അവസാന പന്തില്‍ ത്രില്ലര്‍ വിജയം! അഫ്ഗാനെ പൂട്ടി സിംബാബ്‌വെ; ടി20 പരമ്പരയില്‍ മുന്നില്‍
വിജലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ സിംബാബ്‌വെയ്ക്ക് തുടക്കത്തില്‍ തന്നെ തദിവനഷെ മരുമാനിയുടെ (9) വിക്കറ്റ് നഷ്ടമായി.
ഹരാരെ: അഫ്ഗാനിസ്ഥാനെതിരെ ആദ്യ ടി20യില്‍ സിംബാബ്‌വെയ്ക്ക് ജയം. ഹരാരെ സ്‌പോര്‍ട്‌സ് ക്ലബില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനാണ് ആതിഥേയര്‍ ജയിച്ചത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത അഫ്ഗാനിസ്ഥാന്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സാണ് നേടിയത്. കരീം ജനാത് (49 പന്തില്‍ 54), മുഹമ്മദ് നബി (27 പന്തില്‍ 44) എന്നിവരാണ് തിളങ്ങിയത്. മറുപടി ബാറ്റിംഗില്‍ സിംബാബ്‌വെ അവസാന പന്തില്‍ ആറ് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഇതോടെ മുന്ന് മത്സരങ്ങളുടെ പരമ്പരയില്‍ സിംബാബ്‌വെ മുന്നിലെത്തി.
വിജലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ സിംബാബ്‌വെയ്ക്ക് തുടക്കത്തില്‍ തന്നെ തദിവനഷെ മരുമാനിയുടെ (9) വിക്കറ്റ് നഷ്ടമായി. എന്നാ മൂന്നം വിക്കറ്റില്‍ ബ്രയാന്‍ ബെന്നറ്റ് (49) - ഡിയോണ്‍ മെയേഴ്‌സ് (32) സഖ്യം 75 റണ്‍സ് കൂട്ടിചേര്‍ത്തു. ഈ കൂട്ടുകെട്ട് തന്നെയാണ് സിംബാബ്‌വെയുടെ വിജയമുറപ്പിച്ചത്. പെട്ടന്ന് വിക്കറ്റുകള്‍ സിംബാബ്‌വെയ്ക്ക് നഷ്ടമായെങ്കിലും അവസാന പന്തില്‍ സിംബാബ്‌വെ വിജയത്തിലേക്ക് കയറി. അവസാന ഓവറില്‍ 11 റണ്‍സായിരുന്നു സിംബാബ്‌വെയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്.
അസ്മതുള്ള ഒമര്‍സായ് എറിഞ്ഞ അവസാന ഓവറിന്റെ ആദ്യ പന്തില്‍ തഷിംഗ് മുസെകിവ ബൗണ്ടറി നേടി. അടുത്ത പന്തില്‍ രണ്ട് പന്തുകളില്‍ രണ്ട് റണ്‍സ് വീതം ഓടിയെടുത്തു. പിന്നീട് മൂന്ന് പന്തില്‍ ജയിക്കാന്‍ വേണ്ടത് മൂന്ന് റണ്‍. നാലാം പന്തില്‍ റണ്‍സില്ല. അഞ്ചാം പന്തില്‍ വീണ്ടും രണ്ട് റണ്‍. സിംബാബ്‌വെ ഒപ്പമെത്തി. അവസാന പന്തില്‍ ഒരു റണ്‍ ഓടിയെടുത്ത തഷിംഗ ടീമിന് വിജയം സമ്മാനിച്ചു. വെല്ലിംഗ്ടണ്‍ മസകാഡ്‌സ (6) പുറത്താവാതെ നിന്നു. സികന്ദര്‍ റാസ (9), റ്യാന്‍ ബേള്‍ (10), വെസ്ലി മധെവെറെ (4) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍.
മോശം തുടക്കായിരുന്നു അഫ്ഗാനിസ്ഥാന്. 55 റണ്‍സിനിടെ അവര്‍ക്ക് അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി. റഹ്മാനുള്ള ഗുര്‍ബാസ് (0), സെദ്ദികുള്ള അദല്‍ (3) എന്നിവര്‍ക്ക് തിളങ്ങാനായില്ല. മുഹമ്മദ് ഇഷാഖ് (1), ഹസ്രതുല്‌ള സസൈ (20), അസ്മതുള്ള ഒമര്‍സായ് (13) എന്നിവരും വന്നത് പോലെ മടങ്ങിയതോടെ അഫ്ഗാന്‍ അഞ്ചിന് 58 എന്ന നിലയിലായി. പിന്നീട് നബി - ജനാത് എന്നിവര്‍ പുറത്തെടുത്ത പ്രകടനമാണ് അഫ്ഗാനെ ചെറുത്തുനില്‍ക്കാനുള്ള സ്‌കോറിലേക്ക് നയിച്ചത്. റാഷിദ് ഖാന്‍ (2), ജനാതിനൊപ്പം പുറത്താവാതെ നിന്നു.