IPL 2022 : സണ്‍റൈസേഴ്സ് ഹൈദരാബാദും ചെന്നൈയെ പഞ്ഞിക്കിട്ടു; ചാംപ്യന്മാര്‍ ആദ്യ ജയത്തിനായി കാത്തിരിക്കണം

75 റണ്‍സ് നേടിയ അഭിഷേക് ശര്‍മയാണ് വിജയം എളുപ്പമാക്കിയത്. കെയ്ന്‍ വില്യംസണ്‍ (32), രാഹുല്‍ ത്രിപാഠി (15 പന്തില്‍ പുറത്താവാതെ 39) എന്നിവര്‍ പിന്തുണ നല്‍കി. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ചെന്നൈയെ രണ്ട് വിക്കറ്റ് വീതം നേടിയ വാഷിംഗ്ടണ്‍ സുന്ദര്‍, ടി നടരാജന്‍ എന്നിവരാണ് നിയന്ത്രിച്ചു നിര്‍ത്തിയത്.

sunrisers hyderabad beat chennai super kings by eight wickets

മുംബൈ: ഐപിഎല്ലില്‍ (IPL 2022) സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ആദ്യജയം. മുംബൈ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഉയര്‍ത്തിയ 155 റണ്‍സ് വിജയലക്ഷ്യം 17.4 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടന്നു. ചെന്നൈയുടെ നാലാം തോല്‍വിയാണിത്. 75 റണ്‍സ് നേടിയ അഭിഷേക് ശര്‍മയാണ് വിജയം എളുപ്പമാക്കിയത്. കെയ്ന്‍ വില്യംസണ്‍ (32), രാഹുല്‍ ത്രിപാഠി (15 പന്തില്‍ പുറത്താവാതെ 39) എന്നിവര്‍ പിന്തുണ നല്‍കി. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ചെന്നൈയെ രണ്ട് വിക്കറ്റ് വീതം നേടിയ വാഷിംഗ്ടണ്‍ സുന്ദര്‍, ടി നടരാജന്‍ എന്നിവരാണ് നിയന്ത്രിച്ചു നിര്‍ത്തിയത്. 35 പന്തില്‍ 48 റണ്‍സെടുത്ത മൊയീന്‍ അലിയണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. 

സൂക്ഷ്മതയോടെയാണ് ഹൈദരാബാദ് വിജയത്തിലേക്ക് ബാറ്റേന്തിയത്. വില്യംസണ്‍ ഏകദിന ശൈലിയിലാണ് കളിച്ചത്. 40 പന്തുകള്‍ നേരിട്ടാണ് ക്യാപ്റ്റന്‍ 32 റണ്‍സെടുത്തത്. രണ്ട് ഫോറും ഒരു സിക്‌സും ഇന്നിംഗ്‌സിലുണ്ടായിരുന്നു. എന്നാല്‍ ഒന്നാം വിക്കറ്റില്‍ അഭിഷേകിനൊപ്പം 89 റണ്‍സ് നേടാന്‍ വില്യംസണിനായി. 13-ാം ഓവറില്‍ മുകേഷ് ചൗധരിയുടെ പന്തില്‍ മൊയീന്‍ അലിക്ക് ക്യാച്ച്് നല്‍കിയാണ് വില്യംസണ്‍ മടങ്ങിയത്. മൂന്നാമനായി ക്രീസിലെത്തിയ ത്രിപാഠിയാണ് വിജയം കൊണ്ടുവന്നത്. രണ്ട് സിക്‌സും അഞ്ച് ഫോറും താരം നേടി. അഭിഷേകിന് ശേഷം 56 റണ്‍ണും ത്രിപാഠി കൂട്ടിചേര്‍ത്തു. ഇതിനിടെ അഭിഷേക് മടങ്ങി. അഞ്ച് ഫോറും മൂന്ന് സിക്‌സും അടങ്ങുന്നതാണ് അഭിഷേകിന്റെ ഇന്നിംഗ്‌സ്. ത്രിപാഠിക്കൊപ്പം നിക്കോളാസ് പുരാന്‍ (5) പുറത്താവാതെ നിന്നു.

