ഹാരിസ് റൗഫിന് അഞ്ച് വിക്കറ്റ്! ഓസീസിനെ കുഞ്ഞന്‍ സ്‌കോറില്‍ എറിഞ്ഞിട്ട് പാകിസ്ഥാന്‍
സ്‌കോര്‍ സൂചിപ്പിക്കും പോലെ തകര്‍ച്ചയോടെയായിരുന്നു ഓസീസിന്റെ തുടക്കം.
അഡ്‌ലെയ്ഡ്: പാകിസ്ഥാനെതിരായ രണ്ടാം ഏകദിത്തില്‍ 163ന് പുറത്തായി ഓസ്‌ട്രേലിയ. അഡ്‌ലെയ്ഡ് ഓവലില്‍ എട്ട് ഓവറില്‍ 29 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് നേടിയ ഹാരിസ് റൗഫാണ് ഓസീസിനെ തകര്‍ത്തത്. ഷഹീന്‍ അഫ്രീദിക്ക് മൂന്ന്് വിക്കറ്റുണ്ട്. 35 റണ്‍സ് നേടിയ സ്റ്റീവന്‍ സ്മിത്താണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഓസ്‌ട്രേലിയ 1-0ത്തിന് മുന്നിലാണ്. അഡ്‌ലെയ്ഡില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാന്‍, ആതിഥേയരെ ബാറ്റിംഗിനയക്കുകയായിരുന്നു.
സ്‌കോര്‍ സൂചിപ്പിക്കും പോലെ തകര്‍ച്ചയോടെയായിരുന്നു ഓസീസിന്റെ തുടക്കം. സ്‌കോര്‍ബോര്‍ഡില്‍ 21 റണ്‍സ് മാത്രമുള്ളപ്പോള്‍ ജേക്ക് ഫ്രേസര്‍-മക്ഗുര്‍കിന്റെ (13) വിക്കറ്റ് ഓസീസിന നഷ്ടമായി. അഫ്രീദിയുടെ പന്തില്‍ വിക്കറ്റില്‍ മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. പിന്നാലെ സഹ ഓപ്പണര്‍ മാത്യൂ ഷോര്‍ട്ടും മടങ്ങി. 19 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. സ്മിത്ത് - ജോഷ് ഇന്‍ഗ്ലിസ് (18) സഖ്യം പനേരിയ പ്രതീക്ഷ നല്‍കിയെങ്കിലും കാര്യമുണ്ടായില്ല. ഇന്‍ഗ്ലിസിനെ ഹാരിസ് പുറത്താക്കി. മത്സരത്തില്‍ താരത്തിന്റെ ആദ്യ വിക്കറ്റായിരുന്നു അത്.
പിന്നീടെത്തിയവരെല്ലാം ഹാരിസിന്റെ പേസിന് മുന്നില്‍ കീഴടങ്ങി. ഇതിനിടെ സ്മിത്തിനെ, മുഹമ്മദ് ഹസ്‌നൈന്‍ പുറത്താക്കി. മര്‍നസ് ലബുഷെയ്ന്‍ (6), ആരോണ്‍ ഹാര്‍ഡി (14), ഗ്ലെന്‍ മാക്‌സ്‌വെല്‍ (16), പാറ്റ് കമ്മിന്‍സ് (13) എന്നിവരെയാണ് ഹാരിസ് മടക്കിയത്. വാലറ്റത്ത് ആഡം സാംപ (18) നടത്തിയ പോരാട്ടമാണ് സ്‌കോര്‍ 150 കടത്തിയത്. മിച്ചല്‍ സ്റ്റാര്‍ക്കിനെ (1) നസീം ഷാ മടക്കി. ജോഷ് ഹേസല്‍വുഡ് (2) പുറത്താവാതെ നിന്നു.
മറുപടി ബാറ്റിംഗ് ആരംഭിച്ച പാകിസ്ഥാന്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 5.2 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 20 റണ്‍സെടുത്തിട്ടുണ്ട്. സെയിം അയൂബ് (6), അബ്ദുള്ള ഷെഫീഖ് (7) എന്നിവരാണ് ക്രീസില്‍.