മറ്റൊരു ഇന്ത്യൻ പേസര്‍ക്കുമില്ലാത്ത നേട്ടം, സാക്ഷാല്‍ കപില്‍ ദേവിനെയും മറികടന്ന് ജസ്പ്രീത് ബുമ്ര

ഏഴ് തവണ അഞ്ച് വിക്കറ്റെടുത്തിട്ടുള്ള ഇന്ത്യൻ ബൗളിംഗ് ഇതിഹാസം സാക്ഷാല്‍ കപില്‍ ദേവിനെയാണ് ബുമ്ര ഇന്ന് പിന്നിലാക്കിയത്.

Jasprit Bumrah creates Indian Record, becomes Most 5-Wicket hauls for India in SENA countries

ബ്രിസ്ബേന്‍: ഓസ്ട്രേലിയക്കെതിരായ ബ്രിസ്ബേന്‍ ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയതോടെ റെക്കോര്‍ഡിട്ട് ഇന്ത്യൻ പേസ‍ർ ജസ്പ്രീത് ബുമ്ര. സെന(സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ) രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ തവണ അഞ്ച് വിക്കറ്റ് വീഴ്ത്തുന്ന ഇന്ത്യൻ പേസറെന്ന റെക്കോര്‍ഡാണ് ബുമ്ര സ്വന്തമാക്കിയത്. സെന രാജ്യങ്ങളില്‍ ബുമ്രയുടെ കരിയറിലെ എട്ടാമത്തെ അഞ്ച് വിക്കറ്റ് നേട്ടമാണിത്.

ഏഴ് തവണ അഞ്ച് വിക്കറ്റെടുത്തിട്ടുള്ള ഇന്ത്യൻ ബൗളിംഗ് ഇതിഹാസം സാക്ഷാല്‍ കപില്‍ ദേവിനെയാണ് ബുമ്ര ഇന്ന് പിന്നിലാക്കിയത്. ഇതിനൊപ്പം ഇന്ത്യൻ പേസര്‍മാരില്‍ ഏറ്റവും കൂടുതല്‍ തവണ അ‍ഞ്ച് വിക്കറ്റെടുക്കുന്ന രണ്ടാമത്തെ ബൗളറെന്ന നേട്ടവും ബുമ്ര ഇന്ന് സ്വന്തമാക്കി. ടെസ്റ്റ് കരിയറിലെ പന്ത്രണ്ടാമത്തെ അഞ്ച് വിക്കറ്റ് നേട്ടമാണ് ബുമ്ര ഇന്ന് ബ്രിസ്ബേനില്‍ ഓസ്ട്രേലിയക്കെതിരെ സ്വന്തമാക്കിയത്. വെറും 82 ഇന്നിംഗ്സുകളിലാണ് ബുമ്രയുടെ പന്ത്രണ്ടാമത്തെ അഞ്ച് വിക്കറ്റ് നേട്ടം.

165 ഇന്നിംഗ്സുകളില്‍ 11 തവണ അഞ്ച് വിക്കറ്റ് നേട്ടം കൊയ്ത സഹീര്‍ ഖാനെയും 188 ഇന്നിംഗ്സുകളില്‍ 11 തവണ അഞ്ച് വിക്കറ്റെടുത്തിട്ടുള്ള ഇഷാന്ത് ശര്‍മയെയുമാണ് ബുമ്ര ഇന്ന് മറികടന്നത്. 227 ഇന്നിംഗ്സുകളില്‍ 23 തവണ അഞ്ച് വിക്കറ്റെടുത്തിട്ടുള്ള കപില്‍ ദേവാണ് ഏറ്റവും കൂടുതല്‍ തവണ അഞ്ച് വിക്കറ്റെടുത്ത ഇന്ത്യൻ പേസര്‍. കരിയറില്‍ 43 ടെസ്റ്റുകളില്‍ നിന്ന് 19.81 ശരാശരിയില്‍ 190 വിക്കറ്റാണ് ബുമ്ര ഇതുവരെ എറിഞ്ഞിട്ടത്.

ഓസ്ട്രേലിയക്കെതിരായ പരമ്പരയില്‍ പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 30 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്ത ബുമ്ര ബ്രിസ്ബേനില്‍ 72 റണ്‍സ് വഴങ്ങിയാണ് അഞ്ച് വിക്കറ്റെടുത്തത്. പരമ്പരയിലാകെ 17 വിക്കറ്റുകളുമായി ബുമ്രയാണ് വിക്കറ്റ് വേട്ടയില്‍ മുന്നില്‍. 11 വിക്കറ്റെടുത്ത ഓസ്ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടാമതും 10 വിക്കറ്റെടുത്ത പാറ്റ് കമിന്‍സ് മൂന്നാമതുമുള്ളപ്പോള്‍ 9 വിക്കറ്റുമായി മുഹമ്മദ് സിറാജ് നാലാമതാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios