IPL 2022 : വേഗം കൊണ്ട് അമ്പരപ്പിച്ച് ഉമ്രാന്‍ മാലിക്; കീശയിലാക്കിയത് പുതിയ ഐപിഎല്‍ റെക്കോര്‍ഡ്

പരിക്കേറ്റ ടി നടരാജന്റെ (T Natarajan) പകരക്കാരനായാണ് താരം ടീമിലേക്ക് വന്നത്. നാല് കോടിക്കാണ് ഹൈദരാബാദ് മാലിക്കിനെ നിലനര്‍ത്തിയത്. താരത്തിന്റെ പേസ് തന്നെയായിരുന്നു നിലനിര്‍ത്താന്‍ പ്രധാന കാരണം.

umran malik creates new record in ipl 2022 with his speed

മുംബൈ: ഐപിഎല്‍ മെഗാതാരലേലത്തിന് മുമ്പ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (SRH) നിലനിര്‍ത്തിയ താരങ്ങളില്‍ ഒരാളായിരുന്നു ഉമ്രാന്‍ മാലിക് (Umran Malik). തൊട്ടുമുമ്പുള്ള സീസണില്‍ അവസാനത്തെ ചില മത്സരങ്ങള്‍ മാത്രം കളിച്ചുള്ളൂവെങ്കിലും അതിശയിപ്പിക്കുന്ന വേഗത കൊണ്ട് മാലിക് ശ്രദ്ധിക്കപ്പെട്ടു. പരിക്കേറ്റ ടി നടരാജന്റെ (T Natarajan) പകരക്കാരനായാണ് താരം ടീമിലേക്ക് വന്നത്. നാല് കോടിക്കാണ് ഹൈദരാബാദ് മാലിക്കിനെ നിലനര്‍ത്തിയത്. താരത്തിന്റെ പേസ് തന്നെയായിരുന്നു നിലനിര്‍ത്താന്‍ പ്രധാന കാരണം.

ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ കളിച്ചെങ്കിലും മൂന്നോവറില്‍ 29 റണ്‍സാണ് താരം വിട്ടുകൊടുത്തത്. വിക്കറ്റൊന്നും വീഴ്ത്താനായിട്ടുമില്ല. എങ്കിലും ഒരു ഐപിഎല്‍ റെക്കോര്‍ഡ് സ്വന്തം പേരില്‍ ചേര്‍ക്കാന്‍ ജമ്മു & കശ്മീര്‍ പേസര്‍ക്കായി. ഐപിഎല്‍ 15-ാം സീസണില്‍ ഏറ്റവും വേഗമേറിയ ബോളിന്റെ അവകാശിയായിരിക്കുകയാണ് ഉമ്രാന്‍. സ്വന്തം റെക്കോര്‍ഡ് തന്നെയാണ് താരം മെച്ചപ്പെടുത്തിയത്. ലഖ്നൗ സൂപ്പര്‍ ജയന്റ്സുമായുള്ള മത്സരത്തില്‍ 152.4 കിലോ മീറ്റര്‍ വേഗതയിലായിരുന്നു താരം പന്തെറിഞ്ഞിരുന്നത്. 

എന്നാല്‍ ഇന്ന് ചെന്നൈയുമായുള്ള മത്സരത്തില്‍ താരം റെക്കോര്‍ഡ് തിരുത്തിയെഴുതി. 153.1 കിമി വേഗതയില്‍ ബൗള്‍ ചെയ്തായിരുന്നു താരം സ്വന്തം സമയം മെച്ചപ്പെടുത്തിയത്. മാത്രമല്ല മറ്റൊരു നേട്ടംകൂടി താരത്തിന്റെ അക്കൗണ്ടിലായി. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ 153 കിലോ മീറ്ററിന് മുകളില്‍ ബൗള്‍ ചെയ്ത ആദ്യത്തെ ഇന്ത്യന്‍ താരം കൂടിയാണ് ഉമ്രാന്‍. കൂടാതെ ടൂര്‍ണമെന്റലെ ഏറ്റവും വേഗമേറിയ അഞ്ചാമത്തെ ബോളും മാലിക്കിന്റെ പേരിലായി.

ഉമ്രാന്‍ നിരാശപ്പെടുത്തിയെങ്കിലും മത്സരം ഹൈദരാബാദ് ജയിച്ചിരുന്നു. മുംബൈ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഉയര്‍ത്തിയ 155 റണ്‍സ് വിജയലക്ഷ്യം 17.4 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടന്നു. ചെന്നൈയുടെ നാലാം തോല്‍വിയാണിത്. 75 റണ്‍സ് നേടിയ അഭിഷേക് ശര്‍മയാണ് വിജയം എളുപ്പമാക്കിയത്. കെയ്ന്‍ വില്യംസണ്‍ (32), രാഹുല്‍ ത്രിപാഠി (15 പന്തില്‍ പുറത്താവാതെ 39) എന്നിവര്‍ പിന്തുണ നല്‍കി. 

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ചെന്നൈയെ രണ്ട് വിക്കറ്റ് വീതം നേടിയ വാഷിംഗ്ടണ്‍ സുന്ദര്‍, ടി നടരാജന്‍ എന്നിവരാണ് നിയന്ത്രിച്ചു നിര്‍ത്തിയത്. 35 പന്തില്‍ 48 റണ്‍സെടുത്ത മൊയീന്‍ അലിയണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. സൂക്ഷ്മതയോടെയാണ് ഹൈദരാബാദ് വിജയത്തിലേക്ക് ബാറ്റേന്തിയത്. വില്യംസണ്‍ ഏകദിന ശൈലിയിലാണ് കളിച്ചത്. 40 പന്തുകള്‍ നേരിട്ടാണ് ക്യാപ്റ്റന്‍ 32 റണ്‍സെടുത്തത്. രണ്ട് ഫോറും ഒരു സിക്‌സും ഇന്നിംഗ്‌സിലുണ്ടായിരുന്നു. 

എന്നാല്‍ ഒന്നാം വിക്കറ്റില്‍ അഭിഷേകിനൊപ്പം 89 റണ്‍സ് നേടാന്‍ വില്യംസണിനായി. 13-ാം ഓവറില്‍ മുകേഷ് ചൗധരിയുടെ പന്തില്‍ മൊയീന്‍ അലിക്ക് ക്യാച്ച്് നല്‍കിയാണ് വില്യംസണ്‍ മടങ്ങിയത്. മൂന്നാമനായി ക്രീസിലെത്തിയ ത്രിപാഠിയാണ് വിജയം കൊണ്ടുവന്നത്. രണ്ട് സിക്‌സും അഞ്ച് ഫോറും താരം നേടി. അഭിഷേകിന് ശേഷം 56 റണ്‍ണും ത്രിപാഠി കൂട്ടിചേര്‍ത്തു. ഇതിനിടെ അഭിഷേക് മടങ്ങി. അഞ്ച് ഫോറും മൂന്ന് സിക്‌സും അടങ്ങുന്നതാണ് അഭിഷേകിന്റെ ഇന്നിംഗ്‌സ്. ത്രിപാഠിക്കൊപ്പം നിക്കോളാസ് പുരാന്‍ (5) പുറത്താവാതെ നിന്നു.
 

Latest Videos
Follow Us:
Download App:
  • android
  • ios