Asianet News MalayalamAsianet News Malayalam

തകർന്നടിഞ്ഞ ഇന്ത്യക്കെതിരെ തകർത്തടിച്ച് കീവീസ് മറുപടി; ബെംഗളൂരു ടെസ്റ്റില്‍ ഇന്ത്യക്കെതിരെ കൂറ്റന്‍ ലീഡിലേക്ക്

ഏഴ് വിക്കറ്റ് കൈയിലിരിക്കെ ന്യൂസിലന്‍ഡിനിപ്പോള്‍ 134 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡുണ്ട്.

India vs New Zealand, 1st Test Day 2 Match Reports, New Zealand gets strong start
Author
First Published Oct 17, 2024, 6:01 PM IST | Last Updated Oct 17, 2024, 6:01 PM IST

ബെംഗളൂരു: ബെംഗളൂരു ക്രിക്കറ്റ് ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്സില്‍ വെറും 46 റണ്‍സിന് പുറത്തായ ഇന്ത്യക്കെതിരെ ന്യൂസിലന്‍ഡ് കൂറ്റന്‍ ലീഡിലേക്ക്. രണ്ടാം ദിനം വെളിച്ചക്കുറവ് മൂലം നേരത്തെ കളി നിര്‍ത്തുമ്പോള്‍ ന്യൂസിലന്‍ഡ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെന്ന ശക്തമായ നിലയിലാണ്. 22 റണ്‍സോടെ രചിന്‍ രവീന്ദ്രയും 14 റണ്‍സുമായി ഡാരില്‍ മിച്ചലും ക്രീസില്‍. 91 റണ്‍സെടുത്ത ഡെവോണ്‍ കോണ്‍വെയാണ് കിവീസിന്‍റെ ടോപ് സ്കോറര്‍. ഏഴ് വിക്കറ്റ് കൈയിലിരിക്കെ ന്യൂസിലന്‍ഡിനിപ്പോള്‍ 134 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡുണ്ട്. ഇന്ത്യക്കായി അശ്വിനും ജഡേജയും കുല്‍ദീപ് യാദവും ഓരോ വിക്കറ്റ് വീഴ്ത്തി.

ഇന്ത്യയുടെ കുഞ്ഞൻ സ്കോര്‍ കിവീസിന്‍റെ സമ്മര്‍ദ്ദമകറ്റിയപ്പോള്‍ ഡെവോണ്‍ കോണ്‍വെ തകര്‍ത്തടിച്ച് തുടങ്ങി. മറുവശത്ത് ക്യാപ്റ്റന്‍ ടോം ലാഥം കരുതലോടെ കളിച്ചപ്പോള്‍ ഏകദിന ശൈലിയിലായിരുന്നു കോണ്‍വെയുടെ ബാറ്റിംഗ്. ഓപ്പണിംഗ് വിക്കറ്റിൽ അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍കത്തി ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോര്‍ മറികടന്ന ലാഥമും കോണ്‍വെയും 67 റൺസെടുത്തശേഷമാണ് വേര്‍പിരിഞ്ഞത്. ലാഥമിനെ മടക്കിയ കുല്‍ദീപ് യാദവാണ് കൂട്ടുകെട്ട് പൊളിച്ചത്.

ബെംഗളൂരു ടെസ്റ്റില്‍ ഇന്ത്യക്ക് അടുത്ത തിരിച്ചടി, 46ന് പുറത്തായതിന് പിന്നാലെ നിര്‍ണായക താരത്തിന് പരിക്ക്

എന്നാല്‍ വില്‍ യങ്ങിനെ കൂട്ടുപിടിച്ച് കോണ്‍വെ ആക്രമണം തുടര്‍ന്നു. അശ്വിനെ സിക്സ് അടിച്ച് 54 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ കോണ്‍വെ ഒരറ്റത്ത് ആക്രമിച്ചപ്പോള്‍ കരുതലോടെയായിരുന്നു വില്‍ യങ്ങിന്‍റെ ബാറ്റിംഗ്. 73 പന്തില്‍ 33 റണ്‍സെടുത്ത വില്‍ യങിനെ വീഴ്ത്തിയ ജഡേജയാണ് ഇന്ത്യക്ക് രണ്ടാമത്തെ ബ്രേക്ക് ത്രൂ നല്‍കിയത്. പിന്നാലെ സെഞ്ചുറിയിലേക്ക് കുതിച്ച കോണ്‍വെയെ അശ്വിന്‍ ക്ലീന്‍ ബൗള്‍ഡാക്കി. 105 പന്തില്‍ 91 റണ്‍സെടുത്ത കോണ്‍വെ മടങ്ങിയതോടെ കിവീസ് തകര്‍ച്ച സ്വപ്നം കണ്ട ഇന്ത്യയെ പ്രതിരോധിച്ച് രചിന്‍ രവീന്ദ്രയും ഡാരില്‍ മിച്ചലും ചേര്‍ന്ന് രണ്ടാം ദിനം അവസാനിപ്പിച്ചു.

നേരത്തെ, ടോസ് നേടിയ ഇന്ത്യ അപ്രതീക്ഷിതമായി ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ബെംഗളൂരുവിനെ മേഘാവൃതമായ അന്തരീക്ഷം പരമാവധി മുതലെടുത്ത കിവീസ് പേസര്‍മാ ഇന്ത്യയെ 46 റണ്‍സില്‍ എറിഞ്ഞിട്ടു. 20 റണ്‍സ് നേടിയ റിഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 13 റണ്‍സ് നേടി യശസ്വി ജയ്‌സ്വാളാണ് രണ്ടക്കം കണ്ട മറ്റൊരു താരം. വിരാട് കോലിയടക്കം അഞ്ച് താരങ്ങള്‍ റണ്‍സെടുക്കാതെ പുറത്തായി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios