Asianet News MalayalamAsianet News Malayalam

26കാരി ജോലിക്കിടെ തോട്ടത്തിൽ പ്രസവിച്ചു, നിസഹായ അവസ്ഥയിൽ അമ്മയ്ക്കും കുഞ്ഞിനും കരുതലായി ആരോഗ്യ പ്രവര്‍ത്തകര്‍

ആരോഗ്യ പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി; അതിഥി തൊഴിലാളിയായ അമ്മയ്ക്കും കുഞ്ഞിനും ജീവന്റെ കരുതല്‍, മാതൃകയായി വീണ്ടും ഒഴലപ്പതി കുടുംബാരോഗ്യ കേന്ദ്രം
 

26 year old woman gave birth in the plantation while working and health workers took care of mother and child
Author
First Published Jul 5, 2024, 9:55 PM IST

പാലക്കാട്: ഒഴലപ്പതി കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപമുള്ള അനുപ്പൂരില്‍ അതിഥി തൊഴിലാളിയായ അമ്മയ്ക്കും കുഞ്ഞിനും കരുതലൊരുക്കി ആരോഗ്യ വകുപ്പ് ജീവനക്കാര്‍. പ്രസവത്തിന് 20 ദിവസം ബാക്കിയിരിക്കെ തൊഴിലിടത്തില്‍ വെച്ച് പ്രസവിച്ച യുവതിയ്ക്കാണ് ഒഴലപ്പതി കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍ ഒറ്റക്കെട്ടായി കരുതലൊരുക്കിയത്. ചിറ്റൂര്‍ താലൂക്കാശുപത്രിയില്‍ ചികിത്സയിലുള്ള അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. മാതൃകാപരമായ പ്രവര്‍ത്തനത്തിലൂടെ അമ്മയുടേയും കുഞ്ഞിന്റേയും ജീവന്‍ രക്ഷിച്ച ആരോഗ്യ പ്രവര്‍ത്തകരെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

കര്‍ണാടക സ്വദേശിയായ 26കാരിയ്ക്കാണ് ആരോഗ്യ പ്രവര്‍ത്തകര്‍ തുണയായത്. ഗര്‍ഭിണിയായപ്പോള്‍ കര്‍ണാടകയിലാണ് രജിസ്റ്റര്‍ ചെയ്തത്. തോട്ടം ജോലിയ്ക്കായാണ് പാലക്കാട് അനുപ്പൂരിലെത്തിയത്. തുടര്‍പരിചരണത്തിനായി അവര്‍ ഒഴലപ്പതി കുടുംബാരോഗ്യ കേന്ദ്രത്തിലെത്തി. ആരോഗ്യവതിയായ ഗര്‍ഭിണിയ്ക്ക് ഈ മാസം 24നായിരുന്നു പ്രസവ തീയതി. ആശ പ്രവര്‍ത്തക, അങ്കണവാടി പ്രവര്‍ത്തക, ജെപിഎച്ച്എന്‍ എന്നിവര്‍ ഇവരെ കൃത്യമായി മോണിറ്റര്‍ ചെയ്തു.

പ്രസവം കര്‍ണാടകയില്‍ വച്ച് നടത്താനായി നാട്ടില്‍ പോകാന്‍ ഇരുന്നതാണ്. അതിനിടയ്ക്ക് കഴിഞ്ഞ ദിവസം രാവിലെ തൊഴിലിടത്തില്‍ വച്ച് പെട്ടെന്ന് യുവതിയ്ക്ക് പ്രസവ വേദന അനുഭവപ്പെടുകയും പ്രസവിക്കുകയും ചെയ്തു. തൊഴിലിടത്തെ സൂപ്പര്‍വൈസര്‍ ഇക്കാര്യം ആശാ പ്രവര്‍ത്തകയെ അറിയിച്ചു. വിവരമറിഞ്ഞ് ഉടനെത്തിയ ആശാ പ്രവര്‍ത്തക കാണുന്നത് പൊക്കിള്‍കൊടി ബന്ധം വേര്‍പെടുത്താന്‍ കഴിയാതെ നിസ്സഹായാവസ്ഥയിലുള്ള അമ്മയെയും കുഞ്ഞിനെയുമാണ്. ഉടന്‍ തന്നെ ഒഴലപ്പതി കുടുംബാരോഗ്യ കേന്ദ്രത്തെ വിവരമറിയിച്ചു.

മെഡിക്കല്‍ ഓഫീസര്‍ കനിവ് 108 ആംബുലന്‍സ് വിളിച്ച് വേണ്ട സജ്ജീകരണങ്ങളൊരുക്കി. ഉടന്‍തന്നെ കുടുംബാരോഗ്യ കേന്ദ്രത്തിലുണ്ടായിരുന്ന സ്റ്റാഫ് നഴ്‌സ്, എംഎല്‍എസ്പി, ജെഎച്ച്‌ഐ എന്നിവര്‍ സ്ഥലത്തെത്തി പ്രാഥമിക ശുശ്രുഷ നല്‍കാന്‍ വേണ്ട ക്രമീകരണങ്ങള്‍ നടത്തി. തൊട്ട് പിന്നാലെ മെഡിക്കല്‍ ഓഫീസറും പബ്ലിക് ഹെല്‍ത്ത് നഴ്‌സും സ്ഥലത്തെത്തി. പൊക്കിള്‍ക്കൊടി വേര്‍പെടുത്തി അമ്മയേയും കുഞ്ഞിനേയും കനിവ് 108 ആംബുലന്‍സില്‍ ചിറ്റൂര്‍ താലൂക്കാശുപത്രിയിലെത്തിച്ചു. ജെപിഎച്ച്എന്‍, ആശാ പ്രവര്‍ത്തക, അങ്കണവാടി വര്‍ക്കര്‍ എന്നിവര്‍ വൈകുന്നേരം വരെ അമ്മയ്ക്കും കുഞ്ഞിനും വേണ്ട സൗകര്യങ്ങള്‍ നല്‍കി. പ്രസവിച്ച യുവതിയുടെ ആത്മധൈര്യം നിലനിര്‍ത്താന്‍ അവരുടെ ഭാഷ അനായാസം കൈകാര്യം ചെയ്ത എംഎല്‍എസ്പിയിലൂടെ സാധിച്ചു.

ഒഴലപ്പതി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. കിരണ്‍ രാജീവ്, പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ഹാജിറ, സ്റ്റാഫ് നഴ്‌സ് ലാവണ്യ, എംഎല്‍എസ്പി അനിഷ, ജെഎച്ച്‌ഐ സ്റ്റാന്‍ലി, ജെപിഎച്ച്എന്‍ സൗമ്യ, ആശാ പ്രവര്‍ത്തക ജ്യോതിപ്രിയ, അങ്കണവാടി വര്‍ക്കര്‍ സുശീല, കനിവ് 108 ജീവനക്കാര്‍ എന്നിവരാണ് ഈ ദൗത്യത്തില്‍ പങ്കാളികളായത്. പാലക്കാട് ഒഴലപ്പതി കുടുംബാരോഗ്യ കേന്ദ്രം നേരത്തേയും രാജ്യ ശ്രദ്ധ നേടിയിരുന്നു. രാജ്യത്തെ ആദ്യ രണ്ട് ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളിലൊന്നാണ് ഒഴലപ്പതി കുടുംബാരോഗ്യ കേന്ദ്രം. അതിലൊന്ന് കേരളത്തിലെ തന്നെ കക്കോടിയും. 2022ല്‍ കയകല്‍പ്പ് അവാര്‍ഡ്, കാഷ് അക്രഡിറ്റേഷന്‍, എന്‍ക്യൂഎഎസ്, ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍ തുടങ്ങിയ അംഗീകാരങ്ങള്‍ നേടിയ സ്ഥാപനം കൂടിയാണ് ഒഴലപ്പതി കുടുംബാരോഗ്യ കേന്ദ്രം.

പാലക്കാട്ടെ ആരോഗ്യ പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി; അതിഥി തൊഴിലാളിയായ അമ്മക്കും കുഞ്ഞിനും ജീവന്‍റെ കരുതല്‍

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios