'പക പോക്കൽ സമീപനം, വിഴിഞ്ഞം പദ്ധതിക്ക് ഇതുവരെ സഹായം കിട്ടിയിട്ടില്ല'; കേന്ദ്രത്തിനെതിരെ മന്ത്രി വി എൻ വാസവൻ
അതേസമയം, വിഴിഞ്ഞം തുറമുഖത്തില്‍ കേരളത്തിന്‍റെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പാർലമെന്‍റില്‍ വ്യക്തമാക്കിയിരുന്നു.
കോട്ടയം: വിഴിഞ്ഞം അന്താരാഷ്ട്ര തുറുമുഖത്തിന് കേന്ദ്ര സർക്കാർ അനുവദിക്കാൻ ഉദ്ദേശിക്കുന്ന വയബിലിറ്റി ഗ്യാപ്പ് ഫണ്ട് പലമടങ്ങായി തിരിച്ചടയ്ക്കണമെന്ന കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്‍റെ തീരുമാനത്തിനെതിരെ മന്ത്രി വി എൻ വാസവൻ. കേന്ദ്ര സര്‍ക്കാര്‍ അവഗണന തുടരുകയാണ് അദ്ദേഹം കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വിഴിഞ്ഞം പദ്ധതിക്ക് ഇതുവരെ സർക്കാർ സഹായം കിട്ടിയിട്ടില്ല. അർഹത ഉള്ളത് ഒന്നും കേന്ദ്രം തരാത്തത് ആണ് നിലവിലെ സാഹചര്യം. ദുരന്തം മുഖത്ത് പോലും സഹായം ഇല്ല. പക പോക്കൽ സമീപനം ആണോ എന്നും സംശയിക്കുന്നു. വിഴിഞ്ഞം സ്വകാര്യ സംരഭം അല്ല. സംസ്ഥാന സർക്കാരുമായി ചേർന്നുള്ള പദ്ധതിയാണ്. കസ്റ്റംസ് ഡ്യൂട്ടി അടക്കം എത്തുന്നത് കേന്ദ്രത്തിലേക്കാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, വിഴിഞ്ഞം തുറമുഖത്തില്‍ കേരളത്തിന്‍റെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പാർലമെന്‍റില്‍ വ്യക്തമാക്കിയിരുന്നു. വരുമാന വിഹിതം പങ്കുവെക്കണമെന്നുള്ള നിലപാടിൽ പിന്നോട്ടില്ല. വിജിഎഫ് നിബന്ധനയിൽ മാറ്റമുണ്ടാകില്ല. തൂത്തൂക്കൂടി മാതൃക വിഴിഞ്ഞത്ത് നടപ്പാക്കാനാകില്ലെന്നും കേന്ദ്രം വ്യക്തമാക്കി. തൂത്തുക്കൂടി സർക്കാരിന്‍റെ കീഴിലുള്ള തുറമുഖമാണെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. രാജ്യസഭ എംപി ഹാരീസ് ബീരാന്‍റെ ചോദ്യത്തിനാണ് കേന്ദ്രം നിലപാട് ആവർത്തിച്ചത്.
വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട വിചിത്രമായ മാനദണ്ഡം പിൻവലിക്കണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി കത്ത് അയച്ചിരുന്നു. വയബിലിറ്റി ഗ്യാപ്പ് ഫണ്ട് പലമടങ്ങായി തിരിച്ചടയ്ക്കണമെന്ന കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്‍റെ തീരുമാനത്തിലാണ് സംസ്ഥാനത്തിന്‍റെ വിയോജിപ്പ്.
വിജിഎഫ് ഗ്രാന്‍റിന്‍റെ കാര്യത്തിൽ കേന്ദ്ര സർക്കാർ പുലർത്തി വന്ന പൊതു നയത്തിൽ നിന്നുള്ള വ്യതിയാനമാണിത്. വിജിഎഫ്, ഗ്രാൻ്റായി തന്നെ അനുവധിക്കണം. വിഴിഞ്ഞം പദ്ധതിക്കായി കേന്ദ്രം നൽകുന്ന തുക, വായ്പയായി വാഖ്യാനിച്ചാൽ പലിശയടക്കമുള്ള തിരിച്ചടവ് സംസ്ഥാനത്തിന് വലിയ ബാധ്യതയാകുമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിക്കയച്ച കത്തിൽ പറഞ്ഞിരുന്നു.