50 അടിച്ചശേഷം കാര്‍ഗില്‍ യുദ്ധവീരനായ അച്ഛന് ബിഗ് സല്യൂട്ട്, ധോണിയുടെ പിന്‍ഗാമിയെത്തിയെന്ന് ഗവാസ്കര്‍

അര്‍ഹിച്ച സെഞ്ചുറിക്ക് 10 റണ്‍സകലെ വീണെങ്കിലും വാലറ്റക്കാര്‍ക്കൊപ്പം ബാറ്റ് ചെയ്ത് ഇംഗ്ലണ്ട് ലീഡ് 50ല്‍ താഴെ എത്തിച്ച ധ്രുവ് ജുറെലിന്‍റെ ബാറ്റിംഗ് കണ്ട് ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം സുനില്‍ ഗവാസ്കര്‍ കമന്‍ററിയില്‍ പറഞ്ഞത് ജുറെലിന്‍റെ ബാറ്റിംഗ് എം എസ് ധോണിയെ അനുസ്മരിപ്പിക്കുന്നുവെന്നതായിരുന്നു.

Dhruv Jurel big salute to his father former Kargil war veteran after first test fift vs England

ലഖ്നൗ: ഇംഗ്ലണ്ടിനെതിരായ റാഞ്ചി ക്രിക്കറ്റ് ടെസ്റ്റില്‍ 90 റണ്‍സടിച്ച് സെഞ്ചുറിയേക്കാള്‍ വിലയേറിയ ഇന്നിംഗ്സുമായി ഇന്ത്യയെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ധ്രുവ് ജുറെലിന് കൈയടിച്ച് ക്രിക്കറ്റ് ലോകം. തന്‍‍റെ രണ്ടാം ടെസ്റ്റില്‍ തന്നെ ഫിഫ്റ്റിയടിച്ചശേഷം ധ്രുവ് ജുറെല്‍ സല്യൂട്ട് അടിച്ചാണ് അര്‍ധസെഞ്ചുറി ആഘോഷിച്ചത്. കാര്‍ഗില്‍ യുദ്ധവീരനായ അച്ഛന്‍ നേം ചന്ദിന് സല്യൂട്ട് അടിച്ചായിരുന്നു ധ്രുവിന്‍റെ അര്‍ധസെഞ്ചുറി ആഘോഷം.

അര്‍ഹിച്ച സെഞ്ചുറിക്ക് 10 റണ്‍സകലെ വീണെങ്കിലും വാലറ്റക്കാര്‍ക്കൊപ്പം ബാറ്റ് ചെയ്ത് ഇംഗ്ലണ്ട് ലീഡ് 50ല്‍ താഴെ എത്തിച്ച ധ്രുവ് ജുറെലിന്‍റെ ബാറ്റിംഗ് കണ്ട് ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം സുനില്‍ ഗവാസ്കര്‍ കമന്‍ററിയില്‍ പറഞ്ഞത് ജുറെലിന്‍റെ ബാറ്റിംഗ് എം എസ് ധോണിയെ അനുസ്മരിപ്പിക്കുന്നുവെന്നതായിരുന്നു.

കഴിഞ്ഞ ഐപിഎല്‍ ലേലത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ജോസ് ബട്‌ലറും നായകന്‍ സഞ്ജു സാംസണുമുള്ള ടീമിലേക്ക് വിക്കറ്റ് കീപ്പറായി ധ്രുവ് ജുറെല്‍ എന്ന 21കാരനെ ടീമിലെത്തിച്ചപ്പോള്‍ എണ്ണം തികക്കാനൊരാള്‍ എന്നതായിരുന്നു ആരാധകര്‍ പോലും കരുതിയത്. അടിസ്ഥാന വിലയായ 20 ലക്ഷം രൂപക്ക് ടീമിലെത്തിയ ജുറെലിന് രാജസ്ഥാന്‍ നിരയില്‍ അവസരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചവര്‍ പോലും ചുരുക്കം.

