യുദ്ധത്തിന് റഷ്യയിലേക്ക് മനുഷ്യക്കടത്ത്; മലയാളികളുടെ മോചനത്തിന് ഇടപെട്ട് ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍

തൃശൂർ കുറാഞ്ചേരി സ്വദേശികളായ ജെയ്ൻ, ബിനിൽ എന്നിവരാണ് റഷ്യയിൽ കുടുങ്ങിയത്. മനുഷ്യക്കടത്തിന് ഇരയായ ഇവര്‍ റഷ്യയിൽ അകപ്പെട്ടിട്ട് 8 മാസം കഴിഞ്ഞു.

orthodox sabha head Catholicos Baselios Marthoma Mathews intervened Human Trafficking to Russia for War

തൃശൂർ: തൃശൂർ സ്വദേശികൾ റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട സംഭവത്തില്‍ മോചനത്തിനായി ഇടപെട്ട് ഓർത്തഡോക്സ് സഭാധ്യക്ഷൻ. മാധ്യമ വാർത്തകളെ തുടർന്നാണ് കാതോലിക്കാ ബാവയുടെ ഇടപെടൽ. ബിനിലിന്‍റെയും ജെയിന്‍റെയും വിഷയം റഷ്യൻ അംബാസിഡറിനെ നേരിട്ട് ബോധിപ്പിക്കുമെന്ന് ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ അറിയിച്ചു. ഇരുവരുടെയും കുടുംബാംഗങ്ങളുമായി കാതോലിക ബാവ സംസാരിച്ചു. റഷ്യൻ സർക്കാരിന്റെ ഓർഡർ ഓഫ് ഫ്രണ്ട്ഷിപ്പ് ബഹുമതി സ്വീകരിക്കുന്ന ചടങ്ങിൽ സഭാധ്യക്ഷന്‍ റഷ്യൻ അംബാസിഡറെ കാണും. 

തൃശൂർ കുറാഞ്ചേരി സ്വദേശികളായ ജെയ്ൻ, ബിനിൽ എന്നിവരാണ് റഷ്യയിൽ കുടുങ്ങിയത്. മനുഷ്യക്കടത്തിന് ഇരയായ ഇവര്‍ റഷ്യയിൽ അകപ്പെട്ടിട്ട് 8 മാസം കഴിഞ്ഞു. കുടുംബ സുഹൃത്ത് വഴി കഴിഞ്ഞ ഏപ്രിലിലാണ് ബിനിലിന്‍റെയും ജെയിന്‍റെയും റഷ്യയിലേക്ക് പോയത്. ഇലക്ട്രീഷ്യൻ ജോലി എന്ന് പറഞ്ഞാണ് ഇവരുവരെയും റഷ്യയിലേക്ക് കൊണ്ടുപോയത്. പിന്നീടാണ് അവിടെ പെട്ടുകിടക്കുകയാണെന്ന് മനസ്സിലായത്. അവിടുത്തെ മലയാളി ഏജന്‍റ് കബളിപ്പിച്ചാണ് ഇരുവരെയും കൂലിപ്പട്ടാളത്തിനൊപ്പം അകപ്പെടുത്തിയത്. യുദ്ധമുഖത്ത് എന്തും സംഭവിക്കാം, പ്രതീക്ഷകളെല്ലാം നഷ്ടപ്പെട്ടു എന്നാണ് ജെയ്ൻ, കുടുംബത്തിന് അയച്ച അവസാനത്തെ സന്ദേശം. എത്രയും വേഗം ഇവരെ നാട്ടിലെത്തിക്കണമെന്നാണ് ഇരുവരുടെയും വീട്ടുകാരുടെ അപേക്ഷ.  

Also Read: 'ഏജന്‍റിന്‍റെ ചതി, എങ്ങനെയെങ്കിലും തിരിച്ചെത്തിക്കണം'; യുദ്ധമുഖത്തേക്കുള്ള മനുഷ്യക്കടത്തിൽ കുടുങ്ങി മലയാളികൾ

നാല് മാസമായി മന്ത്രിമാർക്കും എംപിമാർക്കുമെല്ലാം ഇരുവരുടെയും കുടുംബം അപേക്ഷ നൽകുന്നു. നോർക്കയുമായി ബന്ധപ്പെട്ടപ്പോൾ നിസ്സഹായരാണെന്നാണ് കുടുംബത്തിന് ലഭിച്ച മറുപടി. വരും, വിഷമിക്കരുത് എന്ന ആശ്വാസ വാക്ക് മാത്രമാണ് ലഭിക്കുന്നതെന്ന് ഇരുവരുടെയും ബന്ധുക്കൾ പറയുന്നു. 'ഇനി വിളിക്കാൻ പറ്റില്ല അമ്മേ, റെയ്ഞ്ച് കിട്ടുമെന്ന് തോന്നുന്നില്ല' എന്നാണ് ഒടുവിൽ പറഞ്ഞതെന്ന് അമ്മ പറയുന്നു. എത്രയും പെട്ടെന്ന് ഇരുവരെയും നാട്ടിലെത്തിക്കണം എന്നാണ് കുടുംബങ്ങളുടെ അപേക്ഷ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios