Asianet News MalayalamAsianet News Malayalam

ഒടുവില്‍ തെറ്റ് പറ്റിയെന്ന് തുറന്നു പറഞ്ഞ് രോഹിത് ശർമ, 46ന് ഓള്‍ ഔട്ടായതില്‍ വിശദീകരണവുമായി ഇന്ത്യൻ ക്യാപ്റ്റൻ

ന്യൂസിലന്‍ഡിനെതിരായ ബെംഗളൂരു ടെസ്റ്റില്‍ ഇന്ത്യ 46 റണ്‍സിന് ഓള്‍ ഔട്ടായതില്‍ വിശദീകരണവുമായി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശര്‍മ.

I didn't read the pitch well enough: Rohit Sharma admits his mistake after India all out for 46 in in Bengaluru Test
Author
First Published Oct 17, 2024, 8:31 PM IST | Last Updated Oct 17, 2024, 8:31 PM IST

ബെംഗളൂരു: ന്യൂസിലന്‍ഡിനെതിരായ ബെംഗളൂരു ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ 46 റണ്‍സിന് ഓള്‍ ഔട്ടായതിന് പിന്നാലെ തെറ്റ് പറ്റിയെന്ന് തുറന്നു പറഞ്ഞ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. രണ്ടാം ദിവസത്തെ കളിക്കുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പിച്ചിന്‍റെ സ്വഭാവം മനസിലാക്കുന്നതില്‍ തനിക്ക് തെറ്റ് പറ്റിയെന്ന് രോഹിത് സമ്മതിച്ചത്.

ബെംഗളൂരു ടെസ്റ്റില്‍ മഴയും മൂടിക്കെട്ടിയ അന്തരീക്ഷവുമായിട്ടും നിര്‍ണായക ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ കിവീസ് പേസര്‍മാര്‍ ഇന്ത്യയെ 46 റണ്‍സിന് പുറത്താക്കി ആധിപത്യം നേടുകയും ചെയ്തു. പിന്നീട് ന്യൂസിലന്‍ഡ് ബാറ്റ് ചെയ്യാനെത്തിയപ്പോഴേക്കും വെയില്‍ വന്ന് സാഹചര്യം മെച്ചപ്പെട്ടതോടെ ബാറ്റിംഗ് എളുപ്പമായി. ആദ്യ രണ്ട് ദിവസങ്ങളില്‍ പിച്ച് ബാറ്റിംഗിന് അനുകൂലമാകുമെന്നും പിന്നീട് സ്പിന്നര്‍മാരെ തുണക്കുമെന്നുമാണ് താന്‍ മനസിലാക്കിയതെന്ന് വാര്‍ത്താ സമ്മേളനത്തില്‍ രോഹിത് പറഞ്ഞു.

'ഫൈവ് സ്റ്റാർ ഡക്ക്', 146 വര്‍ഷത്തെ ടെസ്റ്റ് ചരിത്രത്തിലാദ്യം; നാട്ടില്‍ നാണക്കേടിന്‍റെ പടുകുഴിയില്‍ ഇന്ത്യ

ഇന്ന് ഇന്ത്യയെ സംബന്ധിച്ച് മോശം ദിവസമായിരുന്നു. ചിലപ്പോഴൊക്കെ ഇങ്ങനെയും സംഭവിക്കും. ഇന്ത്യയില്‍ കളിക്കുമ്പോള്‍ ആദ്യ സെഷന്‍ എല്ലായ്പ്പോഴും നിര്‍ണായകമാണ്. ബെംഗളൂരു പിച്ചില്‍ കാര്യമായ പുല്ല് ഇല്ലാത്തതിനാലാണ് മൂന്ന് സ്പിന്നര്‍മാരെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയത്. പിച്ച് കുറച്ചു കൂടി ഫ്ലാറ്റ് ആയിരിക്കുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ മറിച്ചാണ് സംഭവിച്ചത്. എന്‍റെ ഭാഗത്തു നിന്ന് പിച്ചിന്‍റെ സ്വഭാവം മനസിലാക്കുന്നതില്‍ പിഴവ് പറ്റി. അതാണ് ഇപ്പോഴത്തെ അവസ്ഥക്ക് കാരണം. അതുപോലെ ടോസ് നേടിയിട്ടും ബാറ്റിംഗ് തെരഞ്ഞെടുത്തത് എന്‍റെ തീരുമാനമായിരുന്നു. അതും പിഴച്ചു. ക്യാപ്റ്റനെന്നിലയില്‍ അതെന്നെ വേദനിപ്പിക്കുന്നുണ്ട്. പക്ഷെ 365 ദിവസത്തില്‍ രണ്ടോ മൂന്നോ തീരുമാനങ്ങള്‍ പിഴക്കുന്നത് അംഗീകരിക്കാവുന്നതാണെന്നാണ് ഞാന്‍ കരുതുന്നത്.