ധ്രുവ് ജൂറെലിന്‍റെ വീരോചിത പോരാട്ടം; ഇംഗ്ലണ്ട് ലീഡ് 46ല്‍ ഒതുക്കി ഇന്ത്യ, ഷൊയ്ബ് ബഷീറിന് 5 വിക്കറ്റ്

എന്നാല്‍ റിയാന്‍ പരാഗിന്‍റെ മങ്ങിയ ഫോം ജുറെലിന് ആദ്യ സീസണില്‍ തന്നെ പ്ലേയിംഗ് ഇലവനില്‍ അരങ്ങേറാന്‍ ജുറെലിന് അവസരം നല്‍കി. പഞ്ചാബ് കിംഗ്സിനെതിരെ അവസാന ഓവറില്‍ രാജസ്ഥാന്‍ കളി ജയിച്ചപ്പോള്‍ 4 പന്തില്‍ 10 റണ്‍സെടുത്ത് പുറത്താകാതെ നിന്ന് കളി ഫിനിഷ് ചെയ്ത ജുറെല്‍ അരങ്ങേറ്റം മോശമാക്കിയില്ല. ഇതോടെ ഫിനിഷറെന്ന നിലയില്‍ റിയാന്‍ പരാഗിനെക്കാള്‍ ആശ്രയിക്കാവുന്ന ബാറ്ററായി രാജസ്ഥാന്‍ ജുറെലിനെ കാണാന്‍ തുടങ്ങി.

വിരാട് കോടിലുടെ ആര്‍സിബിക്കെതിരെ 16 പന്തില്‍ 34 റണ്‍സടിച്ച ജുറെലിന്‍റെ പ്രകടനത്തിലും രാജസ്ഥാന്‍ ഏഴ് റണ്‍സിന് തോറ്റെങ്കിലും പ്ലേയിംഗ് ഇലവനിലെ സ്ഥാനം ഉറപ്പാക്കാന്‍ ഈ പ്രകടനം കൊണ്ടായി. ഐപിഎല്ലിന് പിന്നാലെ ആഭ്യന്തര ക്രിക്കറ്റിലും എ ടീമിനായും നടത്തിയ ശ്രദ്ധേയ പ്രകടനങ്ങള്‍ക്ക് പിന്നാലെ ഇന്ത്യൻ ടെസ്റ്റ് ടീമിലേക്കുള്ള വിളിയും 22കാരനെ തേടിയെത്തുമ്പോള്‍ അതിന് പിന്നില്‍ കഷ്ടപാടിന്‍റെ പിച്ചില്‍ ബാറ്റേന്തിയ കഥയേറെയുണ്ട്.

അച്ഛന്‍റെ എതിര്‍പ്പ് അമ്മയുടെ പിന്തുണ

ചെറുപ്പത്തില്‍ സ്കൂളിലെ നീന്തല്‍ ക്ലാസിന് പോകുകയാണെന്ന് അച്ഛനോട് കള്ളം പറഞ്ഞ് ക്രിക്കറ്റ് അക്കാദമിയില്‍ ചേര്‍ന്ന ജുറെല്‍ അതിന് ഇന്ത്യൻ ആര്‍മിയില്‍ ഹവീല്‍ദാറായിരുന്ന പിതാവില്‍ നിന്ന് ശകാരം ഏറ്റുവാങ്ങി. ആഗ്രയില്‍ നിന്ന് നോയ്ഡയിലെ ഫൂല്‍ചന്ദിന്‍റെ ക്രിക്കറ്റ് അക്കാദമിയിലേക്ക് തനിയെ എത്തിയ ജുറെലിനെ കണ്ട് പരിശീലകന്‍ ആദ്യമൊന്ന് അമ്പരന്നു. എന്നെ നിങ്ങളുടെ അക്കാദമിയില്‍ എടുക്കുമോ എന്നു മാത്രമായിരുന്നു ധ്രുവ് ജുറെലിന്‍റെ ചോദ്യം.

