IPL 2022 : ചുമ്മാ സ്റ്റൈലിനല്ല; റിഷി ധവാന്‍ മുഖാവരണം ധരിച്ച് കളിക്കാനിറങ്ങിയത് ഇക്കാരണത്താല്‍?
പഞ്ചാബ് കിംഗ്സിന്‍റെ റിഷി ധവാന്‍ മൈതാനത്ത് ഇറങ്ങിയത് സുരക്ഷയ്ക്ക് വേണ്ടിയുള്ള മുഖാവരണം അണിഞ്ഞാണ്
മുംബൈ: ഐപിഎല്ലില്‍ (IPL 2022) ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ (Chennai Super Kings) പഞ്ചാബ് കിംഗ്സിന്‍റെ (Punjab Kings) റിഷി ധവാന്‍ (Rishi Dhawan) മൈതാനത്ത് ഇറങ്ങിയത് സുരക്ഷയ്ക്ക് വേണ്ടിയുള്ള മുഖാവരണം അണിഞ്ഞാണ്. ഐപിഎല്‍ പതിനഞ്ചാം സീസണില്‍ ഓള്‍റൌണ്ടറുടെ ആദ്യ മത്സരമായിരുന്നു ഇത്. എന്തായിരുന്നു റിഷി ധവാന്‍റെ മുഖാവരണത്തിന് പിന്നിലെ കാരണം?
രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്‍റിനിടെയേറ്റ പരിക്കിനെ തുടർന്ന് റിഷി ധവാന്‍ മൂക്കിന് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ഇതോടെ സീസണിലെ ആദ്യ നാല് മത്സരങ്ങള്‍ റിഷിക്ക് നഷ്ടമായി. മൂക്കിന്‍റെ സുരക്ഷ മുന്‍നിർത്തി മുഖത്ത് കവചം അണിയുകയായിരുന്നു താരം. 2016ന് ശേഷം ഐപിഎല്ലിലേക്ക് റിഷിയുടെ മടങ്ങിവരവ് കൂടിയായി ചെന്നൈ സൂപ്പർ കിംഗ്സിന് എതിരായ മത്സരം. മുമ്പ് റിഷി ധവാന്‍ കളിച്ചിരുന്നതും പഞ്ചാബ് ടീമിന് വേണ്ടിയായിരുന്നു.
വിജയ് ഹസാരേ ട്രോഫിയില്‍ ഹിമാചല്‍പ്രദേശിനായി ഓള്‍റൌണ്ട് പ്രകടനത്തിലൂടെയാണ് റിഷി ധവാന്‍ ഐപിഎല്‍ താരലേലത്തില്‍ ശ്രദ്ധിക്കപ്പെട്ടത്. ലേലത്തില്‍ താരത്തിനെ 55 ലക്ഷം രൂപയ്ക്ക് പഞ്ചാബ് കിംഗ്സ് സ്വന്തമാക്കുകയായിരുന്നു. എന്നാല്‍ പരിക്കിനെ തുടർന്ന് ഐപിഎല്ലിലേക്കുള്ള തിരിച്ചുവരവ് വൈകി. ടീമില്‍ തിരിച്ചെത്തുന്ന റിഷിയെ സ്വാഗതം ചെയ്ത് പഞ്ചാബ് കിംഗ്സ് മത്സരത്തിന് മുന്നോടിയായി വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.
വിജയ് ഹസാരേ ട്രോഫി 2021/22 സീസണില്‍ മികച്ച പ്രകടനമാണ് റിഷി ധവാന്‍ കാഴ്‌ചവെച്ചത്. ടൂര്‍ണമെന്‍റില്‍ റുതുരാജ് ഗെയ്‌ക്‌വാദിന് പിന്നിലായി രണ്ടാമത്തെ ഉയര്‍ന്ന റണ്‍വേട്ടക്കാരനായി. എട്ട് ഇന്നിംഗ്‌സില്‍ അഞ്ച് അര്‍ധ സെഞ്ചുറിയടക്കം 76.33 ശരാശരിയില്‍ 458 റണ്‍സ് 31കാരനായ റിഷി നേടി. 16 പേരെ പുറത്താക്കി ടൂര്‍ണമെന്‍റിലെ മൂന്നാമത്തെ ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനുമായി. 2016ല്‍ ടീം ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച റിഷി ധവാന്‍ രണ്ട് ഏകദിനങ്ങളും ഒരു ടി20യും മാത്രമാണ് കളിച്ചത്.