ചരിത്ര തീരുമാനവുമായി ഐസിസി; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇനി വനിതാ ക്രിക്കറ്റും
എട്ട് ടീമുകളെ പങ്കെടുപ്പിച്ച് നടത്തുന്ന യോഗ്യതാ മത്സരങ്ങളില്‍ ജേതാക്കളാകുന്ന ഒരു ടീമും 2021 ഏപ്രില്‍ ഒന്നിന് ഐസിസി ടി20 റാങ്കിംഗില്‍ ആദ്യ ആറ് സ്ഥാനങ്ങളിലുള്ള ടീമുകളും ആതിഥേയരായ ഇംഗ്ലണ്ടുമാണ് ഗെയിംസില്‍ മത്സരിക്കുക.
ദുബായ്: 2022ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതാ ക്രിക്കറ്റും മത്സരയിനമാക്കാന്‍ ഐസിസി തീരുമാനിച്ചു. ഗെയിംസ് ചരിത്രത്തിലാദ്യമായാണ് വനിതാ ക്രിക്കറ്റ് മത്സരയിനമാക്കുന്നത്. കോമണ്‍വെല്‍ത്ത് ഗെയിംസിലേക്ക് യോഗ്യത നേടുന്നതിനുള്ള യോഗ്യതാ മത്സരങ്ങള്‍ 2022 ജനുവരി 31നകം പൂര്‍ത്തിയാക്കും.
2022 ജൂലൈ 28 മുതല്‍ ഓഗസ്റ്റ് എട്ടുവരെ ബര്‍മിംഗ്ഹാമാണ് കോമണ്‍വെല്‍ത്ത് ഗെയിംസിന് അതിഥ്യമരുളുന്നത്. എട്ട് ടീമുകളെ പങ്കെടുപ്പിച്ച് നടത്തുന്ന യോഗ്യതാ മത്സരങ്ങളില്‍ ജേതാക്കളാകുന്ന ഒരു ടീമും 2021 ഏപ്രില്‍ ഒന്നിന് ഐസിസി ടി20 റാങ്കിംഗില്‍ ആദ്യ ആറ് സ്ഥാനങ്ങളിലുള്ള ടീമുകളും ആതിഥേയരായ ഇംഗ്ലണ്ടുമാണ് ഗെയിംസില്‍ മത്സരിക്കുക. വെസ്റ്റ് ഇന്‍ഡീസ് ആദ്യ ആറ് റാങ്കിനുള്ളില്‍ എത്തുകയാണെങ്കില്‍ കരീബിയന്‍ രാജ്യങ്ങള്‍ക്കായി നടത്തുന്ന യോഗ്യതാ മത്സരത്തില്‍ നിന്നുള്ള ടീമാവും ഗെയിംസില്‍ മത്സരിക്കുക.
ഇത് രണ്ടാംതവണ മാത്രമാണ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ക്രിക്കറ്റ് മത്സരയിനമാക്കുന്നത്. 1998ല്‍ ക്വാലാലംപൂരില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷ ക്രിക്കറ്റ് മത്സരയിനമായിരുന്നു.