ബ്രാത്ത് വെയ്റ്റിന്‍റെ നാലു സിക്സുകളെയും പിന്തള്ളി ട20 ലോകകപ്പിലെ മികച്ച നിമിഷമായി വിരാട് കോലിയുടെ ഇന്നിംഗ്സ്
കോലിയുടെ ഇന്നിംഗ്സിന് 68 ശതമാനം വോട്ടും, ഇംഗ്ലണ്ടിനെതിരായ ഫൈനലില്‍ ബെന്‍ സ്റ്റോക്സിന്‍റെ അവസാന ഓവറില്‍ കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റ് തുടര്‍ച്ചയായ നാല് സിക്സറുകളോടെ വിന്‍ഡീസ് ജയം ഉറപ്പിക്കുന്ന നിമിഷത്തിന് 32 ശതമാനം വോട്ടും ലഭിച്ചു.
ദുബായ്: ടി20 ക്രിക്കറ്റ് ലോകകപ്പിന്‍റെ(T20 world Cup) ചരിത്രത്തിലെ ഏറ്റവും മികച്ച നിമിഷത്തിനുള്ള(Best Moment) പുരസ്കാരം ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക്(Virat Kohli). 2016 ലോകകപ്പ് സൂപ്പര്‍ 10ല്‍ ഓസ്ട്രേലിയക്കെതിരെ പുറത്താകാതെ കോലി നേടിയ 82 റൺസിന്‍റെ ഇന്നിംഗ്സിനാണ് വോട്ടെടുപ്പിലൂടെ ടി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച നിമിഷമായി ഐസിസി തെരഞ്ഞെടുത്തത്.
കോലിയുടെ ഇന്നിംഗ്സിന് 68 ശതമാനം വോട്ടും, ഇംഗ്ലണ്ടിനെതിരായ ഫൈനലില്‍ ബെന്‍ സ്റ്റോക്സിന്‍റെ അവസാന ഓവറില്‍ കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റ് തുടര്‍ച്ചയായ നാല് സിക്സറുകളോടെ വിന്‍ഡീസ് ജയം ഉറപ്പിക്കുന്ന നിമിഷത്തിന് 32 ശതമാനം വോട്ടും ലഭിച്ചു.
2016ലെ ടി20 ലോകകപ്പിലെ സൂപ്പര്‍ 10 പോരാട്ടത്തില്‍ ഓസ്ട്രേലിയന്‍ സ്കോര്‍ ആയ 160 റൺസ് പിന്തുടര്‍ന്ന ഇന്ത്യ മൂന്ന് വിക്കറ്റിന് 49 റൺസെന്ന നിലയിൽ പതറിയെങ്കിലും കോലിയുടെ മികവില്‍ 6 വിക്കറ്റിന് ആണ് ജയിച്ചത്. മത്സരത്തില്‍ 51 പന്തില്‍ 82 റൺസെടുത്ത കോലി പുറത്താകാതെ നിന്നു.
39 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ കോലി ഒമ്പത് ബൗണ്ടറിയും രണ്ട് സിക്സറും നേടി. കോലി അര്‍ധസെഞ്ചുറി പിന്നിടുമ്പോള്‍ ഇന്ത്യക്ക് ജയിക്കാന്‍ 21 പന്തില്‍ 45 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. എന്നാല്‍ ജെയിംസ് ഫോക്നോര്‍ എറിഞ്ഞ അടുത്ത ഓവറില്‍ 19 റണ്‍സടിച്ച കോലി ഇന്ത്യയെ ജയത്തിന് അടുത്തെത്തിച്ചു.
പത്തൊമ്പതാം ഓവറില്‍ നേഥാന്‍ കോള്‍ട്ടര്‍നൈലിനെതിരെ നാലു ബൗണ്ടറി നേടി കോലി ഇന്ത്യയുടെ ജയം ഉറപ്പിച്ചു. ഗ്രൂപ്പ് ഘട്ടത്തില്‍ ഓസീസിനെതിരെ നേടിയ ഈ ജയം ഇന്ത്യയുടെ സെമി ബര്‍ത്തുറപ്പിക്കുകയും ചെയ്തു.