സ്വപ്നംപോലെ അസ്ഹര്‍ ഇനി കോലിക്കൊപ്പം; സന്തോഷം പങ്കിട്ട് കുടുംബവും നാട്ടുകാരും
മുഷ്താഖ് അലി ടൂർണമെന്‍റിൽ അതിവേഗ സെഞ്ച്വറിയിലൂടെ മുംബൈയെ തകർത്ത് കേരളത്തെ വിജയപ്പിച്ചപ്പോൾ തന്നെ അസ്ഹർ ഐപിഎൽ ടിമുകളിലൊന്നിലെത്തുമെന്ന് കുടുംബവും നാട്ടുകാരും ഉറപ്പിച്ചിരുന്നു.
കാസര്‍ഗോഡ്: ഐപിൽ താരലേലത്തിൽ വിരാട് കോലി ക്യാപ്റ്റനായ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിൽ മുഹമ്മദ് അസഹ്റുദ്ദീൻ എത്തിയതിന്‍റെ വലിയ ആഹ്ളാദത്തിലാണ് കാസർകോട് തളങ്കരയിലെ കുടുംബാംഗങ്ങളും നാട്ടുകാരും. ഐപിൽ ചവിട്ടുപടി മാത്രമാണെന്നും ഇന്ത്യൻ ദേശീയ ടീമിന്‍റെ കുപ്പായത്തിൽ അസഹ്റുദ്ദീൻ കളിക്കുന്നത് കാണുകയാണ് സ്വപ്നമെന്നും കുടുംബാംഗങ്ങൾ പറയുന്നു.
മുഷ്താഖ് അലി ടൂർണമെന്‍റിൽ അതിവേഗ സെഞ്ച്വറിയിലൂടെ മുംബൈയെ തകർത്ത് കേരളത്തെ വിജയപ്പിച്ചപ്പോൾ തന്നെ അസ്ഹർ ഐപിഎൽ ടിമുകളിലൊന്നിലെത്തുമെന്ന് കുടുംബവും നാട്ടുകാരും ഉറപ്പിച്ചിരുന്നു. ഇഷ്ട ടീമായ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിൽ തന്നെ എത്തിയപ്പോൾ ആഹ്ളാദം ഇരട്ടി.
അസ്ഹറുദ്ദീന്‍റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും വലിയ പിന്തുണയും പ്രോത്സാഹനവുമായി കുടുംബവും ക്രിക്കറ്റിനെ ഏറെ സ്നേഹിക്കുന്ന തളങ്കരക്കാരും ഒപ്പമുണ്ടായിരുന്നു. ഐപിഎൽ ചവിട്ടുപടി മാത്രമാണെന്ന് ജ്യേഷ്ഠൻ കമറുദ്ദീന്‍ പറയുന്നു.
വീട്ടുചുമരിൽ അസ്ഹറുദ്ദീൻ കുറിച്ച അവസാന ലക്ഷ്യം ഇന്ത്യൻ ടീം ലോകകപ്പ് നേടുന്നതും ആ ടീമിൽ അസ്ഹർ അംഗമാകുന്നതുമാണ്. സ്വപ്നങ്ങളെല്ലാം സാധ്യമാക്കാൻ അസ്ഹറിനാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും കുടുംബവും.