ടി20 ലോകകപ്പ്: ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ ഇന്ത്യന്‍ ടീമില്‍ രണ്ട് മാറ്റങ്ങള്‍ നിര്‍ദേശിച്ച് ഗവാസ്കര്‍
പാക്കിസ്ഥാനെതിരായ ആദ്യ മത്സരം കളിച്ച ടീമില്‍ നിന്ന് ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയെയും പേസ് ബൗളര്‍ ഭുവനേശ്വര്‍ കുമാറിനെയും ഒഴിവാക്കണമെന്നാണ് ഗവാസ്കറുടെ നിര്‍ദേശം. ഹര്‍ദിക് പാണ്ഡ്യ പന്തെറിയുന്നില്ലെങ്കില്‍ അദ്ദേഹത്തിന് പകരം മികച്ച ഫോമിലുള്ള ഇഷാന്‍ കിഷനെ ന്യൂസിലന്‍ഡിനെതിരെ കളിപ്പിക്കുന്നതാവും ഉചിതമെന്നും ഗവാസ്കര്‍
ദുബായ്: ടി20 ലോകകപ്പില്‍(T20 World Cup 2021) സൂപ്പര്‍ 12ലെ(Super 12) ജീവന്‍മരണപ്പോരാട്ടത്തില്‍ ഇന്ത്യ(India) ഞായറാഴ്ച ന്യൂസിലന്‍ഡിനെ(New Zealand) നേരിടാനിറങ്ങുകയാണ്. തോറ്റാല്‍ ഇരു ടീമുകളുടെയും സെമി സാധ്യതകള്‍ ഏതാണ്ട് അവസാനിക്കുമെന്നതിനാല്‍ ഇന്ത്യക്കും ന്യൂസിലന്‍ഡിനും ഇത് ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടമാണ്.
ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനോട് സമ്പൂര്‍ണ തോല്‍വി വഴങ്ങിയാണ് ഇന്ത്യ രണ്ടാം മത്സരത്തിനിറങ്ങുന്നതെങ്കില്‍ ന്യൂസിലന്‍ഡ് പാക്കിസ്ഥാനോട് പൊരുതിത്തോറ്റാണ് ഇന്ത്യക്കെതിരെ ഇറങ്ങുന്നത്. അതുകൊണ്ടുതന്നെ ആദ്യ മത്സരത്തില്‍ കളിച്ച ഇന്ത്യന്‍ ടീമില്‍ രണ്ട് നിര്‍ണായക മാറ്റങ്ങള്‍ വേണമെന്ന നിര്‍ദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്കര്‍(Sunil Gavaskar ).
പാക്കിസ്ഥാനെതിരായ ആദ്യ മത്സരം കളിച്ച ടീമില്‍ നിന്ന് ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയെയും പേസ് ബൗളര്‍ ഭുവനേശ്വര്‍ കുമാറിനെയും ഒഴിവാക്കണമെന്നാണ് ഗവാസ്കറുടെ നിര്‍ദേശം. ഹര്‍ദിക് പാണ്ഡ്യ പന്തെറിയുന്നില്ലെങ്കില്‍ അദ്ദേഹത്തിന് പകരം മികച്ച ഫോമിലുള്ള ഇഷാന്‍ കിഷനെ ന്യൂസിലന്‍ഡിനെതിരെ കളിപ്പിക്കുന്നതാവും ഉചിതമെന്നും ഗവാസ്കര്‍ പറഞ്ഞു. പ്രത്യേകിച്ച് ഹര്‍ദിക്കിന് പാക്കിസ്ഥാനെതിരായ മത്സരത്തിനിടെ തോളിനും പരിക്കേറ്റ സാഹചര്യത്തില്‍ ഞാനാണെങ്കില്‍ ന്യൂസിലന്‍ഡിനെതിരായ പോരാട്ടത്തില്‍ പാണ്ഡ്യക്ക് പകരം ഇഷാന്‍ കിഷനെയെ പരിഗണിക്കു.
അതുപോലെ ഭുവനേശ്വര്‍ കുമാറിന് പകരം മികച്ച ഫോമിലുള്ള ഷര്‍ദ്ദുല്‍ ഠാക്കൂറാണ് ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ ഇറങ്ങേണ്ടത്. ഇതില്‍ക്കൂടുതല്‍ മാറ്റങ്ങള്‍ ഇന്ത്യന്‍ ടീമില്‍ ആവശ്യമില്ല.ഒരുപാട് മാറ്റങ്ങള്‍ വരുത്തുന്നത് എതിരാളികളില്‍ നമ്മള്‍ പരിഭ്രാന്തരാണെന്ന തോന്നലുണ്ടാക്കാനോ ഉപകരിക്കുവെന്നും ഗവാസ്കര്‍ പറഞ്ഞു.
ആദ്യ തോല്‍വിയില്‍ ഇന്ത്യന്‍ ടീം പരിഭ്രാന്തരാവേണ്ട കാര്യമില്ല. കാരണം, ഇന്ത്യക്ക് മികച്ചൊരു ടീമുണ്ട്. ഒരു മത്സരത്തില്‍ മികച്ചൊരു ടീമിനോട് മാത്രമാണ് നമ്മള്‍ തോറ്റത്. അതിനര്‍ത്ഥം ഇനിയുള്ള മത്സരങ്ങള്‍ ജയിക്കില്ലെന്നോ കപ്പ് നേടില്ലെന്നോ അല്ല. അടുത്ത നാലു മത്സരങ്ങള്‍ ജയിച്ചാലും നമുക്ക് സെമിയിലെത്താം. അവിടെയും ജയിച്ചാല്‍ ഫൈനലിലും. അതുകൊണ്ടുതന്നെ ടീമില്‍ വലിയതോതിലുള്ള മാറ്റം ആവശ്യമില്ലെന്നും ഗവാസ്കര്‍ പറഞ്ഞു.