ടി20 ലോകകപ്പ്: 'വിവാദങ്ങള്‍ അനാവശ്യം'; മുഹമ്മദ് ഷമിക്ക് പിന്തുണയുമായി ഗൗതം ഗംഭീറും യുവരാജ് സിംഗും
അദ്ദേഹത്തോട് പാകിസ്ഥാനിലേക്ക് പോവാനൊക്കെ പറയുന്നവരും ഉണ്ടായിരുന്നു. ഷമിയെ പിന്തുണച്ചും പലരും രംഗത്തെത്തി. എന്തിന് പറയുന്നു പാകിസ്ഥാന്‍ ഓപ്പണര്‍ മുഹമ്മദ് റിസ്വാന്‍ വരെ ഷമിക്ക് വേണ്ടി സംസാരിച്ചു.
ദില്ലി: ടി20 ലോകകപ്പില്‍ (T20 World Cup) പാകിസ്ഥാനോടേറ്റ് തോല്‍വിക്ക് പിന്നാലെ കടുത്ത പരിഹാസമാണ് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി നേരിട്ടത്. പരിഹാസം അതിരുകടന്നപ്പോള്‍ ഷമിയുടെ ദേശീയത വരെ പലരും ചോദ്യം ചെയ്തു. അദ്ദേഹത്തോട് പാകിസ്ഥാനിലേക്ക് പോവാനൊക്കെ പറയുന്നവരും ഉണ്ടായിരുന്നു. ഷമിയെ പിന്തുണച്ചും പലരും രംഗത്തെത്തി. എന്തിന് പറയുന്നു പാകിസ്ഥാന്‍ ഓപ്പണര്‍ മുഹമ്മദ് റിസ്വാന്‍ വരെ ഷമിക്ക് വേണ്ടി സംസാരിച്ചു.
ഇപ്പോള്‍ ഷമിക്കുള്ള പിന്തുണ അറിയിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരങ്ങളായി യുവരാജ് സിംഗും ഗൗതം ഗംഭീറും. ഒരുദിവസത്തെ മോശം പ്രകടനത്തെ തുടര്‍ന്ന് ഷമിയെ മാറ്റിനിര്‍ത്താന്‍ ആവില്ലെന്നായിരുന്നു യുവരാജ് പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''ഞാന്‍ ഷമിക്കൊപ്പം ഉറച്ച് നില്‍ക്കുന്നു. ഒരു ദിവസത്തെ പ്രകടനത്തിന്റെ പേരില്‍ ഒരാളെ ക്രൂശിക്കുന്നത് ശരിയല്ല. എല്ലാവര്‍ക്കും ബുദ്ധിമുട്ടേറിയ ദിവസങ്ങളുണ്ടാവും. ഇന്ത്യന്‍ ടീമിന് വേണ്ടി ഷമി നടത്തിയ മികച്ച പ്രകടനങ്ങളെയോര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു.'' യുവരാജ് കുറിച്ചിട്ടു.
ഗംഭീറും ഷമിക്കെതിരെയുണ്ടായ പരിഹാസങ്ങളെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. ജസ്പ്രിത് ബുമ്ര, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ പ്രത്യേക മതവിഭാഗത്തില്‍ നിന്നുള്ളവരായതിനാലാണോ ഉത്തരവാദിത്തതോടെ കളിക്കുന്നത് എന്ന് ഗംഭീര്‍ ചോദിച്ചു. ''കൊല്‍ക്കത നൈറ്റ് റൈഡേഴ്‌സില്‍ ഞാനും ഷമിയും ഒരുമിച്ച് കളിച്ചിട്ടുണ്ട്. അവനെ എനിക്ക് നന്നായിട്ട് അറിയാം. പാകിസ്ഥാനെതിരെ ഇന്ത്യ തോറ്റതോടെ ഷമിയുടെ ആത്മാര്‍ത്ഥത പോലും ചോദ്യം ചെയ്യപ്പെടുകയാണ്. ഈ അവസ്ഥ വളരെ പതിരാപകരമാണ്. എങ്ങോട്ടാണ് രാജ്യത്തിന്റെ പോക്ക്? പാകിസ്ഥാന്‍ അന്ന് നന്നായി കളിച്ചതുകൊണ്ട് അവര്‍ ജയിച്ചു.
ആ സത്യം അംഗീകരിച്ച് വിവാദങ്ങള്‍ അവസാനിപ്പിക്കണം. ഷമി കഠിനാധ്വാനിയാണ്. എന്നാല്‍ ചില ദിവസങ്ങള്‍ നമ്മളുടേതായിരിക്കില്ല. പാകിസ്ഥാനെതിരെ ഷമിക്ക് സംഭവിച്ചത്, ഏതൊരാള്‍ക്കും സംഭവിക്കാവുന്നതാണ്.'' ഗംഭീര്‍ വ്യക്തമാക്കി.
പാകിസ്ഥാനെതിരെ പത്ത് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോല്‍വി. 18-ാം എറിയാനെത്തിയ ഷമി 17 റണ്‍സാണ് വിട്ടുകൊടുത്തത്. 3.5 ഓവറില്‍ 43 റണ്‍സും നല്‍കി. വിക്കറ്റൊന്നും നേടാനും സാധിച്ചില്ല.