ടേക്ക് ഓഫിനിടെ വൻ ശബ്ദം, റണ്‍വേയിലെ പുല്ലിൽ തീ; ആകാശത്ത് പല തവണ വട്ടം ചുറ്റി, മിനിറ്റുകൾക്കകം എമർജൻസി ലാൻഡിങ്

റണ്‍വേയിലെ പുല്ലില്‍ തീപടര്‍ന്നതിനെ തുടര്‍ന്ന് കനത്ത പുക ഉയര്‍ന്നു. 

Qantas Flight makes emergency landing due to engine failure just minutes after take off

സിഡ്നി: പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകം വിമാനത്തിന് എമര്‍ജന്‍സി ലാന്‍ഡിങ്. സിഡ്നിയില്‍ നിന്ന് ബ്രിസ്ബനിലേക്ക് പറന്ന ക്വാണ്ടാസ് വിമാനമാണ് അടിയന്തരമായി നിലത്തിറക്കിയത്.

എഞ്ചിന്‍ തകരാര്‍ മൂലമാണ് എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയതെന്നാണ് വിവരം. വിമാനം ടേക്ക് ഓഫ് ചെയ്യുമ്പോള്‍ തന്നെ യാത്രക്കാര്‍ വലിയൊരു ശബ്ദം കേട്ടിരുന്നതായി പറയുന്നു. വിമാനം ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെ റണ്‍വേയിലെ പുല്ലുകളില്‍ തീപടര്‍ന്നുപിടിച്ചു. എഞ്ചിന്‍ തകരാറിനെ തുടര്‍ന്നുയര്‍ന്ന തീപ്പൊരിയാണ് പുല്ലിലേക്ക് പടര്‍ന്നതെന്നാണ് സംശയം. ഇക്കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. 

ക്യുഎഫ്520 വിമാനമാണ് എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കിയത്. എമര്‍ജന്‍സി ലാന്‍ഡിങിന് മുമ്പ് വിമാനം ആകാശത്ത് പല തവണ വട്ടം ചുറ്റി. ക്വാണ്ടാസിലെ എഞ്ചിനീയര്‍മാര്‍ വിമാനത്തില്‍ പ്രാഥമിക പരിശോധന നടത്തിയതായും എഞ്ചിന്‍ തകരാര്‍ ആണ് കാരണമെന്ന് സ്ഥിരീകരിച്ചതായും എയര്‍ലൈന്‍ വ്യക്തമാക്കി. യാത്രക്കാര്‍ വലിയൊരു ശബ്ദം കേട്ടെന്നും എന്നാല്‍ അത് സ്ഫോടനം ആയിരുന്നില്ലെന്നും എയര്‍ലൈന്‍ കൂട്ടിച്ചേര്‍ത്തു. 

Read Also -  നറുക്കെടുപ്പിൽ സമ്മാനമായി ലഭിച്ചത് 81 ലക്ഷത്തിന്‍റെ ആഢംബര കാര്‍; മകൾക്ക് നല്‍കുമെന്ന് നാസർ, ഇത് ആദ്യ വിജയം

വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ റണ്‍വേയിലെ പുല്ലില്‍ തീപടര്‍ന്നതിനെ തുടര്‍ന്ന് ഉയര്‍ന്ന കനത്ത പുക ദൃശ്യങ്ങളില്‍ കാണാം. എഞ്ചിന്‍ തകരാറാണ് പുല്ലില്‍ തീപടരാന്‍ കാരണമായതെന്നും അഗ്നിശമനസേന തീ ഉടന്‍ തന്നെ നിയന്ത്രണവിധേയമാക്കിയതായും സര്‍ക്കാര്‍ ഏവിയേഷന്‍ റെഗുലേറ്ററായ എയര്‍സര്‍വീസസ് ഓസ്ട്രേലിയ അറിയിച്ചു. വിമാനം എമര്‍ജന്‍സി ലാന്‍ഡിങ് നടത്തുന്നതിനായി 47 മിനിറ്റോളും സിഡ്നി വിമാനത്താവളത്തില്‍ നിയന്ത്രണം ഉണ്ടായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.  

Latest Videos
Follow Us:
Download App:
  • android
  • ios