈക്ക് തീവെച്ച് നശിപ്പിച്ചിരുന്നു. മുഴപ്പാല കൈതപ്രം റിജിലിന്റെ ബൈക്കാണ് അജ്ഞാതർ തീവെച്ച് നശിപ്പിച്ചത്. ഇന്നലെ പുലർച്ചെ 2.30 ഓടെയായിരുന്നു സംഭവം. വീട്ടു മുറ്റത്ത് നിർത്തിയിട്ടതായിരുന്നു ബൈക്ക്. സിപിഎം പ്രവർത്തകരാണ് ആക്രമത്തിന് പിന്നിലെന്ന് റിജിൽ ആരോപിച്ചു. സംഭവത്തിൽ ചക്കരക്കൽ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.