ഓസീസ് വമ്പ് തകര്‍ത്ത് ഇന്ത്യ; ഓവലില്‍ ത്രസിപ്പിക്കുന്ന ജയം

വാര്‍ണറും സ്‌മിത്തും ക്യാരിയും അര്‍ദ്ധ സെഞ്ചുറി നേടിയെങ്കിലും ഇന്ത്യ അവസാന ഓവറുകളില്‍ പിടിമുറുക്കുകയായിരുന്നു. 

India won by 36 Runs vs Australia

ഓവല്‍: ലോകകപ്പില്‍ ബാറ്റിംഗിലും ബൗളിംഗിലും കത്തി ജ്വലിച്ച് ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് 36 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയം. ഇന്ത്യയുടെ 352 റണ്‍സ് പിന്തുടര്‍ന്ന ഓസ്‌ട്രേലിയ അവസാന പന്തില്‍ 316ന് ഓള്‍ഔട്ടായി. വാര്‍ണറും സ്‌മിത്തും ക്യാരിയും അര്‍ദ്ധ സെഞ്ചുറി നേടിയെങ്കിലും ഇന്ത്യ ബൗളിംഗില്‍ പിടിമുറുക്കുകയായിരുന്നു. ഭുവിയും ബുമ്രയും മൂന്ന് വീതവും ചാഹല്‍ രണ്ടും വിക്കറ്റും നേടി. നേരത്തെ, ധവാനടക്കമുള്ള താരങ്ങളുടെ ബാറ്റിംഗ് മികവാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. സ്‌കോര്‍: ഇന്ത്യ- 352-5 (50), ഓസ്‌ട്രേലിയ- 316-10 (50)

മറുപടി ബാറ്റിംഗില്‍ വാര്‍ണറും ഫിഞ്ചും സാവധാനമാണ് തുടങ്ങിയത്. ഫിഞ്ചിനെ(36) ഹാര്‍ദിക് റണ്‍ഔട്ടാക്കി. 56 റണ്‍സെടുത്ത വാര്‍ണറെ ചഹാല്‍ ഭുവിയുടെ കൈകളിലെത്തിച്ചു. സ്‌മിത്തിനൊപ്പം കൂട്ടുകെട്ടുണ്ടാക്കിയ ഖവാജയെ 37-ാം ഓവറില്‍ ബുമ്ര ബൗള്‍ഡാക്കിയതോടെ വീണ്ടും ട്വിസ്റ്റ്. 40-ാം ഓവര്‍ എറിയാനെത്തിയ ഭുവി കളി മാറ്റി. സ്‌മിത്ത്(69) എല്‍ബിയിലും സ്റ്റോയിനിസ്(0) ബൗള്‍ഡുമായി. 

ചാഹലിന്‍റെ തൊട്ടടുത്ത ഓവറിലെ നാലാം പന്തില്‍ മാക്‌സ്‌വെല്‍(28) ജഡേജയുടെ പറക്കും ക്യാച്ചില്‍ വീണു. കഴിഞ്ഞ മത്സരത്തിലെ വീരന്‍ കോള്‍ട്ടര്‍ നൈല്‍ നേടിയത് നാല് റണ്‍സ്. ഓസീസിന് ജയിക്കാന്‍ 24 പന്തില്‍ 62 റണ്‍സ് വേണമെന്നായി. ഇതിനിടെ കമ്മിന്‍സും(8) സ്റ്റാര്‍ക്കും(3) പുറത്തായി. 50-ാം ഓവറിലെ അവസാന പന്തില്‍ സാംപ(1) പുറത്തായപ്പോള്‍ ക്യാരി(35 പന്തില്‍5 5) പുറത്താകാതെ നിന്നു. 

ടോസ് നേടി ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ അഞ്ച് വിക്കറ്റിനാണ് 352 റണ്‍സെടുത്തത്. ബാറ്റെടുത്തവരെല്ലാം തിളങ്ങിയപ്പോള്‍ ധവാന്‍(117) കോലി(82), രോഹിത്(57), പാണ്ഡ്യ(48), ധോണി(27) എന്നിങ്ങനെയായിരുന്നു സ്‌കോര്‍. ഓവലില്‍ കരുതലോടെ ഓപ്പണര്‍മാര്‍ തുടങ്ങി. രോഹിതിനെ വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിയുടെ കൈകളിലെത്തിച്ച് കോള്‍ട്ടര്‍ നൈലാണ് 127 റണ്‍സ് കൂട്ടുകെട്ട് പൊളിച്ചത്. 

എന്നാല്‍ അടിതുടര്‍ന്ന ധവാന്‍ 95 പന്തില്‍ 17-ാം ഏകദിന സെഞ്ചുറിയിലെത്തി. 36-ാം ഓവറില്‍ ധവാനെ സ്റ്റാര്‍ക്ക് പുറത്താക്കി. പിന്നാലെ കോലിക്കൊപ്പം ഹാര്‍ദിക് വെടിക്കെട്ട്. 46-ാം ഓവറില്‍ പുറത്താകുമ്പോള്‍ 27 പന്തില്‍ 48 റണ്‍സെടുത്തിരുന്നു ഹാര്‍ദിക്. 14 പന്തില്‍ 27 റണ്‍സെടുത്ത ധോണിയും ലോകേഷ് രാഹുലും(മൂന്ന് പന്തില്‍ 11) ഇന്ത്യയെ 350 കടത്തുന്നതില്‍ നിര്‍ണായകമായി. 

Latest Videos
Follow Us:
Download App:
  • android
  • ios