രണ്ടാം ദിനം ആദ്യ പന്തിൽ തന്നെ അലക്സ് ക്യാരിയെ മടക്കി ജസ്പ്രീത് ബുമ്ര; 5 വിക്കറ്റ്; പെര്‍ത്തില്‍ ചരിത്രനേട്ടം

കരിയറിലെ പതിമൂന്നാമത്തെ അഞ്ച് വിക്കറ്റ് നേട്ടമാണ് ബുമ്ര പെര്‍ത്തില്‍ നേടിയത്. ഇതില്‍ 11ഉം വിദേശ പിച്ചുകളിലായിരുന്നു. ഇന്ത്യയില്‍ രണ്ട് തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി.

Jasprit Bumrah creates history at Perth becomes joint Most 5-Wicket hauls by Indians in SENA countries

പെര്‍ത്ത്: ഓസ്ട്രേലിയക്കെതിരായ പെര്‍ത്ത് ക്രിക്കറ്റ് ടെസ്റ്റിന്‍റെ രണ്ടാം ദിനം തന്‍റെ ആദ്യ പന്തില്‍ തന്നെ ഓസീസ് വിക്കറ്റ് കീപ്പര്‍ അലക്സ് ക്യാരിയെ പുറത്താക്കി ജസ്പ്രീത് ബുമ്ര. ക്യാരിയെ പുറത്താക്കി പെര്‍ത്തില്‍ അഞ്ച് വിക്കറ്റ് നേട്ടം തികച്ച ബുമ്ര സെന രാജ്യങ്ങളില്‍ (ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ) രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ തവണ അഞ്ച് വിക്കറ്റ് വീഴ്ത്തുന്ന ഇന്ത്യൻ പേസറെന്ന കപില്‍ ദേവിന്‍റെ റെക്കോര്‍ഡിനൊപ്പമെത്തി. സെന രാജ്യങ്ങളില്‍ കപില്‍ ദേവ് 62 ഇന്നിംഗ്സുകളില്‍ ഏഴ് തവണ അഞ്ച് വിക്കറ്റ് നേടിയപ്പോൾ 51 ഇന്നിംഗ്സുകളില്‍ നിന്നാണ് ബുമ്രയുടെ അഞ്ച് വിക്കറ്റ് നേട്ടം.

ദക്ഷിണാഫ്രിക്കയില്‍ മൂന്ന് തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ബുമ്ര ഇംഗ്ലണ്ടിലും ഓസ്ട്രേലിയയിലും രണ്ട് തവണ വീതവും അഞ്ച് വിക്കറ്റ് വീതം വീഴ്ത്തിയാണ് കപില്‍ ദേവിന്‍റെ റെക്കോര്‍ഡിനൊപ്പമെത്തിയത്. സെന രാജ്യങ്ങളില്‍ ന്യൂസിലന്‍ഡില്‍ മാത്രമാണ് ബുമ്രക്ക് അഞ്ച് വിക്കറ്റ് നേട്ടമില്ലാത്തത്. ഓസ്ട്രേലിയയില്‍ ഇതുവരെ കളിച്ച എട്ട് മത്സരങ്ങളില്‍ 18.95 ശരാശരിയില്‍ 37 വിക്കറ്റുകളാണ് ബുമ്ര എറിഞ്ഞിട്ടത്. കരിയറിലെ പതിമൂന്നാമത്തെ അഞ്ച് വിക്കറ്റ് നേട്ടമാണ് ബുമ്ര പെര്‍ത്തില്‍ നേടിയത്. ഇതില്‍ 11ഉം വിദേശ പിച്ചുകളിലായിരുന്നു. ഇന്ത്യയില്‍ രണ്ട് തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി.

പെര്‍ത്ത് ടെസ്റ്റില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 150ല്‍ അവസാനിപ്പിച്ച് ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയുടെ ആദ്യ മൂന്ന് വിക്കറ്റുകളും സ്വന്തമാക്കി ഓസീസിനെ ബാക്ക് ഫൂട്ടിലാക്കിയത് ജസ്പ്രീത് ബുമ്രയായിരുന്നു. രോഹിത് ശര്‍മയുടെ അഭാവത്തില്‍ ഇന്ത്യയെ നയിക്കുന്ന ബുമ്ര മുന്നില്‍ നിന്ന് നയിച്ചാണ് പെര്‍ത്തില്‍ ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ആദ്യം അരങ്ങേറ്റക്കാരന്‍ ഓപ്പണര്‍ നഥാന്‍ മക്സ്വീനെയെ വിക്കറ്റിന് മുന്നില്‍ കുടുക്കിയ ബുമ്ര പിന്നാലെ ഉസ്മാന്‍ ഖവാജയെ സ്ലിപ്പില്‍ കോലിയുടെ കൈകളിലേക്ക് പറഞ്ഞയച്ചു.

ഇന്ത്യക്കെതിരെ എക്കാലത്തും മികച്ച പ്രകടനം നടത്തിയിട്ടുള്ള സ്റ്റീവ് സ്മിത്തിനെ നേരിട്ട ആദ്യ പന്തില്‍ തന്നെ വിക്കറ്റിന് മുന്നില്‍ കുടുക്കിയാണ് ബുമ്ര ഞെട്ടിച്ചത്. പാറ്റ് കമിന്‍സിനെയും ഇന്നലെ വീഴ്ത്തിയ ബുമ്ര ഓസീസിന്‍റെ അവസാന പ്രതീക്ഷയായ അലക്സ് ക്യാരിയെ കൂടി മടക്കിയാണ് ഇന്ത്യയുടെ തിരിച്ചുവരവിന് വഴിയൊരുക്കിയത്.

ക്യാപ്റ്റനൊക്കെ അങ്ങ് ഐപിഎല്ലില്‍; പാറ്റ് കമിന്‍സിനെ അപ്പർ കട്ടിലൂടെ സിക്സിന് തൂക്കി നിതീഷ് റെഡ്ഡി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios