ടി20 ലോകകപ്പ്: ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടത്തിന്‍റെ ടിക്കറ്റുകള്‍ വിറ്റു തീര്‍ന്നു

2007ലെ ആദ്യ ടി20 ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തിലും ഫൈനലിലും ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ഏറ്റുമുട്ടിയപ്പോഴും ഇന്ത്യക്കായിരുന്നു ജയം.

Tickets sold out for India-Pakistan T20 World Cup Match

ദുബായ്: ട്വന്‍റി 20 ലോകകപ്പ് തുടങ്ങാൻ ആഴ്ചകൾ ബാക്കിനിൽക്കെ ഒക്ടോബർ 24ന് നടക്കുന്ന ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിന്‍റെ ടിക്കറ്റുകൾ മണിക്കൂറുകൾക്കുള്ളിൽ വിറ്റുതീർന്നു. ഞായറാഴ്ച രാത്രി ഓൺലൈൻ വിൽപ്പന ആരംഭിച്ചപ്പോൾ മുതൽ മികച്ച പ്രതികരണമാണ് കിട്ടിയത്.

തിങ്കളാഴ്ച രാവിലെ തന്നെ മുഴുവൻ ടിക്കറ്റുകളും വിറ്റുതീർന്നെന്ന് അധികൃതർ അറിയിച്ചു. ഏറെക്കാലമായി
ക്രിക്കറ്റ് ആരാധകർ കാത്തിരിക്കുന്ന മത്സരമാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പോരാട്ടം. ദുബായ് ഇന്‍റർനാഷണൽ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

രണ്ട് വർഷം മുൻപ് കഴിഞ്ഞ ഏകദിന ലോകകപ്പിൽ അവസാനമായി പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യ പാകിസ്ഥാനെ മഴനിയമപ്രകാരം 89 റൺസിന് തോൽപ്പിച്ചിരുന്നു. 2007ലെ ആദ്യ ടി20 ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തിലും ഫൈനലിലും ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ഏറ്റുമുട്ടിയപ്പോഴും ഇന്ത്യക്കായിരുന്നു ജയം.

പിന്നീട് 2009ലെ ലോകകപ്പിലും 2010ലെ ലോകകപ്പിലും ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ മത്സരങ്ങളുണ്ടായിരുന്നില്ല. പിന്നീട്  മൂന്ന് തവണ ഏറ്റുമുട്ടിയപ്പോഴും ഇന്ത്യക്കായിരുന്നു വിജയം. ടി20 ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് 5-0ന്‍റെ വിജയ റെക്കോര്‍ഡുണ്ട്.

ഇന്ത്യയും പാക്കിസ്ഥാനും അടങ്ങുന്ന ഗ്രൂപ്പില്‍ ന്യൂസിലന്‍ഡ്, അഫ്ഗാനിസ്ഥാന്‍, യോഗ്യതാ റൗണ്ടില്‍ നിന്ന് എത്തുന്ന രണ്ടു ടീമുകളുമുണ്ട്. ഓസ്ട്രേലിയ, ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക ടീമുകള്‍ക്ക് പുറമെ യോഗ്യതാ റൗണ്ടില്‍ നിന്നെത്തുന്ന രണ്ട് ടീമുകളടങ്ങുന്നതാണ് രണ്ടാമത്തെ ഗ്രൂപ്പ്.  ഈ മാസം 17ന് ആരംഭിക്കുന്ന ടി20 ലോകകപ്പിലെ പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ക്കുശേഷം പ്രധാന മത്സരങ്ങള്‍ 23ന് ആരംഭിക്കും.

Latest Videos
Follow Us:
Download App:
  • android
  • ios