നേരത്തെ, ആദ്യജയം കൊതിച്ചെത്തിയ ചെന്നൈയ്ക്ക് മോശം തുടക്കമാണ് ലഭിച്ചത്. പവര്‍ പ്ലേയില്‍ തന്നെ റോബിന്‍ ഉത്തപ്പ (15), റിതുരാജ് ഗെയ്കവാദ് (16) പവലിയനില്‍ തിരിച്ചെത്തി. ഉത്തപ്പയെ സുന്ദറും മാര്‍ക്രത്തിന്റെ കൈകളിലെത്തിച്ചു. റിതുരാജ് നടരാജന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു. പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന മൊയീന്‍- അമ്പാട്ടി റായുഡു (27 പന്തില്‍ 27) സഖ്യമാണ് മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. ഇരുവരും 62 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ റായുഡുവിനെ പുറത്താക്കി സുന്ദര്‍ വീണ്ടും ഹൈദരാബാദിന് ബ്രേക്ക് ത്രൂ നല്‍കി. മാര്‍ക്രത്തിനായിരുന്നു ക്യാച്ച്. പിന്നാലെ ക്രീസിലെത്തിയ ശിവം ദുബെയ്ക്ക് (3) അഞ്ച് പന്ത് മാത്രമായിരുന്നു ആയുസ്. 

നടരാജന്റെ പന്തില്‍ ഉമ്രാന്‍ മാലിക്കിന് ക്യാച്ച്. എം എസ് ധോണിക്കും (3) കാര്യമായ സംഭാവന നല്‍കാന്‍ കഴിയാതിരുന്നോടെ മുഴുവന്‍ ഭാരവും ക്യാപ്റ്റന്‍ രവീന്ദ്ര ജഡേജയിലായി. 14 പന്തില്‍ 23 റണ്‍സെടുത്ത ക്യാപ്റ്റന്‍ അവസാന ഓവറിലാണ് മടങ്ങുന്നത്. ഭുവനേശ്വര്‍ കുമാര്‍ താരത്തെ പറഞ്ഞയച്ചു. ഡ്വെയ്ന്‍ ബ്രാവോ (8), ക്രിസ് ജോര്‍ദാന്‍ (6) എന്നിവര്‍ സ്‌കോര്‍ 150 കടത്തി. നേരത്തെ, രണ്ട് ടീമിലും മാറ്റങ്ങളുണ്ടായിരുന്നു. ഹൈരാബാദ് നിരയില്‍ രണ്ട് മാറ്റമുണ്ട്. ശശാങ്ക് സിംഗ്, മാര്‍കോ ജാന്‍സന്‍ എന്നിവര്‍ ഹൈദരാബാദിനായി അരങ്ങേറി. അബ്ദു സമദ്, റൊമാരിയോ ഷെഫേര്‍ഡ് എന്നിവരാണ് പുറത്തായത്. ചെന്നൈ ഒരു മാറ്റം വരുത്തി. പ്രിട്ടോറ്യൂസിന് പകരം മഹീഷ് തീക്ഷ്ണ ടീമിലെത്തി. 

കളിച്ച രണ്ട് മത്സരങ്ങളും തോറ്റ ഹൈദരാബാദ് പത്താം സ്ഥാനത്താണ്. നിലവിലെ ചാംപ്യന്മാരായ ചെന്നൈയ്ക്ക് ആദ്യത്തെ മൂന്ന് മത്സരങ്ങളിലും തോല്‍വിയിറഞ്ഞു. ഇരുടീമുകളും 16 തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ 12 മത്സരങ്ങളിലും ചെന്നൈക്കായിരുന്നു വിജയം. നാലെണ്ണം ഹൈദരാബാദ് സ്വന്തമാക്കി. 2018ന് ശേഷം പത്ത് തവണ ഇരുവരും നേര്‍ക്കുനേര്‍ വന്നു. ഹൈദരാബാദിന് ജയിക്കാനായത് രണ്ടെണ്ണം മാത്രം. 

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: റോബിന്‍ ഉത്തപ്പ, റിതുരാജ് ഗെയ്കവാദ്. മൊയീന്‍ അലി, അമ്പാട്ടി റായുഡു, രവീന്ദ്ര ജഡേജ, ശിവം ദുബെ, എം എസ് ധോണി, ഡ്വെയ്ന്‍ ബ്രാവോ, മഹീഷ് തീക്ഷ്ണ, ക്രിസ് ജോര്‍ദാന്‍, മുകേഷ് ചൗധരി

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്: അഭിഷേക് ശര്‍മ, രാഹുല്‍ ത്രിപാഠി, കെയ്ന്‍ വില്യംസണ്‍, എയ്ഡന്‍ മാര്‍ക്രം, നിക്കോളാസ് പുരാന്‍, ശശാങ്ക് സിംഗ്, വാഷിംഗ്ടണ്‍ സുന്ദര്‍, ഭുവനേശ്വര്‍ കുമാര്‍, ഉമ്രാന്‍ മാലിക്, ടി നടരാജന്‍, മാര്‍കോ ജാന്‍സന്‍.
 

Latest Videos
Follow Us:
Download App:
  • android
  • ios