ഉമ്രാന്റെ തീയുണ്ടകളില്‍ അമ്പരന്ന് ക്രിക്കറ്റ് ലോകം; പ്രമുഖരുടെ വാഴ്ത്തല്‍, ലോകകപ്പ് ടീമില്‍ വേണമെന്ന് ആവശ്യം
അഞ്ച് വിക്കറ്റുകളില്‍ നാലും ബൗള്‍ഡായിരുന്നു. ഡേവിഡ് മില്ലര്‍, വൃദ്ധിമാന്‍ സാഹ, ശുഭ്മാന്‍ ഗില്‍, അഭിനവ് മനോഹര്‍ എന്നിവരെയാണ് താരം ഉമ്രാന്‍ ബൗള്‍ഡാക്കിയത്.
മുംബൈ: ഐപിഎല്‍ (IPL 2022) ലോകം മുഴുവന്‍ ഇന്ത്യന്‍ പേസ് സെന്‍സേഷന്‍ ഉമ്രാന്‍ മാലിക്കിനെ (Umran Malik) കുറിച്ച് സംസാരിക്കുകയാണ്. വേഗംകൊണ്ട് അമ്പരപ്പിക്കുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (Sunrisers Hyderabad) താരത്തെ പുകഴ്ത്തുന്ന തിരക്കിലാണ് ക്രിക്കറ്റ് ലോകം. കഴിഞ്ഞ ദിവസം ഗുജറാത്ത് ടൈറ്റന്‍സിനെതിരായ (Gujarat Titans) മത്സരത്തില്‍ അഞ്ച് വിക്കറ്റാണ് താരം വീഴ്ത്തിയത്. വിട്ടുകൊടുത്തതാവട്ടെ 25 റണ്‍സ് മാത്രം.
അഞ്ച് വിക്കറ്റുകളില്‍ നാലും ബൗള്‍ഡായിരുന്നു. ഡേവിഡ് മില്ലര്‍, വൃദ്ധിമാന്‍ സാഹ, ശുഭ്മാന്‍ ഗില്‍, അഭിനവ് മനോഹര്‍ എന്നിവരെയാണ് താരം ഉമ്രാന്‍ ബൗള്‍ഡാക്കിയത്. ഇതില്‍ സാഹയെ പുറത്താക്കിയ യോര്‍ക്കറിന്റെ വേഗം മണിക്കൂറില്‍ 153 കിലോ മീറ്ററായിരുന്നു.
അഞ്ച് വിക്കറ്റ് പ്രകടനത്തോടെ ദേശീയ ടീമിലെടുക്കണമെന്ന് വാദിക്കുന്നവരുണ്ട്. ജമ്മുവില്‍ നിന്നുള്ള പേസര്‍ വരവറിയിച്ചിരിക്കുകയാണെന്നാണ് സോഷ്യല്‍ മീഡിയയിലെ സംസാരം.
മത്സരം കഴിഞ്ഞയുടനെ സണ്‍റൈസേഴ്‌സില്‍ ഉമ്രാന്റെ സഹതാരം വാഷിംഗ്ടണ്‍ സുന്ദര്‍ അഭിനന്ദന കുറിപ്പുമായെത്തി. താരത്തിന്റെ അര്‍പ്പണബോധത്തെ കുറിച്ചും സ്പീഡിനെ കുറിച്ചുമാണ് വാഷിംഗ്ടണ്‍ കുറിച്ചിട്ടത്.
ലോക ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ സ്റ്റാര്‍ ഉമ്രാനായിരിക്കുമെന്ന് പ്രമുഖ സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റ് വിക്രാന്ത് ഗുപ്ത അഭിപ്രായപ്പെട്ടു.
ഒരുപടി കടന്നാണ് ക്രിക്കറ്റ് കമന്റേറ്റര്‍ ഹര്‍ഷാ ഭോഗ്ലെ ചിന്തിച്ചത്. ജമ്മുവിലേക്ക് കൂടുതല്‍ സ്‌കൗട്ടിനെ അയക്കൂവെന്നും ഉമ്രാനെ പോലെ കഴിവുള്ള കൂടുതല്‍ താരങ്ങളെ കണ്ടെത്താന്‍ കഴിയുമെന്നും ഹര്‍ഷ ട്വീറ്റ് ചെയ്തു.
ഉമ്രാന്റെ വരവാണ് ഈ ഐപിഎല്ലിന്റെ സവിശേഷതയെന്ന് മുന്‍ ഇന്ത്യന്‍ താരം വസിം ജാഫര്‍ കുറിച്ചിട്ടു. താരത്തിന്റെ കുറിപ്പ് കാണാം.
മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗും ഉമ്രാനെ കുറിച്ചെഴുതി. ഉമ്രാന്‍ ഉദിക്കുകയാണെന്ന് ഹര്‍ഭജന്‍ ട്വിറ്ററില്‍ കുറിച്ചിട്ടു.
ഉമ്രാന്റെ പ്രകടനത്തിന് രാഷ്ട്രീയത്തില്‍ നിന്നുപോലും പിന്തുണ എത്തുകയാണ്. മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരമാണ് ഇന്നലെ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഉമ്രാന്‍ നടത്തിയ പ്രകടനത്തിന് പിന്നാലെ ഉമ്രാനെ അഭിനന്ദിച്ച് ആദ്യം രംഗത്തെത്തിയവരില്‍ ഒരാള്‍. ഉമ്രാന്‍ മാലിക്ക് എന്ന കൊടുങ്കാറ്റ് അവനെതിരെ വരുന്ന എല്ലാറ്റിനെയും തച്ചുതകര്‍ത്ത് മുന്നേറുകയാണ്. അയാളുടെ വേഗലും കൃത്യതയും നിലനിര്‍ത്തേണ്ടതുണ്ട്. ഇന്നലെത്ത പ്രകടനത്തോടെ നിസംശയം പറയാം, അയാള്‍ ഐപിഎല്ലിന്റെ കണ്ടെത്തലാണെന്ന്. ബിസിസിഐ അടിയന്തിരമായി ചെയ്യേണ്ടത് അവന് മാത്രമായി ഒരു പരിശീലകനെ കൊടുക്കുകയും അവനെ എത്രയും വേഗം ഇന്ത്യന്‍ ടീമിലെടുക്കുകയുമാണ്-ചിദംബരം ട്വിറ്ററില്‍ കുറിച്ചു.
ഉമ്രാന്റെ പ്രകടനത്തില്‍ ഹൈദരാബാദ് ബൗളിംഗ് പരിശീലകന്‍ ഡെയ്ല്‍ സ്റ്റെയ്‌നിന് വ്യക്തമായ പങ്കുണ്ട്. ഉമ്രാന്‍ വിക്കറ്റ് നേടുമ്പോഴെല്ലാം സ്‌റ്റെയ്‌നിന്റെ മുഖം സ്‌ക്രീനില്‍ കാണിക്കുന്നുണ്ടായിരുന്നു. സ്‌റ്റെയ്‌നുമായി ബന്ധപ്പെടുത്തിവന്ന ചില ട്വീറ്റുകള്‍ വായിക്കാം...