Asianet News MalayalamAsianet News Malayalam

മുള്‍ട്ടാന്‍ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്, പാകിസ്ഥാന് വേണ്ടത് 8 വിക്കറ്റ്, ഇംഗ്ലണ്ടിന് 261 റണ്‍സും

എട്ട് വിക്കറ്റും രണ്ട് ദിവസവും ശേഷിക്കെ ഇംഗ്ലണ്ടിന് ജയിക്കാന്‍ 261 റണ്‍സ് കൂടി വേണം.

Pakistan vs England, 2nd Test at Multan nearing to Thrilling finish
Author
First Published Oct 17, 2024, 7:07 PM IST | Last Updated Oct 17, 2024, 7:07 PM IST

മുള്‍ട്ടാൻ: പാകിസ്ഥാന്‍- ഇംഗ്ലണ്ട് രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. രണ്ടാം ഇന്നിംഗ്സില്‍ 297 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 36 റണ്‍സെന്ന നിലയിലാണ്. 21 റണ്‍സോടെ ഒല്ലി പോപ്പും 12 റണ്‍സുമായി ജോ റൂട്ടും ക്രീസില്‍. മൂന്ന് റണ്‍സെടുത്ത സാക് ക്രോളിയുടെയും ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറി നേടിയ ബെന്‍ ഡക്കറ്റിന്‍റെയും വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് രണ്ടാം ഇന്നിംഗ്സില്‍ നഷ്ടമായത്. എട്ട് വിക്കറ്റും രണ്ട് ദിവസവും ശേഷിക്കെ ഇംഗ്ലണ്ടിന് ജയിക്കാന്‍ 261 റണ്‍സ് കൂടി വേണം. സ്പിന്നര്‍മാരെ സഹായിക്കുന്ന പിച്ചില്‍ ഇംഗ്ലണ്ടിന് ലക്ഷ്യത്തിലെത്തുക എളുപ്പമാകില്ല.

പാകിസ്ഥാന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 366 റണ്‍സിന് മറുപടിയായി മൂന്നാം ദിനം ആറ് വിക്കറ്റ് നഷ്ടത്തില്‍ 239 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് തുടര്‍ന്ന ഇംഗ്ലണ്ട് ആദ്യ സെഷനില്‍ തന്നെ 291 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. 21 റണ്‍സെടുത്ത ജാമി സ്മിത്തും 25 റണ്‍സെടുത്ത ജാക് ലീച്ചും മാത്രമാണ് വാലറ്റത്ത് ഇംഗ്ലണ്ടിനായി പൊരുതിയത്. പാകിസ്ഥാനുവേണ്ടി സാജിദ് ഖാന്‍ ഏഴ് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ നൗമാന്‍ അലി മൂന്ന് വിക്കറ്റെടുത്തു.

തകർന്നടിഞ്ഞ ഇന്ത്യക്കെതിരെ തകർത്തടിച്ച് കീവീസ് മറുപടി; ബെംഗളൂരു ടെസ്റ്റില്‍ ഇന്ത്യക്കെതിരെ കൂറ്റന്‍ ലീഡിലേക്ക്

75 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡിന്‍റെ ആത്മവിശ്വാസവുമായി രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ പാകിസ്ഥാന് തുടക്കത്തിലെ തിരിച്ചടിയേറ്റു.നാല്  റണ്‍സെടുത്ത ആസാദ് ഷഫീഖിനെയും 11 റണ്‍സെടുത്ത ക്യാപ്റ്റൻ ഷാന്‍ മസൂദിനെയും  ഷൊയ്ബ് ബഷീര്‍ മടക്കിയപ്പോള്‍ പാകിസ്ഥാന്‍ 25-2ലേക്ക് വീണു. എന്നാല്‍ സയ്യീം അയൂബ്(22), ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറി നേടിയ കമ്രാന്‍ ഗുലാം(26), സൗദ് ഷക്കീല്‍(31) എന്നിവരും വലിയ സ്കോര്‍ നേടാതെ പുറത്തായതോടെ 114-5 എന്ന സ്കോറില്‍ പാകിസ്ഥാന്‍ പതറി.

23 റണ്‍സെടുത്ത മുഹമ്മദ് റിസ്‌വാനും 63 റണ്‍സെടുത്ത ആഗ സല്‍മാനും ചേര്‍ന്ന് പാകിസ്ഥാന് പ്രതീക്ഷ നല്‍കി. എന്നാല്‍ റിസ്‌വാന്‍ വീണതിന് പിന്നാലെ ആമേര്‍ ജമാലും(1) നൗമാൻ അലിയും(1) മടങ്ങിയതോടെ 156-8ലേക്ക് കൂപ്പുകുത്തിയ പാകിസ്ഥാനെ ആഗ സല്‍മാന്‍റെയും സാജിദ് ഖാന്‍റെയും(22) ചെറുത്തുനില്‍പ്പ് 200 കടത്തി. ആഗ സല്‍മാനെ ബ്രെയ്ഡന്‍ കാഴ്സും സാജിജ് ഖാനെ മാത്യു പോട്ടും വീഴ്ത്തിയതോടെ പാകിസ്ഥാന്‍റെ രണ്ടാം ഇന്നിംഗ്സ് അവസാനിച്ചു. ഇംഗ്ലണ്ടിനായി ഷൊയ്ബ് ബഷീര്‍ നാലും ജാക് ലീച്ച് മൂന്നും വിക്കറ്റെടുത്തപ്പോള്‍ ബ്രെയ്ഡന്‍ കാഴ്സ് രണ്ട് വിക്കറ്റെടുത്തു. മൂന്നാം ദിനം മാത്രം ഇംഗ്ലണ്ടിന്‍റെ ആറ് വിക്കറ്റുകളും പാകിസ്ഥാന്‍റെ 10 വിക്കറ്റുകളും നിലംപൊത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios