Asianet News MalayalamAsianet News Malayalam

സൂപ്പർ 8ൽ ഇന്ത്യയെ കാത്തിരിക്കുന്നത് കനത്ത വെല്ലുവിളി, ആദ്യ 2 എതിരാളികളായി; മൂന്നാമത്തെ ടീമിനെ നാളെ അറിയാം

അഫ്ഗാൻ പേസര്‍ ഫസലുള്ള ഫാറൂഖി മൂന്ന് കളികളില്‍ 12 വിക്കറ്റുമായി വിക്കറ്റ് വേട്ടയില്‍ ഒന്നാമതുള്ളപ്പോള്‍ മൂന്ന് കളികളില്‍ 167 റണ്‍സടിച്ച ഓപ്പണര്‍ റഹ്മാനുള്ള ഗുര്‍ബാസാണ് റണ്‍വേട്ടയില്‍ ഒന്നാം സ്ഥാനത്ത്.

India to face Afghanistan and Australia in Super 8, Bangladesh will be third opponent
Author
First Published Jun 14, 2024, 12:11 PM IST | Last Updated Jun 14, 2024, 12:11 PM IST

ബാര്‍ബഡോസ്: ടി20 ലോകകപ്പില്‍ സൂപ്പര്‍ 8 പോരാട്ടങ്ങള്‍ക്ക് അടുത്ത ആഴ്ച തുടക്കമാകുമ്പോള്‍ ഇന്ത്യയെ കാത്തിരിക്കുന്നത് കനത്ത വെല്ലുവിളി. ഇന്ന് നടന്ന മത്സരത്തില്‍ പാപുവ ന്യൂ ഗിനിയയെ തകര്‍ത്ത് സൂപ്പര്‍ എട്ടിലെത്തിയ അഫ്ഗാനിസ്ഥാനാണ് 20ന് നടക്കുന്ന ആദ്യ സൂപ്പര്‍ 8 പോരാട്ടത്തില്‍ ഇന്ത്യയുടെ എതിരാളികള്‍. ബാര്‍ബഡോസിലെ കെന്‍സിംഗ്ടണ്‍ ഓവലിലാണ് ഈ മത്സരം.

ലീഗ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളും വെസ്റ്റ് ഇന്‍ഡീസിലാണ് കളിച്ചതെങ്കിലും അഫ്ഗാനിസ്ഥാന്‍ ഇതുവരെ കെന്‍സിംഗ്ടണ്‍ ഓവലില്‍ കളിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഇന്ത്യക്കും അഫ്ഗാനും ബാര്‍ബ‍ഡോസിലെ സാചഹര്യങ്ങള്‍ പുതുമയുള്ളതായിരിക്കുമെങ്കിലും അഫ്ഗാന് തന്നെയായിരിക്കും മുന്‍തൂക്കം. വെസ്റ്റ് ഇന്‍ഡീസില്‍ കളിച്ച ലീഗ് ഘട്ടത്തില്‍ മൂന്ന് മത്സരങ്ങളും ജയിച്ച അഫ്ഗാനെതിരെ ഒരു ടീമും ഇതുവരെ 100 റണ്‍സ് പോലും അടിച്ചിട്ടില്ലെന്നത് അവരുടെ ബൗളിംഗ് കരുത്തിന് തെളിവാണ്.

അമേരിക്ക-അയര്‍ലന്‍ഡ് പോരാട്ടം ഇന്ന്, ബാബറിന്‍റെയും പാകിസ്ഥാന്‍റെയും വിധി ഇന്നറിയാം; മത്സരത്തിന് മഴ ഭീഷണി

പേസര്‍ ഫസലുള്ള ഫാറൂഖി മൂന്ന് കളികളില്‍ 12 വിക്കറ്റുമായി വിക്കറ്റ് വേട്ടയില്‍ ഒന്നാമതുള്ളപ്പോള്‍ മൂന്ന് കളികളില്‍ 167 റണ്‍സടിച്ച ഓപ്പണര്‍ റഹ്മാനുള്ള ഗുര്‍ബാസാണ് റണ്‍വേട്ടയില്‍ ഒന്നാം സ്ഥാനത്ത്. ന്യൂയോര്‍ക്കിലെ ലോ സ്കോറിംഗ് പിച്ചില്‍ നിന്ന് വ്യത്യസ്തമായി ബാര്‍ബഡോസില്‍ ഉയര്‍ന്ന സ്കോര്‍ പിറക്കുന്ന മത്സരങ്ങളാണ് ഇത്തവണ കണ്ടത്. ഈ ഗ്രൗണ്ടിലെ രണ്ട് മത്സരങ്ങള്‍ കളിച്ച ഓസ്ട്രേലിയ ഇംഗ്ലണ്ടിനെതിരെ 201 റണ്‍സടിച്ചപ്പോള്‍ 36 റണ്‍സിന് ജയിച്ചു. ഒമാനെതിരെ 164 റണ്‍സടിച്ചപ്പോള്‍ 39 റണ്‍സിനായിരുന്നു ജയം. അമേരിക്കയിലെ പിച്ചുകളില്‍ നിന്ന് വ്യത്യസ്തമായി ബാറ്റിംഗിന് അനുകൂല സാഹചര്യങ്ങളാണ് ബാര്‍ബഡോസിലുള്ളത്.

24ന് നടക്കുന്ന രണ്ടാമത്തെ സൂപ്പര്‍ 8 പോരാട്ടത്തില്‍ ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍. സെന്‍റ് ലൂസിയയിലെ ഡാരന്‍ സമി ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഈ മത്സരം. ഈ ഗ്രൗണ്ടില്‍ നാളെ ഓസ്ട്രേലിയ, സ്കോട്‌ലന്‍ഡിനെ നേരിടുന്നുണ്ട്. ഇതേവേദിയില്‍ തന്നെയാണ് ഇന്ത്യയെയും നേരിടുന്നത് എന്നതിനാല്‍ ഓസീസിന് നേരിയ മുന്‍തൂക്കം ലഭിക്കും.

ടി20 ലോകകപ്പ്: പാപുവ ന്യൂ ഗിനിയയെ തകർത്ത് അഫ്ഗാനിസ്ഥാന്‍ സൂപ്പര്‍ 8ല്‍, ന്യൂസിലൻഡ് പുറത്ത്

22ന് നടക്കുന്ന സൂപ്പര്‍ എട്ടിലെ രണ്ടാമത്തെ മത്സരത്തില്‍ ബംഗ്ലാദേശ് ആണോ ദക്ഷിണാഫ്രിക്കയാണോ ഇന്ത്യയുടെ എതിരാളികള്‍ എന്നത് നാളെ അറിയാനാകും. ദക്ഷിണാഫ്രിക്ക-നേപ്പാള്‍ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ജയിച്ചാല്‍ ബംഗ്ലാദേശാകും 22ന് ആന്‍റിഗ്വയിലെ വിവിയന്‍ റിച്ചാര്‍ഡ്സ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യയുടെ എതിരാളികള്‍. ബാറ്റിംഗിന് അനുകൂലമായ സാഹചര്യങ്ങളാണ് ആന്‍റിഗ്വയിലുമുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios