IPL 2022: ഫിനിഷ് ചെയ്യാനാവാതെ ധോണി, ചെന്നൈയെ വീഴ്ത്തി പഞ്ചാബ്

ജയത്തോടെ എട്ടു കളികളില്‍ നാലു ജയവുമായി പഞ്ചാബ് ആറാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ ചെന്നൈ ഒമ്പതാം സ്ഥാനത്ത് തുടരുന്നു.

IPL 2022: PBKS beat csk by 11 runs

മുംബൈ: ഐപിഎല്ലില്‍ (IPL 2022) പഞ്ചാബ് കിംഗ്‌സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് തോല്‍വി. 188 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ചെന്നൈക്ക് 27 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. ധോണിയും ജഡേജയുമായിരുന്നു ക്രീസില്‍. റിഷി ധവാന്‍ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്ത് നേരിട്ട ധോണി സിക്സിന് പറത്തി വീണ്ടും കഴിഞ്ഞ മത്സരത്തിലെ ഓര്‍മകളുണര്‍ത്തി. രണ്ടാം പന്ത് വൈഡായി. അടുത്ത പന്തില്‍ ധോണിക്ക് റണ്ണെടുക്കാനായില്ല. മൂന്നാം പന്തില്‍ സിക്സിനുള്ള ധോണിയുടെ ശ്രമം ജോണി ബെയര്‍സ്റ്റോയുടെ കൈകളിലെത്തിയതോടെ ചെന്നൈ തോല്‍വി ഉറപ്പിച്ചു.

അഞ്ചാം പന്തില്‍ സിക്സടിച്ച് ജഡേജ ചെന്നൈയുടെ തോല്‍വിഭാരം കുറച്ചു.  39 പന്തില്‍ 78 റണ്‍സടിച്ച അംബാട്ടി റായുഡുവാണ് ചെന്നൈയുടെ ടോപ് സ്കോറര്‍. സ്കോര്‍ പഞ്ചാബ് കിംഗ്സ് 20 ഓവറില്‍ 187-6, ചെന്നൈ സൂപ്പര്‍ കിംഗ്സ് 20 ഓവറില്‍ 176-6.ജയത്തോടെ എട്ടു കളികളില്‍ എട്ട് പോയിന്‍റുമായി പഞ്ചാബ് ആറാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ നാലു പോയിന്‍റുള്ള ചെന്നൈ ഒമ്പതാം സ്ഥാനത്ത് തുടരുന്നു.

തുടക്കം പാളി, ഒടുക്കവും

188 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈയുടെ തുടക്കം പാളി.സ്കോര്‍ ബോര്‍ഡില്‍ 10 റണ്‍സെത്തിയപ്പോഴേക്കും ഒരു റണ്ണെടുത്ത റോബിന്‍ ഉത്തപ്പയെ സന്ദീപ് ശര്‍മ മടക്കി. പവര്‍ പ്ലേ പിന്നിടും മുമ്പ് മിച്ചല്‍ സാന്‍റ്നറും(9) മടങ്ങി. ശിവം ദുബെയെ(8) നിലയുറപ്പിക്കാന്‍ അനുവദിക്കാതെ റിഷി ധവാന്‍ വീഴ്ത്തിയതോടെ ചെന്നൈ 40-3ലേക്ക് വീണു.

പിടിച്ചു നിന്ന റുതുരാജ് ഗെയ്‌ക്‌വാദും അംബാട്ടി റായുഡുവും ചേര്‍ന്ന് ചെന്നൈയെ മുന്നോട്ട് നയിച്ചു. നല്ല തുടക്കം മുതലാക്കാവാതെ ഗെയ്ക്‌‌വാദ്(30) വീണതോടെ ചെന്നൈ പതറി. എന്നാല്‍ ഒരറ്റത്ത് തകര്‍ത്തടിച്ച റായുഡു ചെന്നൈക്ക് പ്രതീക്ഷ നല്‍കി. അവസാന അഞ്ചോവറില്‍ 70 റണ്‍സ് ജയിക്കാന്‍ വേണ്ടിയിരുന്ന ചെന്നൈ സന്ദീപ് ശര്‍മ എറിഞ്ഞ പതിനാറാം ഓവറില്‍ 23 റണ്‍സടിച്ച് പ്രതീക്ഷ നല്‍കി. എന്നാല്‍ പതിനേഴാം ഓവര്‍ എറിഞ്ഞ അര്‍ഷദീപും പതിനെട്ടാം ഓവര്‍ എറി‌ഞ്ഞ റബാഡയും റണ്‍സ് വഴങ്ങാതിരുന്നതോടെ ചെന്നൈ സമ്മര്‍ദ്ദത്തിലായി.

ഇതിനിടെ പതിനെട്ടാം ഓവറില്‍ റബാഡ അംബാട്ടി റായുഡുവിനെ(39 പന്തില്‍ 78) പുറത്താക്കിയതോടെ ചെന്നൈയുടെ എല്ലാ പ്രതീക്ഷകളും ധോണിയുടെയും ജഡേജയുടെ ബാറ്റിലായി. എന്നാല്‍  അര്‍ഷദീപും റിഷി ധവാനും നിയന്ത്രിച്ച് പന്തെറിഞ്ഞതോടെ 11 റണ്‍സകലെ ചെന്നൈ പോരാട്ടം അവസാനിപ്പിച്ചു. പഞ്ചാബിനായി റബാഡയും റിഷി ധവാനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ പഞ്ചാബ് ഓപ്പണര്‍ ശിഖര്‍ ധവാന്‍റെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുടെ മികവിലാണ്  മികച്ച സ്കോര്‍ കുറിച്ചത്. 59 പന്തില്‍ 88 റണ്‍സെടുത്ത ധവാനാണ് പഞ്ചാബിന്‍റെ ടോപ് സ്കോറര്‍. ഭാനുക രജപക്സെ(42)യും പഞ്ചാബിനായി തിളങ്ങി.

Latest Videos
Follow Us:
Download App:
  • android
  • ios