Asianet News MalayalamAsianet News Malayalam

ഇന്ത്യയുടെ പരിശീലക സ്ഥാനം: ഗൗതം ഗംഭീറിന് പുതിയ എതിരാളി; രാഹുൽ ദ്രാവിഡിൻ്റെ പിൻഗാമിയെ ഉടനറിയാം

മുന്‍ താരങ്ങളായ അശോക് മല്‍ഹോത്ര, ജതിന്‍ പരഞ്ജ്പെ, സുലക്ഷണ നായിക്ക് എന്നിവരടങ്ങിയ ക്രിക്കറ്റ് ഉപദേശക സമിതി ഗംഭീറുമായി ഇന്ന് സൂമിലൂടെ കൂടിക്കാഴ്ച നടത്തിയിരുന്നു.

fresh competitor for Gautam Gambhir for Indian coach
Author
First Published Jun 18, 2024, 9:31 PM IST

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പരിലകസ്ഥാനത്തേക്ക് ഗൗതം ഗംഭീറിനെ മാത്രം ഇൻ്റർവ്യൂ ചെയ്യൂവെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. എന്നാൽ ഗംഭീറിന് പുതിയ ഏതിരാളിയായെന്നാണ് പുറത്തുവരുന്ന വാർത്തകൾ. മുൻ ക്രിക്കറ്റ് താരം ഡ ബ്ല്യൂ വി രാമനാണ് ഗംഭീറിൻ്റെ എതിരാളി. അദ്ദേഹത്തേയും ഇൻ്റർവ്യൂ നടത്തിയെന്നാണ് വിവരങ്ങൾ. മുന്‍ താരങ്ങളായ അശോക് മല്‍ഹോത്ര, ജതിന്‍ പരഞ്ജ്പെ, സുലക്ഷണ നായിക്ക് എന്നിവരടങ്ങിയ ക്രിക്കറ്റ് ഉപദേശക സമിതി ഗംഭീറുമായി ഇന്ന് സൂമിലൂടെ കൂടിക്കാഴ്ച നടത്തിയിരുന്നു. സെലക്ഷന്‍ കമ്മിറ്റിയില്‍ സലീല്‍ അങ്കോളയുടെ പകരക്കാരനായുള്ള അഭിമുഖവും ഉപദേശക സമിതി ഇന്ന് നടത്തും.

 

മെയ് 27 ആയിരുന്നു പരിശീലകസ്ഥാനത്തേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതിയായി ബിസിസിഐ തീരുമാനിച്ചിരുന്നത്. നൂറു കണക്കിന് വ്യാജ അപേക്ഷകള്‍ വന്നുവെങ്കിലും യോഗ്യതയുള്ളവര്‍ ആരുമില്ലായിരുന്നു. റിക്കി പോണ്ടിംഗ്, സ്റ്റീഫന്‍ ഫ്ലെമിംഗ്, ജസ്റ്റിന്‍ ലാംഗര്‍ തുടങ്ങിയ വിദേശ പരിശീലകരെ തുടക്കത്തില്‍ പരിഗണിച്ചിരുന്നെങ്കിലും വര്‍ഷത്തില്‍ പത്തുമാസത്തോളം ഇന്ത്യൻ ടീമിനൊപ്പം തുടരേണ്ടതിനാല്‍ ഇവരാരും താല്‍പര്യം പ്രകടിപ്പിച്ചില്ല. ഇതിനെത്തുടര്‍ന്ന് ഇന്ത്യന്‍ പരിശീലകനെയാണ് പരിഗണിക്കുന്നതെന്ന് ബിസിസിഐ നിലപാട് മാറ്റി.

 

ദേശീയ ക്രിക്കറ്റ് അക്കാദമി തലവന്‍ വിവിഎസ് ലക്ഷ്മണെ സമീപിച്ചെങ്കിലും ലക്ഷ്മണും താല്‍പര്യം പ്രകടിപ്പിക്കാതിരുന്നതോടെയാണ് ഗൗതം ഗംഭീറിന്‍റെ പേര് പരിശീലക സ്ഥാനത്തേക്ക് ഉയര്‍ന്നുവന്നത്. ഐപിഎല്ലില്‍ ഇത്തവണ കൊല്‍ക്കത്ത മെന്‍ററായി മടങ്ങിയെത്തിയ ഗംഭീര്‍ അവരെ ചാമ്പ്യന്‍മാരാക്കിയതിന് പിന്നാലെ ഇന്ത്യന്‍ പരിശീലകനാവാനുള്ള താല്‍പര്യം പരസ്യമാക്കുകയും ചെയ്തിരുന്നു. പരിശീലക ചുമതല ഏറ്റെടുക്കാൻ ഗംഭീര്‍ ചില ഉപാധികളും മുന്നോട്ടുവെച്ചുവെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുണ്ടായിരുന്നു.

 

അപേക്ഷിക്കുകയാണെങ്കില്‍ തന്നെ പരിശീലകനായി നിയമിക്കണമെന്നും സപ്പോര്‍ട്ട് സ്റ്റാഫ് അംഗങ്ങളായി താന്‍ നിര്‍ദേശിക്കുന്നവരെ തെരഞ്ഞെടുക്കണമെന്നും ആയിരുന്നു ഗംഭീറിന്‍റെ പ്രധാന ഉപാധികള്‍. ഇത് ബിസിസിഐ അംഗീകരിച്ചതോടെയാണ് ഗംഭീര്‍ പരിശീലകനാവാനുള്ള വഴി തുറന്നത്. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ വിരാട് കോലിയുമായി തര്‍ക്കിച്ച് വിവാദത്തിലായിരുന്നെങ്കിലും ഇത്തവണ കൊല്‍ക്കത്ത മെന്‍ററായി തിരിച്ചെത്തിയ ഗംഭീര്‍ കോലിയുമായി സൗഹൃദം പുതുക്കിയിരുന്നു. ഇരുവരും സൗഹൃദസംഭാഷണം നടത്തുന്ന വീഡിയോകള്‍ ഐപിഎല്ലിനിടെ പുറത്തുവരികയും ഗംഭീറുമായി പ്രശ്നങ്ങളൊന്നുമില്ലെന്ന് കോലി പരസ്യമാക്കുകയും ചെയ്തതും ബിസിസിഐയുടെ മുന്‍കൈയിലാണെന്നാമ് സൂചന.

Latest Videos
Follow Us:
Download App:
  • android
  • ios