ഒടുവില്‍ മകന്‍റെ ക്രിക്കറ്റ് കമ്പം തിരിച്ചറിഞ്ഞ പിതാവ് അവനൊരു ബാറ്റ് വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ സാമ്പത്തിക പരാധീനതകള്‍ ഏറെയുള്ള സമയത്ത് അത് വാങ്ങിക്കൊടുക്കാന്‍ അദ്ദേഹത്തിന്‍റെ കൈയില്‍ പണമില്ലായിരുന്നു. ഒടുവില്‍ സുഹൃത്തുക്കളുടെ കൈയില്‍ നിന്ന് കടം വാങ്ങിയ 800 രൂപകൊണ്ട് ബാറ്റ് വാങ്ങിക്കൊടുത്തു. ഹവീല്‍ദാറായിരുന്ന അച്ഛന്‍ തന്‍റെ മേലുദ്യോഗസ്ഥര്‍ക്ക് മുന്നില്‍ സല്യുട്ട് ചെയ്ത് നില്‍ക്കുന്നത് കാണാന്‍ ജുറെല്‍ ഒരിക്കലും ഇഷ്ടപ്പെട്ടില്ല.

താന്‍ വലിയ ക്രിക്കറ്റ് താരമായാല്‍  അച്ഛന്‍ ഇനിയാരുടെ മുന്നിലും സല്യൂട്ട് ചെയ്യേണ്ടിവരില്ലെന്ന് ജൂറെല്‍ മനസിലുറപ്പിച്ചു. ആദ്യകാലത്തൊക്കെ അച്ഛന്‍ സര്‍ക്കാര്‍ ജോലിക്കായി ശ്രമിക്കാന്‍ പറഞ്ഞ് നിര്‍ബന്ധിക്കുമായിരുന്നെങ്കിലും ജുറെലിന്‍റെ ക്രിക്കറ്റ് കമ്പം കണ്ട് ഒടുവില്‍ ആ പറച്ചില്‍ നിര്‍ത്തി. ക്രിക്കറ്റ് പരിശീലനവുമായി മുന്നോട്ടുപോയെ ജുറെല്‍ ഒരിക്കല്‍ ക്രിക്കറ്റ് കിറ്റ് വാങ്ങിത്തരണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അത് വാങ്ങിക്കൊടുക്കാനും പിതാവിന്‍റെ കൈയില്‍ പണമില്ലായിരുന്നു. 8000 രൂപയോളം വരുന്ന ക്രിക്കറ്റ് കിറ്റൊന്നും വാങ്ങാന്‍ പൈസയില്ലെന്നും ക്രിക്കറ്റൊക്കെ നിര്‍ത്തി ജോലി നേടാനുമാണ് അച്ഛന്‍ ജുറെലിനെ ഉപദേശിച്ചത്.

അവനെ ഒഴിവാക്കിയത് ഇന്ത്യയുടെ ആന മണ്ടത്തരം, ഇല്ലായിരുന്നെങ്കിൽ ഇംഗ്ലണ്ട് വെള്ളം കുടിച്ചേനെയെന്ന് ബ്രോഡ്

ആ സമയത്താണ് അമ്മ തന്‍റെ സ്വര്‍ണമാല വിറ്റ് കിറ്റ് വാങ്ങിച്ചോളാന്‍ ജുറെലിനോട് പറയുന്നത്.അങ്ങനെ ജുറെല്‍ ആദ്യമായി ഒരു ക്രിക്കറ്റ് കിറ്റ് സ്വന്തമാക്കി. സ്ഥിരതയാര്‍ന്ന പ്രകടനങ്ങളിലൂടെ യുപിയുടെ അണ്ടര്‍ 14, അണ്ടര്‍ 16 ടീമിലെത്തിയ ജുറെല്‍ ഇന്ത്യയുടെ അണ്ടര്‍ 19 ലോകകപ്പ് ടീമിലും കളിച്ചു. ലോകകപ്പില്‍ കളിച്ച് കിട്ടിയ പണം കൊണ്ട് വീട്ടില്‍ സ്വന്തമായൊരു ജിം ഉണ്ടാക്കി. കഴിഞ്ഞ വര്‍ഷം യുപി രഞ്ജി ടീമിലെത്തി. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിലെത്തിയതോടെ ശ്രദ്ധേയനായ ജുറെല്‍ ഒടുവില്‍ ഇന്ത്യൻ ടെസ്റ്റ് ടീമിലുമെത്തി. ഇപ്പോഴിതാ ഇന്ത്യയെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റിയ ഇന്നിംഗ്സിലൂടെ രക്ഷകനുമായിരിക്കുന്നു ഈ സൈനികന്‍റെ മകന്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios