IPL 2022: റോയല്‍ ജയവുമായി ബാംഗ്ലൂര്‍; മുംബൈക്ക് നാലാം തോല്‍വി
ബേസില്‍ തമ്പി എറിഞ്ഞ പന്ത്രണ്ടാം ഓവറില്‍ സിക്സും ഫോറും അടക്കം 15 റണ്‍സ് അടിച്ച് ബാംഗ്ലൂര്‍ സമ്മര്‍ദ്ദമകറ്റി. പതിനഞ്ചാം ഓവറില്‍ ബേസില്‍ തമ്പിയുടെ പന്തില്‍ വിരാട് കോലിയെ ഡൊണാള്‍ഡ് ബ്രെവിസ് കൈവിട്ടത് മുംബൈക്ക് തിരിച്ചടിയായി.
പൂനെ: ഐപിഎല്ലില്‍ (IPL 2022) മുംബൈ ഇന്ത്യന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് (Royal Challengers Bangalore vs Mumbai Indians)ഏഴ് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം. യുവതാരം അനുജ് റാവത്തിന്‍റെയും മുന്‍ നായകന്‍ വിരാട് കോലിയുടെയും തകര്‍പ്പന്‍ ബാറ്റിംഗിന്‍റെ കരുത്തില്‍ മുംബൈ ഉയര്‍ത്തിയ 152 റണ്‍സ് വിജയലക്ഷ്യം 18.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ബാംഗ്ലൂര്‍ മറികടന്നു.
അനുജ് റാവത്ത് 47 പന്തില്‍ 66 റണ്‍സെടുത്തപ്പോള്‍ കോലി 36 പന്തില്‍ 48 റണ്‍സെടുത്തു. നാലു കളികളില്‍ നാലും തോറ്റ് മുംബൈ പോയന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്തേക്ക് വീണപ്പോള്‍ നാലു കളികളില്‍ മൂന്നാം ജയവുമായി ബാംഗ്ലൂര്‍ മൂന്നാം സ്ഥാനത്തേക്ക് കയറി. സ്കോര്‍ മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ 151-6, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ 18.3 ഓവറില്‍ 152-3.
കരുതലോടെ തുടങ്ങി കരുത്താര്‍ജ്ജിച്ച് ബാംഗ്ലൂര്‍
പവര്‍പ്ലേയില്‍ വിക്കറ്റ് വീഴ്ത്താനായില്ലെങ്കിലും ബേസില്‍ തമ്പിയും ജസ്പ്രീത് ബുമ്രയും തകര്‍ത്തെറിഞ്ഞതോടെ ബാംഗ്ലൂരിന് 30 റണ്‍സ് മാത്രമെ നേടാനായുള്ളു. പവര്‍പ്ലേക്ക് പിന്നാലെ മുരുഗന്‍ അശ്വിനെ സിക്സിനും ഫോറിനും പറത്തി റാവത്ത് ബാംഗ്ലൂരിനെ ടോപ് ഗിയറിലാക്കി. എന്നാല്‍ അടുത്ത ഓവറില്‍ പൊള്ളാര്‍ഡ് അഞ്ച് റണ്‍സ് മാത്രം വിട്ടുകൊടുത്ത് വീണ്ടും കളി നിയന്ത്രണത്തിലാക്കി.
റണ്‍നിരക്കിന്‍റെ സമ്മര്‍ദ്ദമുയര്‍ന്നതിന് പിന്നാലെ എട്ടാം ഓവറില്‍ ഉനദ്ഘട്ട് ക്യാപ്റ്റന്‍ ഫാഫ് ഡൂപ്ലെസിയെ(24 പന്തില്‍ 16) മടക്കിയതോടെ ബാംഗ്ലൂര്‍ സമ്മര്‍ദ്ദത്തിലാവുമെന്ന് കരുതിയെങ്കിലും ക്രീസിലെത്തിയ വിരാട് കോലി റാവത്തിനൊപ്പം മികച്ച കൂട്ടുകെട്ടുയര്‍ത്തി ബാംഗ്ലൂരിനെ ജയത്തിലേക്ക് അടുപ്പിച്ചു. പത്തോവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 61 റണ്‍സ് മാത്രമായിരുന്നു ബാംഗ്ലൂര്‍ സ്കോര്‍.
കിംഗായി വീണ്ടും കോലി
ബേസില്‍ തമ്പി എറിഞ്ഞ പന്ത്രണ്ടാം ഓവറില്‍ സിക്സും ഫോറും അടക്കം 15 റണ്‍സ് അടിച്ച് ബാംഗ്ലൂര്‍ സമ്മര്‍ദ്ദമകറ്റി. പതിനഞ്ചാം ഓവറില്‍ ബേസില്‍ തമ്പിയുടെ പന്തില്‍ വിരാട് കോലിയെ ഡൊണാള്‍ഡ് ബ്രെവിസ് കൈവിട്ടത് മുംബൈക്ക് തിരിച്ചടിയായി. 37 പന്തില്‍ തന്‍റെ ആദ്യ ഐപിഎള്‍ അര്‍ധസെഞ്ചുറി തികച്ച അനുജ് റാവത്ത് പതിനേഴാം ഓവറില്‍ രമണ്‍ദീപിന്‍റെ നേരിട്ടുള്ള ത്രോയില്‍ റണ്ണൗട്ടായി. 47 പന്തില്‍ 66 റണ്‍സെടുത്ത റാവത്ത് ആറ് സിക്സും രണ്ട് ഫോറും പറത്തി.
ബുമ്ര എറിഞ്ഞ പതിനെട്ടാം ഓവറില്‍ ദിനേശ് കാര്‍ത്തിക്കിന്‍റെ സിക്സ് അടക്കം 13 റണ്‍സടിച്ച ബാംഗ്ലൂര്‍ മുംബൈയുടെ അവസാന പ്രതീക്ഷയും ബൗണ്ടറി കടത്തി. പത്തൊമ്പതാം ഓവര്‍ എറിയാനെത്തിയ കൗമാര താരം ഡെവാള്‍ഡ് ബ്രെവിസ് ഐപിഎല്ലിലെ തന്‍റെ ആദ്യ പന്തില്‍ വിരാട് കോലിയെ(36 പന്തില്‍ 48) വിക്കറ്റിന് മുന്നില്‍ കുടുക്കി അരങ്ങേറ്റം അവിസ്മരണീയമാക്കി. ദിനേശ് കാര്‍ത്തിക്കും (2 പന്തില്‍ 7*), ഗ്ലെന്‍ മാക്സ്‌വെല്ലും(2 പന്തില്‍ 8*) ചേര്‍ന്ന് ബാംഗ്ലൂരിന്‍റെ ജയം അനായാസമാക്കി.
നേരത്ത തകര്‍പ്പന്‍ തുടക്കത്തിനുശേഷം തകര്‍ന്നടിഞ്ഞ മുംബൈ ഇന്ത്യന്‍സിനെ സൂര്യകുമാര്‍ യാദവാണ് കരകയറ്റിയത്. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത മുംബൈ സൂര്യകുമാര്‍ യാദവിന്‍റെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുടെ കരുത്തില്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 151 റണ്‍സെടുത്തത്. 37 പന്തില്‍ 68 റണ്‍സെടുത്ത് പുറത്താകാതെ നിന്ന സൂര്യകുമാര്‍ യാദവാണ് മുംബൈക്ക് മാന്യമായ സ്കോര്‍ ഉറപ്പാക്കിയത്. 14 പന്തില്‍ 13 റണ്‍സെടുത്ത ജയദേവ് ഉനദ്ഘട്ടുമൊത്ത് ഏഴാം വിക്കറ്റില്‍ സൂര്യകുമാര്‍ 62 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി.
ഓപ്പണിംഗ് വിക്കറ്റില്‍ 50 ക്യാപ്റ്റന് രോഹിത് ശര്‍മയും ഇഷാന്‍ കിഷനും ചേര്‍ന്ന് 50 റണ്‍സടിച്ച് മുംബൈക്ക് തകര്‍പ്പന്‍ തുടക്കം നല്‍കിയെങ്കിലും പിന്നീട് മുബൈ തകര്‍ന്നടിഞ്ഞു. ബാഗ്ലൂരിനായി ഹര്‍ഷല്‍ പട്ടേലും ഹസരങ്കയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ആകാശ് ദീപ് ഒരു വിക്കറ്റെടുത്തു.