മിച്ചൽ സ്റ്റാർക്കിനായി കൊൽക്കത്ത കോടികൾ വാരിയെറിഞ്ഞത് വെറുതെയല്ല, കരിയറിൽ കളിച്ചത് 9 ഫൈനലുകൾ, ഒമ്പതിലും കിരീടം

കരിയറില്‍ ഇതുവരെ ഒമ്പത് ഫൈനലുകള്‍ കളിച്ചിട്ടുള്ള മിച്ചല്‍ സ്റ്റാര്‍ക്ക് ഒന്നില്‍ പോലും തോറ്റിട്ടില്ലെന്നതാണ് ചരിത്രം.

Mitchell Starc has won all the finals he played in his entire career

ചെന്നൈ: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മൂന്നാം കിരീടവുമായി മടങ്ങുമ്പോള്‍ തല ഉയര്‍ത്തി നില്‍ക്കുന്നവരില്‍ ഓസ്ട്രേലിയയുടെ ചാമ്പ്യന്‍ ബൗളറായ മിച്ചല്‍ സ്റ്റാര്‍ക്കുമുണ്ട്. ഐപിഎല്‍ ലേലത്തില്‍ 24.75 കോടിയെന്ന റെക്കോര്‍ഡ് തുകക്ക് കൊല്‍ക്കത്ത സ്റ്റാര്‍ക്കിനെ ടീമിലെത്തിച്ചപ്പോള്‍ നെറ്റിചുളിച്ചവാണ് ഭൂരിഭാഗം പേരും. കാരണം, സമീപകാലത്ത് അത്ര മികച്ച ഫോമിലല്ലെന്നതും ഐപിഎല്ലില്‍ കളിച്ചിട്ട് വര്‍ഷങ്ങളായി എന്നതും കാരണമായിരുന്നു.

ടൂര്‍ണമെന്‍റിന്‍റെ തുടക്കത്തില്‍ എതിരാളികള്‍ സ്റ്റാര്‍ക്കിനെ തല്ലിപ്പരത്തിയപ്പോള്‍ കോടികള്‍ വെള്ളത്തിലായെന്ന് പരിതപിച്ചവരാണേറെയും. ആര്‍സിബിക്കെതിരായ മത്സരത്തില്‍ വാലറ്റക്കാരനായ കാണ്‍ ശര്‍മപോലും സ്റ്റാര്‍ക്കിനെ ഒരോവറില്‍ മൂന്ന് സിക്സിന് പറത്തിയിരുന്നു. എന്നാല്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ തനിസ്വരൂപം കാണാന്‍ ആരാധകര്‍ക്ക് ഐപിഎല്‍ ക്വാളിഫയര്‍വരെ കാത്തിരിക്കേണ്ടിവന്നു. ആദ്യ ക്വാളിഫയറില്‍ ഹൈദരാബാദിനെതിരെ അവരുടെ ഏറ്റവും വലിയ പ്രതീക്ഷയായിരുന്ന ട്രാവിസ് ഹെഡിനെ

യും നിതീഷ് റെഡ്ഡിയെയും ഷഹബാസ് അഹമ്മദിനെയും പവര്‍ പ്ലേയില്‍ മടക്കിയ സ്റ്റാര്‍ക്കാണ് ഹൈദരാബാദിന്‍റെ തലയെടുത്തത്.

 

ഓറഞ്ച് ക്യാപ്പ് നേടിയാലൊന്നും ഐപിഎല്‍ കിരീടം കിട്ടില്ല; കോലിയ്ക്കെതിരെ ഒളിയമ്പെയ്ത് അംബാട്ടി റായുഡു

ആ പ്രഹരത്തില്‍ നിന്ന് അവര്‍ പിന്നീട് കരകയറിയില്ല. നാലോവറില്‍ 34 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത സ്റ്റാര്‍ക്ക് തന്നെയായിരുന്നു ഫൈനലിലും പവര്‍പ്ലേയില്‍ ഹൈദരാബാദിന്‍റെ തലതകര്‍ത്തത്. വെടിക്കെട്ട് ബാറ്റിംഗ് കൊണ്ട് എതിരാളികളെ ഞെട്ടിച്ച അഭിഷേക് ശര്‍മയെ ആദ്യ ഓവറില്‍ തന്നെ മനോഹരമായൊരു ഔട്ട് സ്വിംഗറില്‍ ബൗള്‍ഡാക്കിയ സ്റ്റാര്‍ക്ക് രാഹുല്‍ ത്രിപാഠിയെയും മടക്കി 14 റണ്‍സ് മാത്രം വഴങ്ങി വീഴ്ത്തിയത് രണ്ട് വിക്കറ്റുകളാണ്. സ്റ്റാര്‍ക്കിന്‍റെ തുടക്കത്തിലെ പ്രഹരമാണ് ഹൈദരാബാദിന്‍റെ പ്ലാന്‍ തെറ്റിച്ചത്.

കരിയറില്‍ ഇതുവരെ ഒമ്പത് ഫൈനലുകള്‍ കളിച്ചിട്ടുള്ള മിച്ചല്‍ സ്റ്റാര്‍ക്ക് ഒന്നില്‍ പോലും തോറ്റിട്ടില്ലെന്നതാണ് ചരിത്രം. 2012ലെ ബിഗ് ബാഷ് ഫൈനലില്‍ കളിച്ച് കിരീടം നേടുന്നത് ശീലമാക്കിയ സ്റ്റാര്‍ക്ക് 2012ലെ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍, 2015ലെ ഏകദിന ലോകകപ്പ് ഫൈനല്‍, 2015ലെ ലിസ്റ്റ് എ കപ്പ് ഫൈനല്‍, 2021ലെ ടി20 ലോകകപ്പ് ഫൈനല്‍, 2021ലെ ഡൊമസ്റ്റിക് കപ്പ് ഏകദിന ഫൈനല്‍, 2023ലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍, 2023ലെ ഏകദിന ലോകകപ്പ് ഫൈനല്‍, ഇപ്പോള്‍ ഐപിഎല്‍ ഫൈനലിലും കിരീടം നേടി. കരിയറില്‍ കളിച്ച ഒമ്പത് ഫൈനലില്‍ ഒമ്പതിലും കിരീടമെന്ന അപൂര്‍വനേട്ടവും സ്റ്റാര്‍ക്ക് ഇന്നലെ സ്വന്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios