Asianet News MalayalamAsianet News Malayalam

ലോകകപ്പുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നാളെ ദില്ലിയില്‍! ഒരുക്കുന്നത് ഗംഭീര സ്വീകരണം; പരിശീലകനെ ഉടനറിയാം

പ്രത്യേക വിമാനത്തില്‍ ദില്ലിയിലെത്തുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ബിസിസിഐയുടെ നേതൃത്വത്തില്‍ വന്‍ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്.

indian cricket team arrive in delhi tomorrow
Author
First Published Jul 3, 2024, 12:01 PM IST

ബാര്‍ബഡോസ്: ട്വന്റി 20 ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ബാര്‍ബഡോസില്‍ നിന്ന് ഇന്നുതന്നെ യാത്രതിരിക്കും. താരങ്ങളെ വിമാനത്താവളത്തില്‍ എത്തിക്കാനുള്ള ബസ് ഹോട്ടലില്‍ എത്തിയിട്ടുണ്ട്. നാളെ രാവിലെ അഞ്ച് മണിയോടെ രോഹിതും സംഘവും ദില്ലിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്ത പുലര്‍ച്ചെ പുറപ്പെട്ട് വൈകിട്ട് ഏഴേ മുക്കാലോടെ ടീം എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. മോശം കാലാവസ്ഥയെ തുടര്‍ന്ന് ബാര്‍ബഡോസ് വിമാനത്താവളം അടച്ചതാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ യാത്ര വൈകാന്‍ കാരണമായത്. 

പ്രത്യേക വിമാനത്തില്‍ ദില്ലിയിലെത്തുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ബിസിസിഐയുടെ നേതൃത്വത്തില്‍ വന്‍ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്. രാഷ്ട്രപതിയുമായും പ്രധാനമന്ത്രിയുമായും ഇന്ത്യന്‍ ടീം കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന. ഇന്ത്യന്‍ ടീം നാട്ടിലെത്തിയ ഉടന്‍ പുതിയ മുഖ്യ പരിശീലകനെ പ്രഖ്യാപിക്കുമെന്നും ബിസിസിഐ അറിയിച്ചിട്ടുണ്ട്. ഇതേസമയം സിംബാബ്‌വേ പര്യടനത്തിനുളള ഇന്ത്യന്‍ ടീം ഹരാരെയില്‍ എത്തി.

ട്വന്റി 20 ലോകകപ്പ് പൂര്‍ത്തിയായതും കനത്ത കാറ്റും മഴയും ബാര്‍ബഡോസില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ യാത്രാ പദ്ധതികള്‍ അവതാളത്തിലാക്കുകയായിരുന്നു. ബെറില്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് നാല് ദിവസമായി ലോക്ക്ഡൗണ്‍ പ്രതീതിയായിരുന്നു കരീബിയന്‍ ദ്വീപിലുണ്ടായിരുന്നത്. ബാര്‍ബഡോസില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കും അവിടെ നിന്ന് ദുബായ് വഴി ഇന്ത്യയിലേക്കുമാണ് ഇന്ത്യന്‍ ടീമിന്റെ യാത്ര മുമ്പ് നിശ്ചയിച്ചിരുന്നത്. 

പിടിച്ചതിനേക്കാള്‍ വലുതാണ് മാളത്തില്‍! കോപ്പ ക്വാര്‍ട്ടര്‍ ബ്രസീലിന് കടുപ്പം; അര്‍ജന്റീനയ്ക്ക് ദുര്‍ബല എതിരാളി

എന്നാല്‍ കാറ്റഗറി നാലില്‍പ്പെടുന്ന ബെറില്‍ ചുഴലിക്കാറ്റിനൊപ്പമെത്തിയ അതിശക്തമായ മഴ കാരണം ടീമിന് ഹോട്ടലില്‍ തുടരേണ്ടിവന്നു. കനത്ത മഴയെയും കാറ്റിനെയും തുടര്‍ന്ന് ബാര്‍ബഡോസിലെ പ്രധാന വിമാനത്താവളം അടച്ചിരുന്നു. ഇതിന് പുറമെ ബാര്‍ബഡോസിലെ വൈദ്യുതിയും കുടിവെള്ള വിതരണവും മുടങ്ങി. തിങ്കളാഴ്ച നാട്ടിലേക്ക് മടങ്ങാം എന്ന് ഇന്ത്യന്‍ സംഘം പ്രതീക്ഷിച്ചുവെങ്കിലും മഴ തുടര്‍ന്നത് തിരിച്ചടിയായി. ബാര്‍ബഡോസിലെ വിമാനത്താവളം വീണ്ടും തുറക്കുന്നതിനായി കാത്തിരിക്കുകയായിരുന്നു ഇന്ത്യന്‍ സംഘം. 

ചൊവ്വാഴ്ച ബാര്‍ബഡോസില്‍ നിന്ന് തിരിക്കാമെന്ന് കരുതിയെങ്കിലും വിമാനത്താവളത്തിലെ സര്‍വീസ് പഴയപടിയാവാതിരുന്നത് തിരിച്ചടിയാവുകയായിരുന്നു. ബാര്‍ബഡോസില്‍ കുടുങ്ങിയപ്പോള്‍ മുതല്‍ ടീമിനെ നാട്ടിലെത്തിക്കാന്‍ ബിസിസിഐ ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കായി ശ്രമിക്കുന്നുണ്ടായിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios