Asianet News MalayalamAsianet News Malayalam

ഏക ഫേവറൈറ്റുകളെന്ന വീരവാദവും ഹുങ്കും; ഒടുവില്‍ പവനായി ആയി ഓസീസ്! പൊന്നു കമ്മിന്‍സേ ഓര്‍മ്മയുണ്ടോ...

കമ്മിന്‍സിന്‍റെ വീരവാദം, മാര്‍ഷിന്‍റെ വീമ്പിളക്കല്‍; ലോകകപ്പില്‍ മൂക്കുംകുത്തി വീണത് ഓസീസിന്‍റെ അമിത ആത്മവിശ്വാസം

Fans remember Pat Cummins bizarre claim just before T20 WorldCup 2024
Author
First Published Jun 25, 2024, 6:37 PM IST | Last Updated Jun 25, 2024, 6:43 PM IST

സെന്‍റ് വിന്‍സെന്‍റ്: ട്വന്‍റി 20 ലോകകപ്പ് 2024ലെ ഏക ഫേവറൈറ്റുകള്‍ എന്ന വീരവാദവുമായെത്തി സെമി കാണാതെ മടങ്ങിയിരിക്കുകയാണ് 'മൈറ്റി ഓസീസ്'. ആത്മവിശ്വാസത്തിന്‍റെ കൊടുമുടിയിൽ നിന്നാണ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം ടി20 ലോകകപ്പില്‍ വൻപതനത്തിലേക്ക് വീണത്. എതിരാളികളെ വിലകുറച്ച് കണ്ടുള്ള സൂപ്പര്‍താരങ്ങളുടെ അവകാശവാദങ്ങൾ കംഗാരുപ്പടയെ ഒടുവില്‍ പരിഹാസ്യരാക്കുന്നതിനാണ് ക്രിക്കറ്റ് ലോകം സാക്ഷ്യംവഹിച്ചത്. 

'2024 ട്വന്‍റി 20 ലോകകപ്പിലെ ആദ്യ ഫേവറൈറ്റുകള്‍ ഓസീസാണ്, മറ്റാരുണ്ട് എന്നത് ഗൗനിക്കുന്നതേയില്ല'- അഹങ്കാരത്തോളം പോന്ന ആത്മവിശ്വാസമായിരുന്നു ട്വന്‍റി 20 ലോകകപ്പ് 2024ന് മുമ്പ് പേസര്‍ പാറ്റ് കമ്മിൻസിന്‍റെ ഈ വാക്കുകളിൽ. ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ ടീം ഇന്ത്യയെ നിശബ്ദമാക്കുമെന്ന അവകാശവാദം യാഥാർഥ്യമാക്കിയതിന്‍റെ ഹുങ്ക് കമ്മിന്‍സിന്‍റെ ആ വാക്കുകളിലുണ്ടായിരുന്നു. സൂപ്പര്‍ 8ല്‍ ഇന്ത്യയും അഫ്ഗാനും ഉൾപ്പെട്ട ഒന്നാം ഗ്രൂപ്പിൽ എന്ത് വെല്ലുവിളിയെന്ന ധാർഷ്ട്യം ടി20 ലോകകപ്പിനിടെ കങ്കാരുക്കള്‍ പ്രകടിപ്പിച്ചു. എന്നാല്‍ എതിരാളികളെ വിലകുറച്ച് കണ്ട ഓസ്ട്രേലിയയെ ആദ്യം താഴെയിറക്കി അഫ്ഗാനിസ്ഥാന്‍ ചുട്ട മറുപടി കൊടുത്തു. അഫ്‌ഗാനോട് തോറ്റിട്ടും ടീം ഇന്ത്യയെ നിസ്സാരവത്കരിച്ച് നായകൻ മിച്ചൽ മാർഷിന്‍റെ വീമ്പിളക്കലും പിന്നാലെ കണ്ടു. എന്നാല്‍ ഹിറ്റ്മാന്‍റെ സൂപ്പ‍ർ ഹിറ്റ് ഇന്നിംഗ്സിലൂടെ നീലപ്പട പ്രതികാരം ചെയ്തപ്പോള്‍ ടി20 ലോകകപ്പില്‍ മൈറ്റി ഓസീസിന്‍റെ സെമി സാധ്യത തുലാസിലായി.

ട്വന്‍റി 20 ലോകകപ്പ് 2024ല്‍ സൂപ്പര്‍ എട്ട് കടന്ന് സെമിയിലെത്താന്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്‍റെ കാരുണ്യം പ്രതീക്ഷിച്ച് ഒരു ദിവസം കൂടി വെസ്റ്റ് ഇൻഡീസിൽ തങ്ങിയ ഓസീസിന് അഫ്‌ഗാന്‍-ബംഗ്ലാ മത്സര ഫലത്തോടെ തലതാഴ്ത്തി മടങ്ങേണ്ടിവന്നു. ബംഗ്ലാദേശിനെ വീഴ്ത്തിയ അഫ്‌ഗാന്‍ ടീം ഇന്ത്യക്ക് പുറമെ സൂപ്പര്‍ എട്ടിലെ ഗ്രൂപ്പ് 1ല്‍ നിന്ന് സെമിയിലെത്തി. ഇതോടെ ലോകകപ്പില്‍ നിന്ന് ഓസ്ട്രേലിയ പുറത്താവുകയായിരുന്നു. ബംഗ്ലാദേശിനും സെമിയിലെത്താനായില്ല. ഏകദിനത്തിൽ ആറ് തവണ വിശ്വവിജയികളായ ഓസ്ട്രേലിയക്ക് ട്വന്‍റി 20യിലെ 9 ലോകകപ്പുകളിലായി ആകെയുള്ളത് ഒരു കിരീടം മാത്രമായി തുടരും.

Read more: ഓസീസ് കുപ്പായത്തില്‍ 'ആകാശ പഞ്ച്' ഇനിയില്ല; ഡേവിഡ് വാര്‍ണര്‍ വിരമിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios