കോലിയുടേയും രോഹിത്തിന്റേയും പിന്തുടരാനില്ല! വിരമിക്കുന്നതിനെ കുറിച്ച് ഇന്ത്യന്‍ പേസര്‍ ജസ്പ്രിത് ബുമ്ര
തന്റെ വിരമിക്കല്‍ പദ്ധതികളെ കുറിച്ചും ബുമ്ര സംസാരിച്ചു. അതിപ്പോഴൊന്നും ഉണ്ടാവില്ലെന്നാണ് അദ്ദേഹം പറയുന്നത്.
മുംബൈ: ടി20 ലോകകപ്പിലെ താരമായിരുന്നു ജസ്പ്രിത് ബുമ്ര. ഇന്ത്യയുടെ രണ്ടാം ടി20 ലോകകപ്പ് നേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ചതും ബുമ്രയാണ്. എട്ട് മത്സരങ്ങളില്‍ 15 വിക്കറ്റാണ് ബുമ്ര വീഴ്ത്തിയത്. 178 പന്തില്‍ 124 റണ്‍സ് മാത്രമാണ് ബുമ്ര വിട്ടുകൊടുത്തത്. 8.27 ശരാശരിയില്‍ ഇന്ത്യന്‍ പേസറുടെ നേട്ടം. 30കാരന്‍ ആദ്യമായിട്ടാണ് ലോകകപ്പ് നേടുന്നത്. ലോകകപ്പ് നേട്ടത്തിന് ശേഷം ബുമ്ര ഇന്ത്യയില്‍ തിരിച്ചെത്തിയിരുന്നു. കഴിഞ്ഞ ദിവസം മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ടീമിനൊപ്പം ആഘോഷ പരിപാടികളില്‍ ബുമ്രയുമുണ്ടായിരുന്നു.
ഇതിനിടെ തന്റെ വിരമിക്കല്‍ പദ്ധതികളെ കുറിച്ചും ബുമ്ര സംസാരിച്ചു. അതിപ്പോഴൊന്നും ഉണ്ടാവില്ലെന്നാണ് അദ്ദേഹം പറയുന്നത്. ബുമ്രയുടെ വാക്കുകള്‍... ''ഞാന്‍ തുടങ്ങിയതൊള്ളൂ, എന്റെ വിരമിക്കല്‍ അടുത്തെങ്ങുമുണ്ടാവില്ല.'' ബുമ്ര പറഞ്ഞു. വാംഖഡെയിലെ ചടങ്ങിനെ കുറിച്ചും ബുമ്ര സംസാരിച്ചു. ''എന്റെ ജീവിതത്തിന്റെ ഏറ്റവും വലിയ ഭാഗമാണ് ഈ ഗ്രൗണ്ട്. അണ്ടര്‍ 19 താരമായിട്ടാണ് ഞാന്‍ വരുന്നത്. ഇതിന് മുമ്പ് ഇത്തരത്തിലൊന്നും കണ്ടിട്ടില്ല. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ മുന്നോട്ട് കൊണ്ടുപോവുകയാണ് ലക്ഷ്യം.'' ബുമ്ര പറഞ്ഞു.
ടി20 ലോകകപ്പ് കീരിടവുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുംബൈ മറൈന്‍ ഡ്രൈവില്‍ നിന്ന് വാംഖഡെ സ്റ്റേഡിയം വരെ നടത്തിയ വിക്ടറി മാര്‍ച്ച് കാണാന്‍ പതിനായിരങ്ങളാണ് മറൈന്‍ഡ്രൈവിന്റെ ഇരുവശവും ഇന്നലെ മണിക്കൂറുകള്‍ക്ക് മുമ്പെ നിലയുറപ്പിച്ചത്. കനത്ത മഴയെപ്പോലും അവഗണിച്ച് രണ്ട് മണിക്കൂറോളം വൈകി തുടങ്ങിയ വിക്ടറി മാര്‍ച്ചില്‍ ജനം തടിച്ചുകൂടിയിരുന്നു.
ഇന്നലെ രാവിലെ ആറരയോടെ ഡല്‍ഹി വിമാനത്താവളത്തിലെത്തിയ ഇന്ത്യന്‍ ടീം അംഗങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ ഒരുക്കിയ സ്വീകരണത്തില്‍ പങ്കെടുത്തശേഷമാണ് മുംബൈയിലെത്തിയത്. ഡല്‍ഹിയില്‍ നിന്ന് വിസ്താര വിമാനത്തില്‍ മുംബൈയിലെത്തിയ ഇന്ത്യന്‍ ടീമിനെ വാട്ടര്‍ സല്യൂട്ട് നല്‍കിയാണ് അഗ്‌നിശമനസേന സ്വീകരിച്ചത്. മുംബൈ മറൈന്‍ ഡ്രൈവില്‍ നിന്ന് തുറന്ന ബസില്‍ വാംഖഡെ സ്റ്റേഡിയം വരെ വിക്ടറി പരേഡ് നടത്തിയശേഷം വാംഖഡെയിലെത്തിയ 33000ത്തോളം ആരാധകരെ സാക്ഷി നിര്‍ത്തിയായിരുന്നു ഇന്ത്യന്‍ ടീമിന്റെ വിജയാഘോഷം.