IPL 2022: ടിം ഡേവിഡിനെതിരെ ഡിആര്‍എസ് എടുക്കാന്‍ മടിച്ചതിന് പിന്നിലെ കാരണം വ്യക്തമാക്കി റിഷഭ് പന്ത്
ഡേവിഡിന്‍റെ ബാറ്റിലുരസിയ പന്തില്‍ റിഷഭ് പന്ത് ക്യാച്ചിനായി അപ്പീല്‍ ചെയ്തെങ്കിലും അമ്പയര്‍ ഔട്ട് വിധിച്ചില്ല. രണ്ട് റിവ്യൂ ബാക്കിയുണ്ടായിട്ടും നിര്‍ണായക വിക്കറ്റായിട്ടും റിഷഭ് പന്ത് ഡിആര്‍എസ് എടുത്തതുമില്ല. റീപ്ലേകളില്‍ പന്ത് ഡേവിഡിന്‍റെ ബാറ്റിലുരസിയെന്ന് വ്യക്തമായിരുന്നെങ്കിലും ഡിആര്‍എസ് എടുക്കാതിരുന്നതിനാല്‍ ഡേവിഡും മുംബൈയും രക്ഷപ്പെട്ടു
മുംബൈ: ഐപിഎല്ലില്‍(IPL 2022) നിര്‍ണായ പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ്(Delhi Capitals) മുംബൈ ഇന്ത്യന്‍സിനെതിരെ(Mumbai Indians) തോറ്റ് പ്ലേ ഓഫ് കാണാതെ പുറത്തായതിന് പിന്നാലെ ക്യാപ്റ്റന്‍ റിഷഭ് പന്തിനെതിരെ(Rishabh Pant) വലിയ വിമര്‍ശനമാണ് ഉയരുന്നത്. ജീവന്‍മരണപ്പോരാട്ടത്തില്‍ തൊട്ടതെല്ലാം പിഴച്ച പന്ത് മുംബൈ ബാറ്റര്‍ ടിം ഡേവിഡിനെതിരെ(Tim David) ഡിആര്‍എസ് എടുക്കാതിരുന്നതാണ് ഡല്‍ഹിയുടെ തോല്‍വിക്ക് കാരണമെന്നാണ് പ്രധാന വിമര്‍ശനം.
അതിനു മുമ്പെ കുല്‍ദീപ് യാദവിന്‍റെ പന്തില്‍ ഡെവാള്‍ഡ് ബ്രെവിസ് നല്‍കിയ അനായാസ ക്യാച്ച് പന്ത് കൈവിടുകയും ചെയ്തിരുന്നു. ഡല്‍ഹി ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യം പന്തുടര്‍ന്ന മുംബൈക്ക് പതിനഞ്ചാം ഓവറില്‍ ഡെവാള്‍ഡ് ബ്രെവിസിനെ നഷ്ടമാകുമ്പോള്‍ മുംബൈക്ക് ജയത്തിലേക്ക് 33 പന്തില്‍ 65 റണ്‍സ് വേണമായിരുന്നു. എന്നാല്‍ ബ്രെവിസിന് പകരം ക്രീസിലെത്തിയ വമ്പനടിക്കാരാനായ ടിം ഡേവിഡിനെ ആദ്യ പന്തില്‍ തന്നെ ഷര്‍ദ്ദുല്‍ ഠാക്കൂര്‍ റിഷഭ് പന്തിന്‍റെ കൈകളിലെത്തിച്ചെങ്കിലും ക്യാച്ചാണോ എന്ന് ഉറപ്പില്ലായിരുന്നു.
ഡേവിഡിന്‍റെ ബാറ്റിലുരസിയ പന്തില്‍ റിഷഭ് പന്ത് ക്യാച്ചിനായി അപ്പീല്‍ ചെയ്തെങ്കിലും അമ്പയര്‍ ഔട്ട് വിധിച്ചില്ല. രണ്ട് റിവ്യൂ ബാക്കിയുണ്ടായിട്ടും നിര്‍ണായക വിക്കറ്റായിട്ടും റിഷഭ് പന്ത് ഡിആര്‍എസ് എടുത്തതുമില്ല. റീപ്ലേകളില്‍ പന്ത് ഡേവിഡിന്‍റെ ബാറ്റിലുരസിയെന്ന് വ്യക്തമായിരുന്നെങ്കിലും ഡിആര്‍എസ് എടുക്കാതിരുന്നതിനാല്‍ ഡേവിഡും മുംബൈയും രക്ഷപ്പെട്ടു. ആദ്യ പന്തില്‍ ജീവന്‍ കിട്ടിയ ഡേവിഡാകട്ടെ പിന്നീട് നടത്തിയ കടന്നാക്രമണത്തിലാണ് ഡല്‍ഹിയുടെ പ്ലേ ഓഫ് പ്രതീക്ഷ ബൗണ്ടറി കടന്നത്. നാലു സിക്സും രണ്ട് ഫോറുമടക്കം 11 പന്തില്‍ 34 റണ്‍സടിച്ച ഡേവിഡാണ് അവസാനം സമ്മര്‍ദ്ദത്തിലായിരുന്നു മുംബൈയെ ജയത്തിലേക്ക് നയിച്ചത്.
എന്നാല്‍ രണ്ട് റിവ്യൂകള്‍ ബാക്കിയുണ്ടായിട്ടും ഡേവിഡിനെതിരെ എന്തുകൊണ്ടാണ് ഡി ആര്‍ എസ് എടുക്കാതിരുന്നതെന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് റിഷഭ് പന്ത് ഇപ്പോള്‍. മത്സരശേഷം നടന്ന സമ്മാനദാന ചടങ്ങിലാണ് റിഷഭ് പന്ത് റിവ്യു എടുക്കാത്തതിന് കാരണം വിശദീകരിച്ചത്.
ഡേവിഡിന്‍റെ ബാറ്റില്‍ പന്ത് തട്ടിയോ എന്ന് എനിക്ക് സംശയമുണ്ടായിരുന്നു. എന്നാല്‍ ഈ സമയം ക്ലോസ് ഇന്‍ ഫീല്‍ഡിലുണ്ടായിരുന്നവര്‍ ആരും ഇക്കാര്യത്തില്‍ ഉറപ്പൊന്നും പറഞ്ഞില്ല. റിവ്യു എടുക്കണോ എന്ന് അവരോട് ചോദിച്ചപ്പോള്‍ അവര്‍ക്കും അത്ര വിശ്വാസമില്ലായിരുന്നു. അതുകൊണ്ട് ഞാന്‍ റിവ്യു വേണ്ടെന്ന് വെച്ചു-പന്ത് പറഞ്ഞു.
ഇന്നലെ മുംബൈക്കെതിരെ ജയിച്ചിരുന്നെങ്കില്‍ പ്ലേ ഓഫ് ഉറപ്പിക്കാമായിരുന്നു ഡല്‍ഹിക്ക്. ഡല്‍ഹി തോറ്റതോടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പ്ലേ ഓഫിലെത്തുകയും ചെയ്തു. ബാറ്റിംഗിലും റിഷഭ് പന്തിന് ഇന്നലെ പതിവ് ഫോമിലേക്ക് ഉയരാനായിരുന്നില്ല. ഡല്‍ഹിയെ ബാറ്റിംഗ് തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയെങ്കിലും 33 പന്തില്‍ 39 റണ്‍സ് മാത്രമാണ് പന്തിന് നേടാനായത്.