'അനാവശ്യമായിരുന്നു ആ ഷോട്ട്'; ഹസരങ്കയ്ക്ക് മുന്നില്‍ വീണ്ടും സഞ്ജു വീണു! താരത്തിന് ട്രോള്‍, വിമര്‍ശനം
മറ്റൊരു താരം കൂടി സഞ്ജുവിനെ അഞ്ച് തവണ പുറത്താക്കിയിട്ടുണ്ട്. മറ്റാമരുമല്ല, ഇന്ന് സഞ്ജു നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സില്‍ അംഗമായ യൂസ്‌വേന്ദ്ര ചാഹല്‍. ഇതിനിടെ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരങ്ങളുടെ പട്ടികയില്‍ ഹസരങ്ക നാലാമതെത്തി.
പൂനെ: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ നന്നായി തുടങ്ങിയ ശേഷമാണ് രാജസ്ഥാന്‍ റോയല്‍സ് (Rajasthan Royals) ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (Sanju Samson) പുറത്താകുന്നത്. നാലാമനായി ക്രീസിലെത്തിയ സഞ്ജു 21 പന്തില്‍ 27 റണ്‍സാണ് നേടിയത്. ഇതില്‍ മൂന്ന് സിക്‌സും ഒരു ഫോറും ഉള്‍പ്പെടും. എന്നാല്‍ വാനിന്ദു ഹസരങ്കയുടെ (Wanindu Hasranga) പന്തില്‍ ഒരിക്കല്‍ കൂടി സഞ്ജു പുറത്തായി. ശ്രീലങ്കന്‍ താരത്തെ റിവേഴ്‌സ് സ്വീപ് ചെയ്യാനുള്ള ശ്രമത്തില്‍ സഞ്ജു മടങ്ങുകയായിരുന്നു.
ഇതോടെ സഞ്ജുവിനെതിരെ ഹസരങ്കയുടെ ആധിപത്യം തുടരുന്നുവെന്നുള്ള കാര്യം വ്യക്തമായി. ഈ സീസണില്‍ രണ്ടാം തവണയാണ് സഞ്ജു ഹസരങ്കയ്ക്ക് മുന്നില്‍ കീഴടങ്ങുന്നത്. ടി20 ക്രിക്കറ്റില്‍ അഞ്ചാം തവണയും. ആറ് ഇന്നിംഗ്‌സുകളില്‍ ഒന്നാകെ ഇരുവര്‍ക്കും നേര്‍ക്കുനേര്‍ വന്നു. എന്നാല്‍ അഞ്ച് തവണയും സഞ്ജുവിനെ പുറത്താക്കാന്‍ ഹസരങ്കയ്ക്കായി. ഹസരങ്കയുടെ 23 പന്തുകളാണ് സഞ്ജു നേരിട്ടത്. നേടാനായാത് 18 റണ്‍സ് മാത്രം.
മറ്റൊരു താരം കൂടി സഞ്ജുവിനെ അഞ്ച് തവണ പുറത്താക്കിയിട്ടുണ്ട്. മറ്റാമരുമല്ല, ഇന്ന് സഞ്ജു നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സില്‍ അംഗമായ യൂസ്‌വേന്ദ്ര ചാഹല്‍. ഇതിനിടെ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരങ്ങളുടെ പട്ടികയില്‍ ഹസരങ്ക നാലാമതെത്തി. ഒമ്പത് മത്സരങ്ങളില്‍ 13 വിക്കറ്റാണ് ഹസരങ്കയുടെ അക്കൗണ്ടിലുള്ളത്. ആര്‍സിബിക്കെതിരായ മത്സരം തുടങ്ങുന്നതിന് മുമ്പ് 18 വിക്കറ്റ് സ്വന്തമാക്കിയ യൂസ്‌വേന്ദ്ര ചാഹലാണ് ഒന്നാമന്‍. ടി നടരാജന്‍ (15), ഡ്വെയ്ന്‍ ബ്രാവോ (14) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
അതേസമയം സോഷ്യല്‍ മീഡിയയില്‍ കാര്യങ്ങള്‍ സഞ്ജുവിനെതിരെയാണ്. ഇന്ന് പുറത്തായ രീതിയാണ് ആരാധകരെ ചൊടിപ്പിച്ചത്. അനവശ്യമായ ഷോട്ടായിരുന്നു സഞ്ജുവിന്റേതെന്നാണ് മിക്കവരും പറയുന്നത്. ഹസരങ്കയെറിഞ്ഞ തൊട്ടുമുമ്പുള്ള പന്തില്‍ സഞ്ജു റിവേഴ്‌സ് സ്വീപ്പിന് ശ്രമിച്ച് പരാജയപ്പെട്ടതാണ്. എന്നിട്ടും തൊട്ടടുത്ത പന്തിലും അതേ ഷോട്ടിന് ശ്രമിക്കരുതെന്നായിരുന്നു ആരാധകരുടെ പക്ഷം. നിരുത്തരവാദിത്തമാണ് സഞ്ജു കാണിച്ചതെന്നാണ് ആരാധകര്‍ പറയുന്നത്.
എന്തായാലും മത്സരത്തില്‍ തകര്‍പ്പന്‍ തിരിച്ചുവരവാണ് രാജസ്ഥാന്‍ നടത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗ് ആരംഭിച്ച ആര്‍സിബി ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 10 ഓവറില്‍ നാലി 58 എന്ന നിലയിലാണ്. വിരാട് കോലി (9), ഫാഫ് ഡു പ്ലെസിസ് (23), ഗ്ലെന്‍ മാക്‌സ്‌വെല്‍ (0), രജത് പടിദാര്‍ (16) എന്നിവരാണ് പുറത്തായത്. കുല്‍ദീപ് സെന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.