ന്യൂസിലന്‍ഡിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് പരമാവധി കുറക്കാനാണ് മൂന്നാം ദിനം ഞങ്ങള്‍ ശ്രമിക്കുക. രണ്ടാം ഇന്നിംഗ്സില്‍ മികച്ച പ്രകടനം നടത്തി തിരിച്ചുവരാന്‍ ശ്രമിക്കും. ക്യാച്ചുകള്‍ കൈവിട്ടതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യത്തിന് എല്ലാവര്‍ക്കും ഒരു മോശം ദിവസമുണ്ടാവില്ലെ, നിങ്ങള്‍ക്ക് ഓഫീസിലും അതുപോലെ ചില മോശം ദിവസങ്ങള്‍ ഉണ്ടാവില്ലെ എന്നായിരുന്നു രോഹിത്തിന്‍റെ മറുപടി. ഒറ്റ ദിവസം കൊണ്ട് ഒന്നിനെയും വിധിക്കാനാവില്ല, ഇത് മത്സരമാണ്. ചിലപ്പോള്‍ നല്ല ദിവസവും മോശം ദിവസവും ഉണ്ടാകും.

തകർന്നടിഞ്ഞ ഇന്ത്യക്കെതിരെ തകർത്തടിച്ച് കീവീസ് മറുപടി; ബെംഗളൂരു ടെസ്റ്റില്‍ ഇന്ത്യക്കെതിരെ കൂറ്റന്‍ ലീഡിലേക്ക്

കെ എല്‍ രാഹുലിനെ ആറാം നമ്പറില്‍ ബാറ്റിംഗിനിറക്കിയതിനെ രോഹിത് ന്യായീകരിച്ചു. ലോക്കല്‍ ബോയ് ആണെന്നത് കൊണ്ട്  നേരത്തെ ഇറക്കണമെന്നില്ല. ഇപ്പോഴാണ് രാഹുല്‍ ബാറ്റിംഗ് ഓര്‍ഡറില്‍ ഒരു സ്ഥിരം സ്ഥാനം കണ്ടെത്തുന്നത്.  അതുകൊണ്ടാണ് അദ്ദേഹത്തെ ആ സ്ഥാനത്ത് തുടരാന്‍ അനുവദിച്ചത്. ഗില്ലിന്‍റെ അഭാവത്തില്‍ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാമെന്ന് വിരാട് കോലി തന്നെയാണ് പറഞ്ഞത്. വെല്ലുവിളികളും ഉത്തരവാദിത്തങ്ങളും ഏറ്റെടുക്കാന്‍ കളിക്കാര്‍ മുന്നോട്ടുവരുന്നത് നല്ല സൂചനയാണ്.

സര്‍ഫറാസും ദീര്‍ഘകാലമായി നാലാം നമ്പറില്‍ ബാറ്റ് ചെയ്യുന്ന താരമാണ്. പന്തിന്‍റെയും രാഹുലിന്‍റെയും ബാറ്റിംഗ് പൊസിഷന്‍ മാറ്റാന്‍ ആഗ്രഹിച്ചിരുന്നില്ല. അതുകൊണ്ടാണ് രാഹുല്‍ ആറാമനായി ക്രീസിലെത്തിയതെന്നും രോഹിത് പറഞ്ഞു. കിവീസിന്‍റെ ഉയരക്കാരന്‍ പേസര്‍ വില്യം ഒറൂക്കെ ആണ് ഇന്ത്യക്ക് വെല്ലുവിളിയായതെന്ന ചോദ്യത്തിന് മാറ്റ് ഹെന്‍റിയല്ലെ അഞ്ച് വിക്കറ്റെടുത്തത്, ബൗളര്‍മാരാകുമ്പോള്‍ വിക്കറ്റെടുക്കും, അതാണല്ലോ അവരുടെ പണി, ഇടം കൈയന്‍ പേസര്‍ക്കാണ് വിക്കറ്റെങ്കില്‍ നിങ്ങള്‍ അത് പറയുമെന്നായിരുന്നു ചിരിച്ചുകൊണ്ട് രോഹിത്തിന്‍റെ മറുപടി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios